Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വല കെട്ടാത്ത ഓർമകൾ

സുവർണ നിമിഷം... ടഫറേൽ 1994 ലെ ലോകകപ്പ് ഫൈനലിലെ ഷൂട്ടൗട്ടിന് ശേഷം. ബാജിയോയുടെ അവസാന കിക്ക് പാഴാവുകയായിരുന്നു.

മറഡോണയെയും മെസ്സിയെയും നെയ്മാറിനെയും കുറിച്ച് മുൻ ബ്രസീൽ ഗോളി ക്ലോഡിയൊ ടഫറേലിന്റെ വെളിപ്പെടുത്തൽ...

പെനാൽട്ടി ഷൂട്ടൗട്ടാണോ ഒരു ഫുട്‌ബോളർ തന്റെ കരിയറിൽ അനുഭവിക്കുന്ന ഏറ്റവും പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങൾ? -ഒരു മാധ്യമപ്രവർത്തകൻ ഒരിക്കൽ റൊമാരിയോയോട് ചോദിച്ചു. ആയിരിക്കാം. എന്നാൽ ടഫറേൽ വലക്കു മുന്നിലുണ്ടെങ്കിൽ അത് ബീച്ചിൽ കളിക്കാൻ പോവുന്നതു പോലെ രസകരമാണ് എന്നായിരുന്നു റൊമാരിയോയുടെ മറുപടി. പെനാൽട്ടി അടിക്കുന്നതു പോലെ അനായാസമായി പലതവണ ടഫറേൽ പെനാൽട്ടികൾ രക്ഷിച്ചു. 1988 ലെ സോൾ ഒളിംപിക്‌സിൽ പശ്ചിമജർമനിക്കെതിരെ മൂന്നു പെനാൽട്ടികൾ ടഫറേൽ തടഞ്ഞു. 1998 ലെ ലോകകപ്പ് സെമി ഫൈനലിൽ നെതർലാന്റ്‌സിന്റെ രണ്ട് പെനാൽട്ടികൾ രക്ഷിച്ചു. എന്നാൽ ടഫറേലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പെനാൽട്ടി റോസ്ബൗൾ സ്‌റ്റേഡിയത്തിൽ 94,000 കാണികൾക്കു മുന്നിലായിരുന്നു. 1994 ലെ ലോകകപ്പ് ഫൈനലിൽ. ഒരു ഗോളിയെ സംബന്ധിച്ചിടത്തോളം 1.84 മീറ്റർ വലിയ ഉയരമല്ല. ഇറ്റലിയുടെ ഡാനിയേൽ മസാറോയുടെ ഷോട്ട് തടുക്കാൻ മുഴുനീളമാണ് ടഫറേൽ ചാടിയത്. ഫ്രാങ്കൊ ബറേസിയുടെയും റോബർടൊ ബാജിയോയുടെയും കിക്കുകൾ പുറത്തേക്കു പോവാൻ കാരണവും ടറഫേലിന്റെ കഴിവിനെക്കുറിച്ച ഭയമായിരുന്നു. ഇപ്പോൾ തുർക്കി ക്ലബ് ഗലതസറായിയുടെയും ബ്രസീലിന്റെയും ഗോൾകീപ്പിംഗ് കോച്ചായ അമ്പത്തെട്ടുകാരനുമായി ഫിഫ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം...

ചോ: കുട്ടിക്കാലത്ത് വോളിബോളാണ് കളിച്ചിരുന്നത്. എങ്ങനെയാണ് ഫുട്‌ബോളിലെത്തിയത്?
ടഫറേൽ: വോളിബോളായിരുന്നു എനിക്ക് പ്രിയപ്പെട്ട കളി. നല്ല കളിക്കാരനായിരുന്നു. ദിനേനയെന്നോണം കളിച്ചിരുന്നു. വല്ലപ്പോഴും ചങ്ങാതിമാരുമായി കളിക്കുന്നതാണ് ഫുട്‌ബോൾ. പ്രൊഫഷനൽ വോളിബോൾ കളിക്കാൻ അവസരം കിട്ടിയിരുന്നുവെങ്കിൽ സ്വീകരിച്ചേനേ. പക്ഷെ ഫുട്‌ബോളിലായിരുന്നു സാധ്യതകൾ. തിരിഞ്ഞുനോക്കുമ്പോൾ വോളിബോൾ കളിക്കാൻ അവസരം കിട്ടാതിരുന്നത് ഗുണമായി തോന്നുന്നു. 1.82 മീറ്റർ മാത്രം ഉയരമുള്ള എനിക്ക് വോളിബോളിൽ തിളങ്ങാൻ സാധ്യത കുറവായിരുന്നു. പതിനെട്ടാം വയസ്സ് മുതലാണ് ഗൗവരമായി ഫുട്‌ബോൾ കളിച്ചു തുടങ്ങുന്നത്. ശരിക്കും ഏറെ വൈകിയുള്ള തുടക്കമായിരുന്നു അത്. ഇന്റർനാഷനാൽ ക്ലബ്ബിൽ ട്രയൽസിന് പോയി. തെരഞ്ഞെടുക്കപ്പെട്ടു. നല്ലൊരു ഗോൾകീപ്പിംഗ് കോച്ചിനെ കിട്ടി എന്നതാണ് എന്റെ ഭാഗ്യം. പാരഗ്വായ്ക്കാരനായ ബെനിറ്റസ്. വോളിബോൾ കളിച്ചത് എനിക്ക് ഗോൾകീപ്പിംഗിൽ തുണയായി. എങ്കിലും പതിനെട്ടാം വയസ്സിൽ തുടങ്ങിയ എന്നെ മികച്ച ഗോളിയാക്കിയതിന്റെ ക്രെഡിറ്റ് ബെനിറ്റസിനാണ്.

