Sorry, you need to enable JavaScript to visit this website.

വിസ റാക്കറ്റിന്റെ ചതിയിൽപ്പെട്ട  ഒമ്പതു മലയാളികൾ നാടണഞ്ഞു

  • ട്രാവൽസിനെതിരേ മനുഷ്യക്കടത്തിന് കേസ്

ജിദ്ദ- ഏജന്റുമാരുടെ ചതിയിൽപെട്ട ഒമ്പതു മലയാളികളെ സാമൂഹിക പ്രവർത്തകരുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ തർഹീൽ വഴി നാട്ടിലെത്തിച്ചു. തബൂക്കിലെ ന്യൂ ഫഹദ് ആശുപത്രിയിൽ ശുചീകരണ തൊഴിലെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഏജന്റ് ഇവരെ സൗദിയിലെത്തിച്ചത്. സ്‌പോൺസർ ആരാണെന്നോ ജോലി എന്താണെന്നോ അറിയാതെ മാസങ്ങൾ പ്രയാസപ്പെട്ട ശേഷമാണ് ഇവരുടെ മടക്കം. ട്രാവൽസിനെതിരേ മനുഷ്യക്കടത്തിന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർ കേസെടുക്കുകയും ട്രാവൽസ് ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 
കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ട്രാവൽസ് മുഖേനയാണ് കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഒമ്പതു യുവാക്കൾ ചതിയിൽപെട്ട് തബൂക്കിലെത്തിയത്. ദിനേഷ് കരപ്പോത്ത് വളപ്പിൽ, പ്രജിത്ത് പ്രേമരാജൻ കുന്നത്ത്, സജിത്ത് കച്ചേരിവീട്ടിൽ, ജോമോൻ ജോളി, സജീഷ് മണിയറ വീട്, സുഭാഷ് കുന്നിക്കുറുവൻ, അനിൽകുമാർ, ഷാമിൽ പാനേരി, രഞ്ജിത്ത് കുമാർ എന്നിവർ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നൽകിയിരുന്നു. 1500 റിയാൽ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ പല വാഗ്ദാനങ്ങളും നൽകി. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് ആശുപത്രിയിൽ ജോലി ഇല്ലെന്നും വഞ്ചിക്കപ്പെട്ടതാണെന്നും തിരിച്ചറിഞ്ഞത്.
വീടിന്റെ ആധാരം പണയപ്പെടുത്തിയും ഭാര്യയുടെ കെട്ടുതാലി വിറ്റും പലിശക്ക് പണം കടമെടുത്തും ഏജന്റിന് കൊടുത്താണ് ഇവർ വിമാനം കയറിയത്. എങ്ങനെയെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും സ്‌പോൺസർ ആരാണെന്നോ ജോലി എന്താണെന്നോ അറിയാതെ കഷ്ടപ്പെട്ടു. 
നാട്ടിലെ ട്രാവൽസുമായും ഏജന്റുമാരുമായും സംസാരിച്ചപ്പോൾ മൂന്നുമാസം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവുമെന്നും അതുവരെ നിങ്ങൾ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണമെന്നുമായിരുന്നു മറുപടി. ആശുപത്രിയുടെ നിർമാണ ജോലി തീർന്നിട്ടില്ല തുടങ്ങിയ മുട്ടുന്യായങ്ങൾ പറഞ്ഞു തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു. 
ദിവസങ്ങൾക്കു ശേഷം ട്രാവൽസിന്റെ നിർദേശപ്രകാരം സൗദിയിലുള്ള രണ്ട് മലയാളികളുടെ കൂടെ ജോലിക്കു പോകാനും അവരുടെ സ്‌പോൺസറുടെ പേരിലേക്ക് കഫാല മാറ്റാമെന്നും ധരിപ്പിച്ചു. ഇതു പ്രകാരം ഒമ്പതു പേരും മൂന്നു മാസത്തോളം ജോലി ചെയ്തു. കൃത്യമായ ശമ്പളമോ ഇഖാമയോ ഇല്ലാതെയാണ് പല സ്ഥലങ്ങളിലായി വ്യത്യസ്ത ജോലികൾ ചെയ്തത്.
ഒടുവിൽ ഗത്യന്തരമില്ലാതെ നാട്ടിൽ എൻആർഐ സെല്ലിനും ജിദ്ദയിലെ സാമൂഹിക പ്രവത്തകൻ ഫിറോസ് മുഴപ്പിലങ്ങാട് മുഖാന്തിരം ജിദ്ദ കോൺസുലേറ്റിനും പരാതി നൽകി. ഇതിനിടെ ഇഖാമയില്ലാതെ ഇനി ജോലിക്കു പോകില്ലെന്ന് ചില തൊഴിലാളികൾ അറിയിച്ചു. ഇതോടെ താമസ മുറിയിൽനിന്നു ഇറക്കിവിട്ടു. ഇതോടെ തൊഴിലാളികൾ ഒളിച്ചോടിയെന്ന് കാണിച്ച് ഹുറൂബാക്കി.
തുടർന്ന് കേസിൽ ഇടപെടാൻ സാമൂഹിക പ്രവർത്തകനും സിസിഡബഌുഎ അംഗവുമായ ഉണ്ണി മുണ്ടുപറമ്പിലിനെ കോൺസുലേറ്റ് വെൽഫെയർ വിഭാഗം ചുമതലപ്പെടുത്തി. ജിദ്ദയിലുള്ള രണ്ട് മലയാളികളാണ് ട്രാവൽസിന് ഈ വിസകൾ നൽകിയത്. മലയാളി ഏജന്റുമാരുമായി ബന്ധപ്പെട്ട് ഉണ്ണി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. കോൺസുലേറ്റിന്റെയും ഉണ്ണിയുടെയും ശ്രമഫലമായി ജിദ്ദയിലെ നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് ഫൈനൽ എക്‌സിറ്റ് ലഭ്യമാക്കാൻ സാധിച്ചു. നാട്ടിലെത്തിയ തൊഴിലാളികൾ കോൺസുലേറ്റ് വെൽഫെയർ വിഭാഗം കോൺസൽ എസ്.എൽ മീണക്കും തബൂക്ക് സിസിഡബഌുഎ പ്രവർത്തകർക്കും നന്ദി അറിയിച്ചു. 
തൊഴിലാളികളുടെ പരാതിയെ തുടർന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർ ട്രാവൽസ് ഉടമയെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് ഏജന്റുമാർക്കെതിരേ മനുഷ്യക്കടത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. 13 ദിവസത്തെ റിമാന്റിന് ശേഷം ട്രാവൽസ് ഉടമ ജയിൽ മോചിതനായി. കേസ് നടപടികൾ പുരോഗമിക്കുന്നു. വ്യാജ എമിഗ്രേഷൻ ക്ലിയറൻസുമായി ബന്ധപ്പെട്ട് ദൽഹി പോലിസ് ഇയാൾക്കെതിരേ ചുമത്തിയ മറ്റൊരു കേസിൽ അന്വേഷണം തുടരുകയാണ്.

Latest News