Sorry, you need to enable JavaScript to visit this website.

ജസ്വന്ത് സിംഗ് സൗദിയുടെ പ്രത്യേക ആദരം ഏറ്റുവാങ്ങിയ നേതാവ് 

ഇന്ത്യൻ എംബസിയിൽ ജസ്വന്ത് സിംഗ് അന്ന് നടത്തിയ സുദീർഘമായ പത്ര സമ്മേളനം സകല വിഷയങ്ങളിലൂടെയും  കടന്നു പോവുകയുണ്ടായി. നല്ല ഒന്നാന്തരം ഒക്‌സ്ഫഡ് ഇംഗ്ലീഷിൽ അദ്ദേഹം കാര്യങ്ങളോരോന്നും അറിവിന്റെ ആഴങ്ങളിലിറങ്ങി വിശദീകരിച്ച രംഗം രണ്ട് പതിറ്റാണ്ടിനിപ്പുറവും സന്തോഷത്തോടെ ഓർക്കുന്നു.

ചരിത്രത്തിന്റെ അതിനിർണായകമായൊരു ഘട്ടത്തിലായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗിന്റെ സൗദി അറേബ്യാ സന്ദർശനം. 1982 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സുപ്രധാന നീക്കം-  ലോകം ഉറ്റുനോക്കിയ നയതന്ത്ര ദൗത്യങ്ങളിലൊന്ന്. മലയാളം ന്യൂസ് തുടങ്ങി (1999)  രണ്ട് വർഷം തികയുന്നതിന് മുമ്പായിരുന്നു അദ്ദേഹം രാജ്യതലസ്ഥാനമായ റിയാദിലെത്തിയത് (2001 ജനുവരി). പുതിയ പത്രമെന്ന പരിമിതിയൊന്നും അക്കാലത്ത് ഒരിടത്തും മലയാളം ന്യൂസിന് അനുഭവിക്കേണ്ടി വന്നിരുന്നില്ലെന്ന്  റിയാദ് അനുഭവങ്ങൾ ചേർത്ത് നിർത്തുമ്പോൾ  അഭിമാനിക്കാനാവുന്നുണ്ട്.    ജസ്വന്ത് സിംഗിൽ   നിന്നനുഭവപ്പെട്ട  സ്‌നേഹവും  പരിഗണനയും അടുപ്പവും അതിശയിപ്പിക്കുന്നതായിരുന്നു. 
എത്രയോ കാലമായി നേരിട്ടറിയാവുന്നവരോടെന്ന പോലെ അദ്ദേഹം ഞങ്ങളോടൊക്കെ പെരുമാറി. ഇതെഴുതുന്നയാളെക്കൂടാതെ സഹോദര സ്ഥാപനമായ അറബ് ന്യൂസിന്റെ ബ്യൂറോ ചീഫ് ജാവേദ് ഹസൻ, റിപ്പോർട്ടർ ഗസൻഫർ അലിഖാൻ, സൗദി ഗസറ്റ് ലേഖകൻ ഷാഹിദലി ഖാൻ എന്നിവരായിരുന്നു ഇന്ത്യക്കാരായി സജീവമായി ഒപ്പമുണ്ടായിരുന്നവർ.   റിയാദ്   ഇന്ത്യൻ എംബസിയുടെ പ്രൗഢ അന്തരീക്ഷത്തിൽ നടന്ന  പത്രസമ്മേളനത്തിൽ സൗദി അറേബ്യയിലെ പ്രമുഖരായ അറബ് പത്രപ്രവർത്തകർക്ക് പുറമെ ഇന്ത്യയിൽ നിന്ന് മന്ത്രിയോടൊപ്പം വന്ന പ്രമുഖ  മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യമുണ്ടായിരുന്നു. (അവരെല്ലാം പിന്നീട് റിയാദിലെ ഞങ്ങളുടെ സ്ഥാപന ആസ്ഥാനം  സന്ദർശിക്കുകയുണ്ടായി).  എല്ലാവരോടും ഹൃദ്യമായി പെരുമാറിയ അദ്ദേഹം  നല്ല ഓർമകൾ സമ്മാനിച്ചു. മനുഷ്യരുടെ തോളിൽ കൈയിട്ട് ഹൃദയം ചേരാൻ പദവികളും തന്റെ ഔന്നത്യവും തടസ്സമാകാതിരുന്ന ഒരാൾ.
