Sorry, you need to enable JavaScript to visit this website.

തന്റേതല്ലാത്ത കാരണം

ഉടമയുടെ കണ്ണീരും സങ്കടവും ഏറ്റുവാങ്ങി എപ്പോൾ ജീവൻ വെക്കുമെന്നറിയാതെ ഒരു ഇഖാമ ചത്തു കിടക്കുകയാണ്. പുതുക്കപ്പെടാതെ ഇഖാമ മരണത്തിനു കീഴടങ്ങുകയെന്നത് സാധാരണ സംഭവമാണെങ്കിലും ഇവിടെ ഉടമ നിസ്സഹായനാണ്. 
മറ്റാരുമല്ല, മൽബുവിന്റെ ചങ്ങാതി ഹമീദാണ് തന്റേതല്ലാത്ത കുറ്റത്തിന്റെ പേരിൽ നിയമപാലകരുടേയും തൊഴിലുടമയുടേയും കാരുണ്യം കാത്തു കഴിയുന്നത്. എല്ലാ പ്രവാസികളേയും പോലെ ഹമീദും ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ. വിമാനം കയറി നാടുവിട്ടു. കഥ അറിയുമ്പോൾ മൽബുവിനെ പോലെ, നാടുവിട്ടവരിൽ ഒരാളുടെ നിസ്സഹായതയോർത്ത് നിങ്ങൾക്കും നോവും.
ഹമീദിന്റെ കഥ കേട്ടപ്പോൾ മൽബുവിന് സ്വന്തം അനുഭവമാണ് ഓർമ വന്നത്. 
അത് ഒരു വനിതയുടെ ചതിയായിരുന്നു. കഴിഞ്ഞ തവണ നാട്ടിൽ പോയ സമയത്ത് ഒരു ആധാർ പകർപ്പിനു വേണ്ടിയാണ് അവളെ സമീപിച്ചത്. പകർപ്പെടുത്ത് തന്ന് കാശ് വാങ്ങി പെട്ടിയിലിട്ടാൽ മാത്രം മതി. 
പക്ഷേ അവൾ തനിക്ക് കോപ്പി നൽകുന്നതിനു മുമ്പേ ഒരു കോപ്പി സ്വന്തം പെട്ടിയിൽ നിക്ഷേപിക്കുന്നതാണ് മൽബുവിന്റെ ശ്രദ്ധയിൽ പെട്ടത്. ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിനു സമീപം അതിനായി ഒരു പെട്ടി വെച്ചിരിക്കയാണെന്നു തോന്നി.
അതെന്തിനു ചെയ്തുവെന്ന് ചോദിച്ചപ്പോൾ ഇങ്ക് പുരണ്ട് വ്യക്തതയില്ലാതായ കോപ്പി കളഞ്ഞതാണെന്നായിരുന്നു മറപുടി. കാലാകാലമായി ചെയ്തുവരുന്ന പരിപാടിയെന്നും പറഞ്ഞു. 
അതിങ്ങു താ, നോക്കട്ടെയെന്ന് പറഞ്ഞപ്പോൾ അതവൾ കീറിക്കളയുകയും ചെയ്തു. 
ആധാറിന്റെ കോപ്പിയെടുക്കാൻ എത്തിയിരുന്ന മറ്റൊരു പ്രവാസി കൂടി ഇടപെട്ടതോടെ സംഗതി വിഷയമായി. പെട്ടിയിൽനിന്ന് കീറിയ കഷ്ണങ്ങളെടുത്തുവെച്ച് ഒത്തുനോക്കിയപ്പോൾ നല്ല ഒന്നാന്തരം പകർപ്പായിരുന്നു അത്. 
എന്തിനാണ് ആ സുന്ദരി ആരാന്റെ ആധാർ കോപ്പി സൂക്ഷിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഇതൊക്കെ വലിയ ചതിയാണെന്ന് അവളെ ബോധ്യപ്പെടുത്തിയാണ് മൽബു അവിടെനിന്ന് മടങ്ങിയത്. 
നാട്ടിലെ ചതി മൽബു ഓർക്കാൻ കാരണമുണ്ട്. ഹമീദ് ഇപ്പോൾ നേരിടുന്ന പൊല്ലാപ്പും തിരിച്ചറിയൽ കാർഡിനു മേൽ കുഴഞ്ഞുമറിഞ്ഞതാണ്.  
ഹമീദിന്റെ ഇഖാമ പുതുക്കാൻ സമയമായിരുന്നു. കമ്പനി കൈമലർത്തിയപ്പോഴാണ് വിദൂര നഗരത്തിൽ പോലീസ് തന്നെ കാത്തിരിക്കുന്നുണ്ടെന്ന വിവരം ഹമീദ് അറിയുന്നത്. പോലീസ് ഇഖാമക്ക് പൂട്ടിട്ടിരിക്കയാണ്. അതുകൊണ്ടാണ് പുതുക്കാൻ കഴിയാതെ പോയത്.  ആ പൂട്ടിൽനിന്ന് മോചനം നേടാതെ ഹമീദിന് രക്ഷയില്ല. അതിനായി താമസിക്കുന്ന നഗരത്തിൽനിന്നും വിദൂരത്തുള്ള നഗരത്തിലെത്തണം. 
കുറ്റം എന്താണെന്നറിയാത്തതിനാൽ ദൂരെയുള്ള നഗരത്തിലെത്തിയ ഹമീദ് ഒരു സമൂഹിക പ്രവർത്തകന്റെ സഹായത്തോടെയാണ് പോലീസിനെ സമീപിച്ചത്.
തളർത്തിക്കളയുന്നതായിരുന്നു പോലീസിൽനിന്ന് കിട്ടിയ വിവരം. സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത കാര്യം. 