ചോ: ഇറ്റാലിയൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യത്തെ വിദേശ ഗോൾകീപ്പറായി താങ്കൾ?
ടഫറേൽ: അതിൽ വളരെ അഭിമാനമുണ്ട്. കാരണം ഇറ്റലി ഗോൾകീപ്പർമാരുടെ നാടാണ്. ഒരുപാട് ഐതിഹാസിക ഗോൾകീപ്പർമാർക്ക് ആ രാജ്യം ജന്മം നൽകിയിട്ടുണ്ട്. മറ്റൊരു കാരണം, ഓരോ ടീമിനും അക്കാലത്ത് പരമാവധി മൂന്ന് വിദേശികളെ മാത്രമേ ടീമിലെടുക്കാൻ സാധിക്കൂ. അതിനാൽ വളരെ സൂക്ഷിച്ചാണ് ടീമുകൾ വിദേശ കളിക്കാരെ തെരഞ്ഞെടുത്തത്. പാർമയിൽ ഞാനും സ്വീഡന്റെ തോമസ് ബ്രോലിനും ബെൽജിയത്തിന്റെ ജോർജസ് ഗ്രണ്ണുമായിരുന്നു വിദേശികൾ. അതൊരു സ്വപ്‌നസാക്ഷാൽക്കാരമായിരുന്നു. രണ്ടു വർഷത്തിനു ശേഷം ഫോസ്റ്റിനൊ ആസ്പ്രിയയെ അവർ ടീമിലെടുത്തു. മറ്റൊരു ഉജ്വല താരം. പാർമയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടമായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ദുഃഖകരവും. കാരണം എന്റെ സ്ഥാനത്താണ് ആസ്പ്രിയയെ എടുത്തത്. 

ചോ: ഗലതസറായ് ക്ലബ്ബിന്റെ ചരിത്രത്തിലെ നിർണായക നിമിഷത്തിൽ താങ്കൾ ക്ലബ്ബിലുണ്ടായിരുന്നു. 2000 ലെ യുവേഫ കപ്പ് ഫൈനലിൽ ആഴ്‌സനൽ ജയിക്കുമെന്നാണ് എല്ലാവരും വിലയിരുത്തിയത്. പക്ഷെ താങ്കളുടെ വീരോചിത പ്രകടനത്തിൽ ഗലതസറായ് ഷൂട്ടൗട്ടിൽ ജയിച്ചു?
ടഫറേൽ: ആ ഫൈനലിന്റെ ഓരോ സെക്കന്റിനെക്കുറിച്ചും എനിക്ക് ഓർമയുണ്ട്. ഓരോ കളിക്കാരനും ഒന്നിനൊന്ന് മികച്ചതായിരുന്നു. നല്ല പരിശീലകനുമുണ്ടായിരുന്നു. ഞങ്ങളുടെ വിദേശ കളിക്കാരെ നോക്കൂ -ജോർജിയൊ ഹാജി, പിന്നെ ഗിക്ക പെപ്പസ്‌ക്യു, ബ്രസീലുകാരൻ കപോണെ. പക്ഷെ ആഴ്‌സനൽ യൂറോപ്പിലെ വൻശക്തികളാണ്. എന്നിട്ടും ഒട്ടും ഭയമില്ലാതെയാണ് ആ ഫൈനലിന് ഇറങ്ങിയത്. നേരിയ ചാഞ്ചല്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ ബെർകാമ്പും ഓൺറിയും പെറ്റിയും വിയേറയും ഓവർമാഴ്‌സും കാനുവുമൊക്കെ ഞങ്ങളെ പിച്ചിച്ചീന്തിയേനേ. തീർച്ചയായും അവർ നിരന്തരം ആക്രമിച്ചു. ഞങ്ങൾ ഉറച്ചുനിന്ന് നേരിട്ടു. ചില അവസരങ്ങൾ കിട്ടി. ദൈവത്തിന് നന്ദി, ഒടുവിൽ പെനാൽട്ടിയിലെത്തുകയും ഞങ്ങൾ ജയിക്കുകയും ചെയ്തു. ഗലതസറായിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമായിരുന്നു അത്. അർഹിച്ച വിജയം. ആഴ്‌സനൽ മോശമായി കളിച്ചെന്നു പറയാനാവില്ല. എല്ലാ ശ്രമവും നടത്തിയിട്ടും ഞങ്ങളുടെ ഗോളിലേക്ക് വഴി കണ്ടെത്താനായില്ലെന്നതാണ് യാഥാർഥ്യം. ഗലതസറായ് കളിക്കാരും ആരാധകരും അഭിമാനത്തോടെ ഓർക്കുന്ന മത്സരം. 

