കണ്ണൂർ- ബി.ജെ.പി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിലേക്ക്. ബി.ജെ.പി മുൻ ദക്ഷിണേന്ത്യൻ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദനു പിന്നാലെ പാർട്ടിക്കകത്തെ സൗമ്യ മുഖമെന്നറിയപ്പെടുന്ന ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭനും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. കണ്ണൂരിലെ മറ്റൊരു മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസും ഇടഞ്ഞു നിൽക്കുകയാണെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല. തെക്കൻ കേരളത്തിലാകട്ടെ, കുമ്മനവും ശോഭാ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്.
പാർട്ടി പുനഃസംഘടനയിൽ വർഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ളവരും മുതിർന്ന നേതാക്കളുമായ പി.കെ.കൃഷ്ണദാസിനെയും സി.കെ.പത്മനാഭനെയുമടക്കം തഴഞ്ഞാണ് പല തവണ പാർട്ടി മാറുകയും ഒരു വർഷം മുമ്പു മാത്രം പാർട്ടിയിലെത്തുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽ നിയമിച്ചത്. ഇതാണ് കടുത്ത എതിർപ്പിന് വഴിവെച്ചത്. പാർട്ടി അംഗത്വമെടുത്ത് മൂന്നു മാസത്തിനകം അബ്ദുല്ലക്കുട്ടിക്ക് സംസ്ഥാന ഉപാധ്യക്ഷ പദവി നൽകിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ഒരു വർഷം പിന്നിടുമ്പോഴാണ് ദേശീയ ഉപാധ്യക്ഷ പദവി നൽകിയത്. ഇതിനെതിരെ ആദ്യം രംഗത്തു വന്നത് മുതിർന്ന നേതാവായ പി.പി.മുകുന്ദനാണ്. വർഷങ്ങളായി സംഘപരിവാർ പ്രസ്ഥാനത്തിനും ബി.ജെ.പിക്കും വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ത്യാഗങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും മനോവീര്യം തകർക്കുന്ന നടപടിയാണിതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം.
എ.പി.അബ്ദുല്ലക്കുട്ടി രാഷ്ടീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പു തന്നെ ബി.ജെ.പിയിൽ സമുന്നത സ്ഥാനത്തിരുന്നവരാണ് സി.കെ.പത്മനാഭനും പി.കെ.കൃഷ്ണദാസും അടക്കമുള്ളവർ. ഇരുവരും രണ്ട് പതിറ്റാണ്ട് മുമ്പ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഇരുന്നവരുമാണ്. നിലവിൽ ദേശീയ നിർവാഹക സമിതി അംഗത്വമല്ലാതെ, മറ്റൊരു പദവിയും ഇവർക്കില്ല. ഈ സ്ഥാനം പോലും നിലനിൽക്കുമോ എന്ന ആശങ്കയും ഉണ്ട്. ഇന്നലെ പാർട്ടിയിലെത്തിയ അബ്ദുല്ലക്കുട്ടിക്ക് കീഴിൽ പ്രവർത്തിക്കേണ്ട ഗതികേടിലാണീ മുതിർന്ന നേതാക്കൾ. തെക്കൻ ജില്ലയിൽ കുമ്മനത്തിന്റെയും ശോഭാ സുരേന്ദ്രന്റെയും അവസ്ഥ വിഭിന്നമല്ല. ആർ.എസ്.എസിന്റെ പൂർണ പിന്തുണയുണ്ടായിട്ടും പുനഃസംഘടനയിൽ കുമ്മനം പൂർണമായി തഴയപ്പെട്ടു. ശോഭാ സുരേന്ദ്രനാകട്ടെ, സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയുമാണ്.
പുനഃസംഘടനയ്ക്ക് പിന്നാലെ, പാർട്ടിയിലെ സൗമ്യ മുഖമെന്നറിയപ്പെടുന്ന സി.കെ.പത്മനാഭൻ കടുത്ത ഭാഷയിലാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാർട്ടി കെട്ടിപ്പെടുക്കാൻ കഠിനാധ്വാനം ചെയ്ത എൽ.കെ.അദ്വാനിയേയും മുരളീമനോഹർ ജോഷിയേയും പാർട്ടി നടതള്ളിയെന്നായിരുന്നു സി.കെ.പത്മനാഭന്റെ രൂക്ഷ വിമർശനം. ബാബ്‌രി മസ്ജിദ് വിഷയത്തിൽ കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തിലാണ് സി.കെ.പത്മനാഭന്റെ പ്രതികരണമെങ്കിലും ലക്ഷ്യം വെച്ചത് എന്താണെന്ന് വ്യക്തമാണ്. എൽ.കെ.അദ്വാനിയും മുരളീമനോഹർ ജോഷിയും നടത്തിയ രണ്ട് യാത്രകളാണ് നരേന്ദ്ര മോഡിക്ക് ഭരണത്തിലേറാൻ അവസരമൊരുക്കിയത്. ഈ രണ്ടു നേതാക്കളുടെയും പാദങ്ങളിൽ മോദി ദണ്ഡനമസ്‌കാരം നടത്തി ഗുരുവന്ദനം ചെയ്യണമെന്ന് സി.കെ.പത്മനാഭൻ പ്രതികരിച്ചു.
പാർട്ടി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത ഈ നേതാക്കൾ ഇന്ന് മക്കൾ വൃദ്ധസദനത്തിലാക്കിയ മാതാപിതാക്കളുടെ അവസ്ഥയിലാണെന്നും പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് അതിനെ വളർത്തിയെടുക്കാൻ കഷ്ടപ്പെട്ടവർ അനാഥരായിത്തീരുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും സി.കെ.പത്മനാഭൻ പ്രതികരിച്ചു. കൊച്ചിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചാണ് സി.കെ.പി തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചത്.
ന്യൂനപക്ഷങ്ങളുമായി പാർട്ടിയെ കൂടുതൽ അടുപ്പിക്കാൻ എ.പി അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധി സഹായിക്കുമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ നേതാക്കൾ രഹസ്യമായെങ്കിലും പുഛിച്ചു തള്ളുകയാണ്. സ്വന്തം പഞ്ചായത്തിലെ വാർഡിൽ പോലും ന്യൂനപക്ഷ സ്വാധീനമില്ലാത്ത ആൾ ദേശീയ തലത്തിൽ എങ്ങനെ ഇവരെ സ്വാധീനിക്കുമെന്നാണ് ഇവരുടെ ചോദ്യം. തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ നിസ്സഹകരണം ബി.ജെ.പിയുടെ സാധ്യതകളെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.