ഹമീദിന്റെ ഇഖാമ നമ്പറിലുള്ള ഫോണിലേക്ക് വന്ന ഒ.ടി.പി വഴി ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പതിനായിരം റിയാൽ ട്രാൻസ്ഫർ ചെയ്തിരിക്കുന്നു. വേറെയും കുറ്റകൃത്യങ്ങൾക്ക് ഈ ഫോൺ നമ്പർ ഉപയോഗിച്ചിരിക്കുന്നു.
ഹമീദിന് സംഗതി വേഗം പിടികിട്ടി. സമ്മാനമടിച്ചെന്നും എ.ടി.എം കാർഡ് ബ്ലോക്കായെന്നും പറഞ്ഞ് പലകുറി എസ്.എം.എസുകളും വാടസ്ആപ് മെസേജുകളും ലഭിച്ചതിനാൽ തട്ടിപ്പിന്റെ രൂപം ഊഹിക്കാവുന്നതേയുള്ളൂ.
സ്വദേശികളുടേയും വിദേശികളുടേയും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത പുതിയ സിം കാർഡുകൾ വിൽക്കുന്ന ഒരു സംഘത്തെ പിടികൂടിയ വാർത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു. 
ഉപയോക്താക്കളിൽനിന്ന് ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഭവങ്ങളിലും ഇപ്പോൾ  പുതുമയില്ല. ഹാക്കർമാർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
ആളുകളെ ജോലിക്ക് വെച്ച് വലിയ എക്‌സ്‌ചേഞ്ച് പോലെയാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇവരുടെ തട്ടിപ്പ്. അഞ്ചും പത്തും പേരടങ്ങുന്ന സംഘങ്ങൾ ഇടക്ക് പിടിയിലാകുമെങ്കിലും അവരുടെ പിന്മുറക്കാരെന്ന പോലെ പുതിയ ടീമുകൾ വിലസുന്നു.
ആരോ തന്റെ പേരിൽ സിം കാർഡ് എടുത്തതാണെന്ന ഹമീദിന്റെ വിശദീകരണത്തിലെ ആത്മാർഥത പോലീസ് ഓഫീസർക്ക് ബോധ്യമായി. ഒരുപക്ഷേ, യഥാർഥ പ്രതിയെ  അവർക്ക് കിട്ടിയതിനാലാകാം വിശദീകരണം സ്വീകാര്യമയത്.
നിയമ നടപടികൾ അവസാനിപ്പിക്കാനും ഇഖാമക്ക് ഏർപ്പെടുത്തിയിരിക്കുന്ന ബ്ലോക്ക് നീങ്ങാനും ഹമീദ് ജോലി ചെയ്യുന്ന സ്ഥാപന മേധാവയിൽനിന്നൊരു സർട്ടിഫിക്കറ്റ് ഹാജരാക്കണം. കമ്പനിയുടെ പ്രതിനിധി നേരിട്ട് വരണമെന്നാണ് പോലീസ് ഓഫീസർ ആദ്യം പറഞ്ഞിരുന്നത്.
ഒടുവിൽ ഇ-മെയിൽ ആയി കത്ത് ലഭിച്ചാൽ മതിയെന്ന സഹാനുഭൂതിയിലെത്തി അദ്ദേഹം.
പക്ഷേ, വർഷങ്ങളായി ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് സഹായം ലഭിക്കുമെന്ന ഹമീദിന്റെ കണക്കുകൂട്ടലുകൾ തെറ്റി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കേണ്ട കത്തിനു വേണ്ടി, ലീവെടുത്ത് സ്വന്തം കമ്പനിയുടെ ഓഫീസുകളിൽ കയറി ഇറങ്ങുകയാണ് ഹമീദ്. കാര്യങ്ങൾ വേഗം പൂർത്തിയാകട്ടെയെന്ന് മൽബുവും പ്രാർഥിക്കുകയാണ്. അതേസമയം, ഹമീദിന്റെ അനുഭവം പല പാഠങ്ങളും പ്രവാസികൾക്ക് നൽകുന്നുണ്ട്.
തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്തുള്ള ജാഗ്രതയാണ് പ്രധാനം. 
സിം ഉപയോഗിക്കാൻ വിരലടയാളമൊക്കെ വേണമെങ്കിലും ഒരു ഇഖാമ നമ്പറിൽ തട്ടിപ്പുകാർ പുതിയ സിമ്മുകൾ നൽകാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. സ്വന്തം ഇഖാമയിൽ വേറെ സിമ്മുകൾ എടുത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.
 പത്തും ഇരുപതും വർഷം ജോലി ചെയ്യുന്ന സ്ഥാപനം ഒപ്പം നിൽക്കുമെന്നു പ്രതീക്ഷിച്ചോളൂ. പക്ഷേ, അക്കാര്യത്തിൽ അമിത പ്രതീക്ഷ പാടില്ലെന്നു കൂടി ഹമീദിന്റെ അനുഭവ പശ്ചാത്തലത്തിൽ മൽബുവിന് പറയാനുണ്ട്. 

Latest News