ചോ: പിന്നീട് യുവേഫ സൂപ്പർ കപ്പിൽ റയൽ മഡ്രീഡിനെ 2-1 ന് അട്ടിമറിച്ചു?
ടഫറേൽ: ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് റയൽ മഡ്രീഡ്. സൂപ്പർതാരങ്ങളുടെ താവളം. പൊരുതിനോക്കാമെന്നതായിരുന്നു ഞങ്ങളുടെ മനോഭാവം. അവരും ഞങ്ങളും 11 പേരല്ലേ?  നിഷ്പക്ഷ വേദിയും -മോണകൊ. ആ ദിവസം റയലിനെക്കാൾ എത്രയോ മെച്ചമായിരുന്നു ഗലതസറായ്. ആ രീതിയിൽ ആധികാരികമായി അവരെ തോൽപിക്കാൻ സാധിച്ചത് വലിയ സന്തോഷം നൽകി. 

 

ചോ: ഹാജിയെക്കുറിച്ച ഓർമകൾ?
ഉ: ഒന്നാന്തരം കളിക്കാരൻ. ചരിത്രത്തിലെ മികച്ച കളിക്കാരിലുൾപെടാൻ എന്തുകൊണ്ടും അർഹൻ. ഹാജിയെ പോലെ കൃത്യതയിലും ശക്തിയിലും ഷൂട്ട് ചെയ്യുന്ന ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല. ഹാജിയുടെ ധാരണയും പാസിംഗും മറ്റൊരു നിലവാരത്തിലാണ്. ഗലതസറായിയിൽ ഹാജി എഴുതിയത് മനോഹരമായ ചരിത്രമാണ്. കളിച്ച മറ്റു ക്ലബ്ബുകളിലും. മറ്റു കളിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു ഹാജി. ഞങ്ങളുടെ വിജയശിൽപി. ഗലതസറായിയുടെ ജഴ്‌സിയിട്ട ഏറ്റവും മികച്ച കളിക്കാരനായാണ് ആരാധകർ ഹാജിയെ കണ്ടത്. 

ചോ: ഗലതസറായ് ആരാധകരെക്കുറിച്ച് അനുഭവങ്ങൾ?
ടഫറേൽ: ഗംഭീരം. അവർ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്. അവശ്യഘട്ടങ്ങളിലൊക്കെ അവർ പിന്തുണയിലൂടെ ഞങ്ങൾക്ക് ശക്തി പകരും. കണ്ടു തന്നെ അതറിയണം. എവേ ഗെയിമുകളിൽ പോലും അവരുടെ സാന്നിധ്യം കാരണം ഹോം ഗെയിമുകളിലെന്ന പോലെ ഞങ്ങൾ കളിച്ചു. ഡോർട്മുണ്ടിലെ ഒരു യുവേഫാ കപ്പ് മത്സരം ഓർക്കുന്നു. ഡോർ്ട്മുണ്ട് ആരാധകരുടെ ആവേശം എല്ലാവർക്കുമറിയാം. എന്നാൽ ആ രാത്രി ഡോർട്മുണ്ട് ആരാധകരെക്കാൾ കൂടുതൽ ഗലതസറായ് ആരാധകരായിരുന്നു. അവിശ്വസനീയം. അത് വലിയ ആവേശം നൽകി. അവരുടെ ആർപ്പുവിളി കാതുകളിൽ അലയടിച്ചു. 

