Sorry, you need to enable JavaScript to visit this website.

ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും യു.പി പോലീസ് കസ്റ്റഡിയിലെടുത്തു

ന്യൂദൽഹി- ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹത്രാസിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന ഇരുവരെയും നോയിഡക്ക് സമീപം പോലീസ് തടയുകയായിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് മുന്നോട്ടുപോകുമെന്ന് രാഹുൽ വ്യക്തമാക്കിയതോടെ പോലീസ് കയ്യേറ്റത്തിന് മുതിർന്നു. തുടർന്ന് രാഹുലിന് നേരെയും പോലീസ് കയ്യേറ്റം നടത്തി. തുടർന്ന് കരുതൽ തടവിൽ എടുത്തതായി രാഹുലിനെയും പ്രിയങ്കയെയും പോലീസ് അറിയിച്ചു. ഈ മാസം 31 വരെ ഹത്രാസിൽ നിരോധാജ്ഞയുണ്ടെന്നും അങ്ങോട്ട് പോകാനാകില്ലെന്നുമാണ് പോലീസ് പറയുന്നത്. 

രണ്ടാഴ്ച മുൻപ് കൂട്ട മാനഭംഗത്തിന് ഇരയായ പെൺകുട്ടി ചൊവ്വാഴ്ച ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാണ് മരിച്ചത്. ഗ്രാമത്തിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളുടെ അഭ്യർഥന നിരസിച്ച് അവരെ ബലമായി അകറ്റി നിർത്തി പുലർച്ചെ 2.45 ന് പോലീസ് തന്നെ ചിതയിൽ വെച്ചു തീ കൊളുത്തുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും മാതാവിനെയും സഹോദരങ്ങളെയും അനുവദിക്കാതെയാണ് പോലീസ് ചിതയിൽ വെച്ചു കത്തിച്ചത്. 
    ആശുപത്രിയിൽ നിന്നു തന്നെ തങ്ങളുടെ അനുമതി ഇല്ലാതെയാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് കൊണ്ട് പോയതെന്ന് പിതാവും സഹോദരനും ചൊവ്വാഴ്ച രാത്രി തന്നെ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇവർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. എന്നാൽ, പോലീസെത്തി ബലമായി ഇവരെ യുപി നമ്പർ പ്ലേറ്റുള്ള ഒരു കറുത്ത സ്‌കോർപിയോയിൽ കയറ്റി കൊണ്ടു പോയി. 
    അർധരാത്രിയോടെ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള യുപിയിലെ ഹത്രാസിൽ പെൺകുട്ടിയുടെ വീടിന് സമീപം മൃതദേഹം എത്തിച്ചു. അപ്പോൾ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതു തങ്ങളുടെ ആചാരങ്ങൾക്കു വിരുദ്ധമാണെന്നും രാവിലെ അന്ത്യകർമങ്ങൾ നടത്താമെന്നും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് കാലുപിടിച്ച് കേണപേക്ഷിച്ചിട്ടും പോലീസ് ചെവി കൊടുക്കാൻ തയാറായില്ല. പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കൾ ആരും തന്നെ അടുത്തില്ല എന്നുറപ്പാക്കിയ ശേഷം പോലീസ് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് മാധ്യമപ്രവർത്തകരെയും  ബലമായി അകറ്റി നിർത്തി. 
    എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ അപ്പോൾ തന്നെ നടത്തിയതെന്നാണ് യുപി പോലീസിന്റെ വിശദീകരണം. സംസ്‌കാര സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലസ്‌കാർ പറഞ്ഞത്. പെൺകുട്ടിയുടെ ഒരു അമ്മാവനെ കൂട്ടു പിടിച്ചാണ് പോലീസ് ഇക്കഥ മെനയുന്നതെന്നാണ് മറ്റുള്ളവർ ആരോപിക്കുന്നത്. 
    കഴിഞ്ഞ സെപ്റ്റംബർ 14നാണ് ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടി ക്രൂരമായ കൂട്ട മാനഭംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ഉയർന്ന ജാതിയിൽ പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
    സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ കഴിയാത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. മരണത്തിൽ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയായി തുടരാൻ ധാർമികമായി ഒരവകാശവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു. അന്ത്യ കർമങ്ങൾ പോലും നടത്താൻ അനുവദിക്കാതെ സംഭവത്തിന്റെ വസ്തുതകൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി. 
    സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഓഫീസ് വ്യക്തമാക്കി. അന്വേഷണത്തിനായി മൂന്നംഗ പ്രത്യേക സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ആഭ്യന്തര സെക്രട്ടറി ഭഗ്‌വൻ സ്വരൂര്, ഡിഐജി ചന്ദ്രപ്രകാശ്, ആഗ്ര  പിഎസി കമാൻഡന്റ് പൂനം എന്നിവരാണ് സമിതി അംഗങ്ങൾ. 
    ഹത്രാസ് സംഭവത്തിൽ പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ കുറ്റവാളികൾ ആരും തന്നെ രക്ഷപെടില്ല. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടക്കുമെന്നും യോഗി ആദിത്യ നാഥ് ട്വീറ്റ് ചെയ്തു. 

Latest News