Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീയുടെ ബലാത്സംഗ കേസ്: വിചാരണ നീട്ടിവയ്ക്കണമെന്ന  ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി- കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും തിരിച്ചടി. കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ രണ്ടു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതുപോലെ ഒക്‌ടോബര്‍ അഞ്ചിന് തന്നെ ക്രോസ് വിസ്താരം തുടരാമെന്ന് ജസ്റ്റീസ് എ. ഗോപകുമാറിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജിയെ പ്രോസിക്യുഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രധാന സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ആംഡ് പോലീസ് സുരക്ഷയിലാണ് സാക്ഷികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും. സാക്ഷികള്‍ ഇത്രയേറെ പ്രതിസന്ധി അനുഭവിക്കുമ്പോള്‍ കേസ് നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ. ജോണ്‍ റാല്‍ഫ് വാദിച്ചു. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ.അംബികാദേവി, അഡ്വ.ജിതോഷ് ബാബു എന്നിവര്‍ ഹാജരായി. കോവിഡ് കാരണം അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും രണ്ടു മാസത്തേക്ക് എങ്കിലും വിചാരണ നീട്ടിവയ്ക്കണമെന്നുമായിരുന്നു ബിഷപ് ഫ്രാങ്കോയുടെ ആവശ്യം. നേരത്തെ ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
 

Latest News