കഴിഞ്ഞ സീസണിലെ ബാഴ്‌സലോണയുടെ കനത്ത തോൽവികൾക്ക് ഒരു ബലിയാട് വേണ്ടിയിരുന്നു. സ്പാനിഷ് താരങ്ങളാവുമ്പോൾ അതിനൊരു കനമില്ല. ലിയണൽ മെസ്സിയെ ഒഴിവാക്കുന്നത് ആരാധകർ അംഗീകരിക്കുകയുമില്ല. അങ്ങനെയാണ് ലൂയിസ് സോറസ് ബാഴ്‌സലോണയിൽ നിന്ന് പുറത്താവുന്നത്. സോറസോ ഗാരെത് ബെയ്‌ലോ ഇല്ലാതെയാവും ഈ മാസം 25 ന് പുതിയ സീസണിലെ ആദ്യ എൽ ക്ലാസിക്കൊ അരങ്ങേറുക.
ആറു വർഷത്തോളം സോറസ് ബാഴ്‌സലോണയുടെ ജഴ്‌സിയിട്ടു. 198 തവണ അവർക്കു വേണ്ടി ലക്ഷ്യം കണ്ടു. ബാഴ്‌സലോണയുടെ ചരിത്രത്തിൽ രണ്ടു പേർ മാത്രമേ സോറസിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടുള്ളൂ. ഒന്ന് ലിയണൽ മെസ്സിയാണ്. മെസ്സിയെ ഒഴിവാക്കാൻ ബാഴ്‌സലോണക്കു സാധിക്കില്ല. ക്ലബ്ബിലും കളിക്കാരിലും മെസ്സിക്കുള്ള സ്വാധീനം കുറക്കാൻ മാത്രമേ പുതിയ കോച്ച് റോണൾഡ് കൂമനും പ്രസിഡന്റ് ജോസപ് ബർതോമിയോക്കും സാധിക്കുമായിരുന്നുള്ളൂ. അതിന് സോറസിനെ ഒഴിവാക്കേണ്ടിയിരുന്നു.
ആഴ്ചകളോളം ബാഴ്‌സലോണാ ബോർഡ് സോറസിനെ അനിശ്ചിതത്വത്തിൽ നിർത്തി. കരാർ നീട്ടുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാനോ ട്രാൻസ്ഫർ വിഷയത്തിൽ വ്യക്തത നൽകാനോ തയാറായില്ല. കളിക്കളത്തിൽ സോറസിന്റെ വേഗം കുറഞ്ഞെന്നും കളത്തിനു പുറത്ത് അന്തച്ഛിദ്രം വളർത്തുന്നുവെന്നും പ്രചരിപ്പിച്ചു.
ഒടുവിൽ അത്‌ലറ്റിക്കൊ മഡ്രീഡ് ഉറുഗ്വായ്ക്കാരന്റെ രക്ഷക്കെത്തുകയായിരുന്നു. 60 ലക്ഷം യൂറോയുടെ കരാറിൽ സോറസിന്റെ സേവനം അവർ ഉറപ്പിച്ചു. ബാഴ്‌സലോണയിൽ തുടരാൻ തയാറാണെന്നും സർവം സമർപ്പിക്കാമെന്നും സോറസ് പലതവണ സൂചിപ്പിച്ചിരുന്നു. പക്ഷെ ബാഴ്‌സലോണ പ്രതിസന്ധിയിലായിരുന്നു, അവർക്ക് പണം ആവശ്യമായിരുന്നു.
അതുവഴി അവർ മെസ്സിയുടെ ചിറകരിഞ്ഞു. മെസ്സി തന്റെ അസംതൃപ്തി മറച്ചുവെച്ചില്ല. വൈകാരികമായിരുന്നു ഇരുവരുടെയും വിടവാങ്ങൽ. 86 ഗോളുകളാണ് ഇരുവരും പരസ്പര സഹകരണത്തോടെ അടിച്ചത്. സോറസിന് ബാഴ്‌സലോണ നൽകിയ അനുചിതമായ വിടവാങ്ങലിനെ പരസ്യമായി മെസ്സി വിമർശിച്ചു.
സോറസിനു പുറമെ മെസ്സിയും അത്‌ലറ്റിക്കോയിലെത്തുമെന്ന് ചിലരെങ്കിലും സ്വപ്‌നം കാണുന്നുണ്ട്. മെസ്സിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി അപൂർവം ക്ലബ്ബുകൾക്കേയുള്ളൂ. പി.എസ്.ജിക്കോ മാഞ്ചസ്റ്റർ സിറ്റിക്കോ ഒക്കെ. അതിനാൽ സ്പാനിഷ് ലീഗിൽ ഇരുവരും വൈകാതെ മുഖാമുഖം വരും.