ചോ: എന്താണ് നെയ്മാറിനെക്കുറിച്ച് പറയാനുള്ളത്?
ടഫറേൽ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ ഞാൻ പി.എസ്.ജിയെയാണ് പിന്തുണച്ചത്. പി.എസ്.ജിയിൽ ഒരുപാട് ബ്രസീൽ കളിക്കാരുണ്ടല്ലോ? നെയ്മാർ ചാമ്പ്യൻസ് ലീഗ് മാത്രമല്ല, മികച്ച കളിക്കാരനുള്ള ബഹുമതിയും നേടണമെന്ന് ആഗ്രഹിച്ചു. പക്ഷെ ആ ദിവസം അതു നടന്നില്ല. എങ്കിലും നല്ല മത്സരമായിരുന്നു അത്. രണ്ടു ടീമിനും എളുപ്പമായിരുന്നില്ല. കിട്ടിയ അവസരങ്ങൾ ബയേൺ മുതലാക്കി എന്നേയുള്ളൂ. അവർ അർഹിച്ച വിജയം തന്നെ. മനോഹരമായി കളിക്കുന്നു എന്നതാണ് നെയ്മാറിന്റെ പ്രത്യേകത. എന്തൊരു ഡ്രിബഌംഗ് കഴിവാണ്. മനോഹരമായി ഗോളടിക്കാൻ മാത്രമല്ല, ഗോളൊരുക്കാനും കഴിയുന്നു. ബ്രസീലിനെ സംബന്ധിച്ചിടത്തോളം മൂല്യവത്തായ കളിക്കാരനാണ്. ബ്രസീലിനെ ഒരു ലോകകപ്പ് കൂടി നേടാൻ നെയ്മാർ സഹായിക്കുമെന്നാണ് വിശ്വാസം. സൂപ്പർസ്റ്റാറാണ് നെയ്മാർ. 

ചോ: ആരാണ് ഇപ്പോൾ ലോകത്തിലെ മികച്ച ഗോൾകീപ്പർ?
ടഫറേൽ:  ആലിസൻ അല്ലാതെ മറ്റാര്.? ഫിഫ തന്നെ അത് അംഗീകരിച്ചില്ലേ? ഒന്നാന്തരം ടെക്‌നിക്കാണ് ആലിസന്റേത്. വൻമത്സരങ്ങളിൽ പതറാത്ത ഗോൾകീപ്പർ. നന്നായി കളിക്കുകയും ടീമിനെ സഹായിക്കുകയും ചെയ്യുന്നു. ആലിസൻ കഴിഞ്ഞാൽ മറ്റു ചില ഗോളിമാരുമുണ്ട് -എഡേഴ്‌സൻ, മാർക്ക് ആന്ദ്രെ ടെർസ്‌റ്റേഗൻ, തിബൊ കോർടവ, യാൻ ഒബ്‌ലാക് തുടങ്ങിയവർ..

ചോ: ആരാണ് താങ്കൾ കണ്ട മികച്ച കളിക്കാരൻ?
ടഫറേൽ:  ഡിയേഗൊ മറഡോണ. മറഡോണയുടെ കളി അത്രയും ആനന്ദകരമായിരുന്നു. കളിക്കളത്തിൽ തന്റെ ടീമിനു വേണ്ടി മറഡോണ പൊരുതിയ രീതി, അസാധ്യ ടെക്‌നിക്. സഹതാരങ്ങൾ മറഡോണക്കൊപ്പം കളിക്കാൻ എന്തും ചെയ്യും. മറഡോണയെക്കുറിച്ച് കരേക്കക്ക് പറയാൻ വാക്കുകൾ മതിയാവാറില്ല. അവർ ഒരുമിച്ച് നാപ്പോളിയിൽ കളിച്ചിരുന്നു. 

ചോ: ലിയണൽ മെസ്സിയെക്കാൾ മികച്ച കളിക്കാരനാണോ മറഡോണ?
ടഫറേൽ: മെസ്സിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വെടിവെച്ചു കൊല്ലും. അവിശ്വസനീയമാണ് മെസ്സിയുടെ നേട്ടങ്ങൾ. ഒരു സംഭവം തന്നെ. എങ്കിലും താരതമ്യം ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇരുവർക്കും അവരുടേതായ സമയമുണ്ടായിരുന്നു. മറഡോണയായിരുന്നു ഒരുകാലത്ത് ബെസ്റ്റ്. ഇപ്പോൾ സംശയമില്ല, അത് മെസ്സിയാണ്. മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും വർഷങ്ങളായി മറ്റുള്ളവർക്ക് ഒരുപാട് മുകളിലാണ്. മറഡോണയും മെസ്സിയും കളിച്ചത് വ്യത്യസ്ത കാലങ്ങളിലാണ്. ഫുട്‌ബോൾ തന്നെ മാറി. അതിനാൽ താരതമ്യത്തിൽ അർഥമില്ല. മറഡോണയുടെ കളി ആനന്ദകരമായിരുന്നു എന്നതാണ് വസ്തുത (തുടരും)

Latest News