Sorry, you need to enable JavaScript to visit this website.

ആറു മാസത്തിലേറെ പുറത്തു കഴിഞ്ഞാലും  വിസ റദ്ദാക്കില്ലെന്ന് യു.എ.ഇ

ദുബായ് - യു.എ.ഇക്ക് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്ന പ്രവാസികള്‍ക്കും രാജ്യത്തേക്ക് തിരിച്ചു വരാമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു. എന്നാല്‍ റെസിഡന്‍സി വിസക്ക് സാധുതയുണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത്തരം പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ആറു മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് കുടുങ്ങിയ ദുബായ് നിവാസികള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലാതെ തിരിച്ചുവരാമെന്ന് ജി.ഡി.ആര്‍.എഫ്.എയിലെ ആമിര്‍ സെന്റര്‍ മേധാവി മേജര്‍ സലിം ബിന്‍ അലി പറഞ്ഞു. യു.എ.ഇയും അവര്‍ താമസിക്കുന്ന രാജ്യവും തമ്മിലുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ റെസിഡന്‍സി വിസയുള്ള വിദേശികള്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പ്രത്യേക ഫീസോ പിഴയോ ചുമത്തില്ല. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് യു.എ.ഇയുടെ ഈ തീരുമാനം ആശ്വാസമേകും. 
അതേസമയം, തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണമെന്ന് ജി.ഡി.ആര്‍.എഫ്.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിംഗിള്‍ എന്‍ട്രി പെര്‍മിറ്റ് കാലാവധി 30 ദിവസമായിരിക്കും.
എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ അഞ്ച് ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. അപേക്ഷ സ്വീകരിക്കാത്ത ഘട്ടത്തില്‍ ഉപയോക്താക്കള്‍ ജി.ഡി.ആര്‍.എഫ്.എയുമായി ബന്ധപ്പെട്ട് തങ്ങളുടെ വിസ സാധുതയുണ്ടോയെന്നും എന്തുകൊണ്ടാണ് അപേക്ഷ തള്ളാനിടയായത് എന്നും അന്വേഷിക്കണം- മേജര്‍ ബിന്‍ സാലിം അറിയിച്ചു.
യു.എ.ഇക്ക് പുറത്തുള്ള പ്രവാസികള്‍ ആമിര്‍ കാള്‍ സെന്ററില്‍ 0097143139999 എന്ന നമ്പറില്‍ വിളിച്ചോ  [email protected]  എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയച്ചോ ആണ് ബന്ധപ്പെടേണ്ടത്. ദുബായ് എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് ദുബായ് വിമാനത്താവളത്തിന് പുറമെ, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴിയും യു.എ.ഇയില്‍ പ്രവേശിക്കാമെന്നും ആമിര്‍ സെന്റര്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

Latest News