അദ്ദേഹത്തിന്റെ സുപ്രധാന പത്രസമ്മേളനം നിശ്ചയിച്ചിരുന്നത് വൈകുന്നേരം 5 മണിക്കായിരുന്നുവെങ്കിലും  അത് പിന്നീട് തൊട്ടടുത്ത ദിവസം രാവിലെ 11 മണിയിലേക്ക് മറ്റുകയുണ്ടായി. അതിന് കാരണം അദ്ദേഹത്തിന് അന്ന് കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജാവ്  മരുഭൂമിയിലെ പ്രത്യേക ഇടത്തിൽ   നൽകിയ  വിരുന്നായിരുന്നു. സൗദി രാജകുടുംബത്തിൽ നിന്ന്  ഇങ്ങനെയൊരു വിരുന്നു ലഭിക്കുക എന്നത് അപൂർവ അനുഭവമാണ്. “ഇവിടെ ലഭിക്കുന്ന ആതിഥ്യത്തിന്റെ ഊഷ്മളതയിൽ എന്റെ മനസ്സ് നിറഞ്ഞു തുളുമ്പിപ്പോകുന്നു. 
ഇതുപോലൊരു സൽക്കാരം കിരീടാവകാശി മറ്റാർക്കും കൊടുത്തിട്ടില്ലെന്ന് ഞാനറിഞ്ഞു. എന്തു മാത്രം സന്തോഷകരമാണിത്.''  എന്നായിരുന്നു  സൗദി അറേബ്യയിൽ നിന്ന് തനിക്ക് ലഭിച്ച പ്രത്യേക പരിഗണനയെക്കുറിച്ച് അന്ന് ജസ്വന്ത് സിംഗ് പത്രസമ്മേളനത്തിൽ ഹൃദയ ഭാഷയിൽ പറഞ്ഞത്.  രാജസ്ഥാനിലെ രാജകുടുംബാംഗമായ ജസ്വന്ത് സിംഗിന് ലഭിച്ച  രാജസ്വീകരണം അന്ന് ഇന്ത്യൻ മാധ്യമങ്ങളിലും ലോക മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയ വാർത്തയായിരുന്നു. ഇന്ത്യയും ഗൾഫ് നാടുകളും ലോകവുമൊന്നും  അന്ന് ഇതു പോലെയായിരുന്നില്ല. അന്ന് സൗദി അറേബ്യയെ നയിച്ച രാജാവ് മഹാനായ ഫഹദ് രാജാവും പിന്നാലെ വന്ന അബ്ദുല്ല രാജാവും ദൈവത്തിന്റെ വിധിക്ക് ഉത്തരം നൽകി തിരിച്ചുപോയി. 
 ഇന്ത്യയിൽ നിന്ന് വന്ന പ്രധാന പത്രങ്ങളുടെ വിദേശകാര്യ ലേഖകർ ലാപ് ടോപ്പും സ്മാർട്ട് ഫോണും അത്ര വ്യാപകമാകാത്ത കാലത്ത് ഇന്ത്യൻ എംബസിയിലെ കംപ്യൂട്ടർ സൗകര്യത്തിൽ  സന്ദർശന സംബന്ധിയായ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കുന്ന കാഴ്ച സൗദിയിലെ  ഇന്ത്യക്കാരായ പത്രപ്രവർത്തകർക്ക് ആവേശമായത് സ്വാഭാവികം. 
പ്രത്യേക ആതിഥ്യത്തിന് പുറമെ അബ്ദുല്ല രാജാവിന്റെ (അന്ന് കിരീടാവകാശി) വകയായി ജസ്വന്ത് സിംഗിന് വിലമതിക്കാനാവാത്ത  അറേബ്യൻ കുതിരയെയും സമ്മാനിക്കുകയുണ്ടായി. ജസ്വന്ത് സിംഗിന്റെയും അതുവഴി ഇന്ത്യയുടെയും ഹൃദയം കീഴടക്കിയ സമ്മാനം.  
