Sorry, you need to enable JavaScript to visit this website.

കോവിഡിനേക്കാൾ ഭയാനകം; കോവിഡ് ബാധിച്ചു മരിച്ചവരെ ഉറ്റവർക്കു വേണ്ട

മൃതദേഹങ്ങൾ ഏറ്റുവാങ്ങാനാളില്ലാത്തത് പുതിയ പ്രതിസന്ധി

തൃശൂർ - കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മക്കളടക്കമുള്ളവരുടെ നിലപാട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ പ്രതിസന്ധിയാകുന്നു. കേരളത്തിൽ പലയിടത്തും ഈ അവസ്ഥ വ്യാപകമാകുന്നുവെന്നും സൂചന. കോവിഡ് ബാധിച്ചു മരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ച നാലു മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിക്കാൻ മക്കളോ അടുത്ത ബന്ധുക്കളോ തയ്യാറാവാത്തതു മൂലം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടറും സന്നദ്ധ സംഘടനയിൽ പെട്ടവരുമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന നടപടികൾ ഏറ്റെടുത്ത് നടത്തിയത്.
ഓഗസ്റ്റ് 24ന് മരിച്ച പാലക്കാട് സ്വദേശികളായ രാധാകൃഷ്ണൻ(40) ഓഗസ്റ്റ് 29ന് മരിച്ച ബാലൻ (50), സെപ്തംബർ 24ന് മരിച്ച കോമ്പി (70) 25ന് മരിച്ച തൃശൂർ സ്വദേശിനി കോമളവല്ലി (70) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ആരും ഏറ്റെടുക്കാനില്ലാത്തതിനെ തുടർന്ന് ഇവർക്ക് സംസ്‌കരിക്കേണ്ടി വന്നത്.
ഇതിൽ കോമളവല്ലി ഒഴികെയുള്ളവരുടെ ബന്ധുക്കളെ മെഡിക്കൽ കോളേജ് അധികൃതർ പലതവണ വിവരമറിയിച്ചെങ്കിലും ആരും വന്നില്ല. പാലക്കാട് ഡി.എം.ഒയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുമെല്ലാം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളെല്ലാം ക്വാറന്റൈനിലാണെന്നായിരുന്നു മക്കളുടെയും വീട്ടുകാരുടേയും മറുപടി. അടുത്ത ബന്ധുക്കളെ അയച്ചാൽ മൃതദേഹം കൈമാറാമെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അവിടെ തന്നെ സംസ്‌കരിച്ചാൽ മതിയെന്നും അവർ രേഖാമൂലം എഴുതി നൽകുകയായിരുന്നു.
പലതവണ കൗൺസലിംഗ് നൽകിയിട്ടുപോലും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഉറ്റവർ പോലും തയ്യാറായില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ബാലനും രാധാകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചത്. മറ്റു രണ്ടുപേരും രോഗം വന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയവരാണ്. കോമളവല്ലിക്ക് ബന്ധുക്കളാരുമുണ്ടായിരുന്നില്ല. 
മക്കളുണ്ടായിട്ടും അവസാനമായി ഒരു നോക്കു കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ ആരും സന്നദ്ധരാകാതിരുന്നതോടെ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.പി.മുഹമ്മദ് കോഴിക്കോട്ടെ സന്നദ്ധ പ്രവർത്തകരായ എൻഐടി പുള്ളന്നൂർ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു.  ട്രസ്റ്റ് പ്രവർത്തകരായ എം.പി.ജലീൽ, സക്കീർ, ഫാസിൽ, ലിഗേഷ് എന്നിവർ വൈകാതെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. എന്നാൽ അവണൂർ പഞ്ചായത്ത് പരിധിയിൽ ശ്മശാനമില്ലാത്തതിനാൽ തൃശൂർ കോർപറേഷന്റെ ലാലൂരിലേയും കുരിയച്ചറിയിലേയും ക്രിമിറ്റോറിയത്തിൽ സംസ്‌കരിക്കാൻ വഴി തേടി. ഇതിന് കലക്ടർ അനുമതി നൽകിയെങ്കിലും സൗകര്യക്കുറവുണ്ടെന്ന് പറഞ്ഞ് കോർപറേഷൻ അധികൃതർ വിസമ്മതം അറിയിച്ചു. തുടർന്ന് കലക്ടർ ഇടപെട്ട് നാട്ടിക ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ക്രിമിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കാൻ നിർദ്ദേശം നൽകി. 
രണ്ടു തവണകളായി പി.പി കിറ്റ് ധരിച്ച ഹെൽത്ത് ഇൻസ്‌പെക്ടറും സന്നദ്ധ പ്രവർത്തകരും നാലു മൃതദേഹങ്ങളും നാട്ടികയിൽ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു വൈറസ് പോലും പുറത്തുകടക്കാത്ത രീതിയിലാണ് അണുനാശിനിയും പ്ലാസ്റ്റിക് കവറുകളുമെല്ലാം ഉപയോഗിച്ച് പൂർണമായും കവർ ചെയ്യുന്നതെന്നും ഇതെല്ലാം പലതവണ പറഞ്ഞുകൊടുത്തിട്ടും മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.പി.മുഹമ്മദ് പറഞ്ഞു. മൂന്നുതവണ അണുനാശിനി മൃതദേഹത്തിൽ നിറച്ചുപുരട്ടി മൂന്നുലെയറുകളായി പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി അതും അണുവിമുക്തമാക്കി ഏറ്റവുമൊടുവിലാണ് കനമുള്ള പ്ലാസ്റ്റിക് കവറിലാക്കുന്നത്. മൃതദേഹത്തിൽ നിന്ന കോവിഡ് ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. എന്നിട്ടും ബന്ധുക്കൾ ഉറ്റവരുടെ മൃതദേഹങ്ങൾ വേണ്ടെന്ന് പറയുന്ന അവസ്ഥ കോവിഡിനേക്കാൾ ഭയാനകമാണ്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കാം. കേരളത്തിൽ എവിടെയായാലും കോവിഡ് ബാധിച്ചുമരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ലെങ്കിൽ എൻ.ഐ.ടി പുള്ളന്നൂർ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ആ കർമം നിർവഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടറേയും ട്രസ്റ്റ് പ്രവർത്തകരേയും അവർക്കൊപ്പം എല്ലാറ്റിനും കൂടെ നിന്ന് ആംബുലൻസ് ഡ്രൈവർ വിനുവിനേയും സംസ്‌കാരം കഴിഞ്ഞെത്തിയ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ ആദരിക്കുകയും ചെയ്തു.
 

Latest News