Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ വർധിച്ചു


റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മാ നിരക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഈ വർഷം ഒന്നാം പാദത്തിൽ തൊഴിലില്ലായ്മാ നിരക്ക് 11.8 ശതമാനമായിരുന്നു. കൊറോണ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ വർധിക്കാൻ ഇടയാക്കിയത്. ലോക്ഡൗൺ അവസാനിച്ച് സാധാരണ ജീവിതം പുനരാരംഭിച്ചതിനാൽ മൂന്നാം പാദത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശി പുരുഷന്മാർക്കിടയിൽ 8.1 ശതമാനവും വനിതകൾക്കിടയിൽ 31.4 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. സ്വദേശികളും വിദേശികളും അടക്കം ആകെ ജനസംഖ്യയിൽ തൊഴിലില്ലായ്മാ നിരക്ക് ഒമ്പതു ശതമാനമായി വർധിച്ചു. 


രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ ജീവനക്കാർ 1,36,30,454 ആണ്. ഇതിൽ 23.3 ശതമാനം സ്വദേശികളും 76.7 ശതമാനം വിദേശികളുമാണ്. സർക്കാർ, സ്വകാര്യ മേഖലകളിൽ സ്വദേശി ജീവനക്കാർ 31,71,422 ആണ്. ഇക്കൂട്ടത്തിൽ 64.8 ശതമാനം പേർ പുരുഷന്മാരും 35.2 ശതമാനം പേർ വനിതകളുമാണ്. 
വിദേശ ജീവനക്കാരുടെ എണ്ണം 1,04,59,032 ആണ്. ഇതിൽ 87 ശതമാനം പേർ പുരുഷന്മാരും 13 ശതമാനം പേർ വനിതകളുമാണ്. ആകെ ജീവനക്കാരിൽ 82 ശതമാനം പുരുഷന്മാരും 18 ശതമാനം വനിതകളുമാണ്. സ്വദേശികളും വിദേശികളും അടക്കമുള്ള ആകെ ജീവനക്കാരിൽ 11.16 ദശലക്ഷം പുരുഷന്മാരും 2.47 ദശലക്ഷം വനിതകളുമാണ്. ആകെ ജീവനക്കാരിൽ 86.5 ലക്ഷം പേർ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരിൽ 63.4 ശതമാനവും സ്വകാര്യ മേഖലയിലാണ്. സർക്കാർ സർവീസിൽ 9.4 ശതമാനം പേർ ജോലി ചെയ്യുന്നു. 27.2 ശതമാനം പേർ ഗാർഹിക തൊഴിലാളികളാണ്. 


സ്വകാര്യ മേഖലയിൽ സൗദികളുടെ തൊഴിൽ സംരക്ഷിക്കാനും പ്രതിസന്ധിക്കിടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാനും സർക്കാർ ഉത്തേജക പദ്ധതികൾ നടപ്പാക്കിയിരുന്നു. സ്വകാര്യ മേഖലാ ജീവനക്കാരായ സ്വദേശികളുടെ വേതന വിഹിതം വഹിക്കൽ, വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കൽ അടക്കമുള്ള പദ്ധതികളാണ് നടപ്പാക്കിയത്. സ്വദേശി ജീവനക്കാരുടെ വേതനം വഹിക്കുന്ന പദ്ധതി തുടക്കത്തിൽ മൂന്നു മാസത്തേക്കാണ് നടപ്പാക്കിയിരുന്നത്. ഇത് പിന്നീട് രണ്ടു തവണയായി ആകെ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ബില്യൺ കണക്കിന് റിയാലിന്റെ ഉത്തേജക, സഹായ പദ്ധതികൾ നടപ്പാക്കിയിട്ടും രണ്ടാം പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് വർധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 
ഈ വർഷം രണ്ടാം പാദത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ ഏഴു ശതമാനം തോതിൽ ശുഷ്‌കിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

 

രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 597.8 ബില്യൺ റിയാലായാണ് കുറഞ്ഞത്. 2019 രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 642.8 ബില്യൺ റിയാലായിരുന്നു. ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞതിനാൽ എണ്ണ മേഖല 5.3 ശതമാനം തോതിൽ ശുഷ്‌കിച്ചു. പെട്രോളിതര മേഖല 8.2 ശതമാനം ശുഷ്‌കിച്ചു. ലോക്ഡൗൺ കാരണം സ്വകാര്യ മേഖല 10.1 ശതമാനം തോതിലും പൊതുമേഖല 3.5 ശതമാനം തോതിലും ശുഷ്‌കിച്ചതാണ് പെട്രോളിതര മേഖലയുടെ മൊത്തത്തിലുള്ള മാന്ദ്യത്തിന് ഇടയാക്കിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

 

Latest News