റിയാദ് ഇന്ത്യൻ എംബസിയിൽ ജസ്വന്ത് സിംഗ് അന്ന് നടത്തിയ സുദീർഘമായ പത്രസമ്മേളനം സകല വിഷയങ്ങളിലൂടെയും  കടന്നു പോവുകയുണ്ടായി. നല്ല ഒന്നാന്തരം ഒക്‌സ്ഫഡ് ഇംഗ്ലീഷിൽ അദ്ദേഹം കാര്യങ്ങളോരോന്നും അറിവിന്റെ ആഴങ്ങളിലിറങ്ങി വിശദീകരിച്ച രംഗം  രണ്ട് പതിറ്റാണ്ടിനിപ്പുറവും സന്തോഷത്തോടെ ഓർക്കുന്നു. “
എന്റെ സൗദി സന്ദർശനം മുൻഗാമികളുടെ സന്ദർശനത്തിന്റെ തുടർച്ച മാത്രമാണ്. വരും ദിനങ്ങളിലും മാസങ്ങളിലും  വർഷങ്ങളിലും ഇത് പോലുള്ള നയതന്ത്ര ദൗത്യം തുടർന്നുകൊണ്ടേയിരിക്കും ..” ഇന്ത്യ - സൗദി ബന്ധത്തിന്റെ ഭാവി സാധ്യതകളിലേക്കും ഗൗരവത്തോടെ കടന്നു ചെല്ലുന്നതായിരുന്നു പത്രസമ്മേളനത്തിലും മറ്റും ലഭ്യമായ വേദികളിലുമെല്ലാം  അദ്ദേഹം പറഞ്ഞ വാക്കുകൾ. 
വാജ്‌പേയിയുടെയും അദ്വാനിയുടെയും വിശ്വസ്തനും ബി.ജെ.പിയുടെ സ്ഥാപക നേതാവുമായിരുന്ന സിംഗിന് പക്ഷേ ആർ.എസ്.എസ് പശ്ചാത്തലമുണ്ടായിരുന്നില്ല.  ഹർവഡ് സർവകലാശാലയിലെ സീനിയർ ഫെലോയും ഓക്‌സ്ഫഡിലും വാർവിക് സർവ ലാശാലയിലും വിസിറ്റിങ് പ്രൊഫസറുമായിരുന്ന അദ്ദേഹത്തിന്റെ  സൗദി അറേബ്യയിലെ രാജകീയ സാന്നിധ്യം ഇന്ത്യൻ സമൂഹം അന്ന് അഭിമാനപൂർവമായിരുന്നു നോക്കിക്കണ്ടത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് മുമ്പ് സൗദി സന്ദർശിച്ച ഇന്ത്യൻ ഭരണാധികാരി ജവാഹർലാൽ നെഹ്‌റുവായിരുന്നു -1956 ൽ. ജിദ്ദ ഫുട്‌ബോൾ  സ്റ്റേഡിയത്തിൽ അന്നദ്ദേഹത്തിന് നൽകിയ സ്വീകരണം പോലൊന്ന് പിന്നീടുണ്ടായിട്ടില്ലെന്ന് ജസ്വന്ത് സിംഗിന്റെ സന്ദർശന വേളയിൽ സൗദി മാധ്യമങ്ങളും ഇന്ത്യൻ മാധ്യമങ്ങളും  ഓർത്തെഴുതി ആഘോഷിക്കുകയുണ്ടായി.  
ഇതുപോലുള്ള എല്ലാ നല്ല ഓർമകളും ബാക്കിയാക്കിയാണ്  സേനാനി, രാഷ്ട്രീയക്കാരൻ, നയതന്ത്രജ്ഞൻ എന്നീ അപൂർവതകളും  ഒന്നിച്ച ജസ്വന്ത് സിംഗ് എന്ന ബഹുമാന്യ വ്യക്തിത്വം ഇക്കഴിഞ്ഞ ഞായറാഴ്ച 82 വർഷത്തെ ജീവിതം പൂർത്തിയാക്കി വിട പറഞ്ഞത്. 

Latest News