മദീന - മസ്ജിദുന്നബവിയിലെ റൗദ ശരീഫിലേക്ക് റബീഉല്‍അവ്വല്‍ ഒന്ന് (ഒക്‌ടോബര്‍ 18) ഞാറാഴ്ച മുതല്‍ പ്രവേശനം നല്‍കുമെന്ന് മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചു.
കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പ്രകാരമുള്ള റൗദ ശരീഫിന്റെ ശേഷിയുടെ 75 ശതമാനം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും അനുമതി നല്‍കുക.
ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയ ഇഅ്തമര്‍നാ ആപ്പ് വഴിയാണ് റൗദയില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെയും ഉമര്‍ ബിന്‍ അല്‍ഖത്താബി(റ)ന്റെയും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് മൂവര്‍ക്കും സലാം ചൊല്ലാനുമുള്ള പെര്‍മിറ്റുകള്‍ അനുവദിക്കുകയെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.
ആറു മാസം നീണ്ട ഇടവേളക്കു ശേഷം ഇന്നു മുതല്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ അനുവദിച്ചു തുടങ്ങും. ആദ്യ ബാച്ച് ഉംറ സംഘത്തെ ഇന്നു രാവിലെ ആറിന് വിശുദ്ധ ഹറമില്‍ സ്വീകരിക്കും. ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനും ആവശ്യമായ സേവനങ്ങള്‍ നല്‍കാനും ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.