സിറിയയിലെ അല്ഖറിയതൈന് പട്ടണത്തിലെ റോഡില്‍ മൃതദേഹം ബ്ലാങ്കറ്റ് കൊണ്ട് മൂടിയിരിക്കുന്നു
ബെയ്റൂത്ത്- സിറിയയില്‍ ഐ.എസില്‍നിന്ന് സര്‍ക്കാര്‍ സേന പിടിച്ചെടുത്ത മധ്യ സിറിയയിലെ പട്ടണത്തില്‍ 67 സിവിലിയന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
സിറിയയില്‍നിന്നു തോറ്റു മടങ്ങുന്നതിനു മുമ്പ് ഐ.എസ് ഭീകരര്‍ സാധാരണക്കാരെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 20 ദിവസത്തിനിടെ കുറഞ്ഞത് 128 പേരെയെങ്കിലും ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സന്നദ്ധ സംഘടന പറയുന്നു.
മേഖലയിലെ സംഭവവികാസങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടന് ആസ്ഥാനമായുള്ള സംഘടനയാണിത്. സിറിയയിലെ ഹുംസ് പ്രവിശ്യയിലെ അല്ഖറിയതൈന് നഗരത്തിലാണ് കൂട്ടക്കൊല. ഇവിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സിറിയന്‍ സേന ആക്രമണം ശക്തമാക്കിയതോടെ ഐ.എസ് ഭീകരര്‍ സിവിലിയന്മാര്ക്കുനേരെ തിരിഞ്ഞുവെന്നാണ് കരുതുന്നത്.
കൂട്ടക്കൊല നടന്നുവെന്ന വിവരം ഞായറാഴ്ചയാണ് പുറത്തുവന്നത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പട്ടണത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്ന ഐ.എസുകാര്‍ പലരേയും നടുറോഡിലാണ് വെടിവെച്ചു കൊന്നത്. സര്‍ക്കാരിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന സംശയമാണ് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യാന്‍ കാരണമെന്ന് പറയുന്നു. 35 മൃതദേഹങ്ങള്‍ ഒരു ടണലില്‍ തള്ളിയ നിലയിലായിരുന്നു.






