Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 15 പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് സര്‍വേ

ന്യൂദല്‍ഹി- രാജ്യത്ത് പത്ത് വയസ്സിനുമുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് വീതമെന്ന തോതില്‍ കോവിഡ് ബാധിച്ചിട്ടുണ്ടാവെന്ന് സര്‍വേ ഫലം. ഐ.സി.എം.ആര്‍ നടത്തിയ രണ്ടാമത്തെ സീറോ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്ത് വരെയുള്ള കണക്കാണിത്. ഓഗസ്റ്റ് 17 നും സെപ്റ്റംബര്‍ 22 നുമിടയിലാണ് 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലുള്ള 700 ഗ്രാമങ്ങളിലും വാര്‍ഡുകളിലുമാണ് രണ്ടാമത്തെ സര്‍വേ നടന്നത്. മൊത്തം 29,082 പേരിലാണ് സര്‍വേ നടന്നതെന്നും, ഇതില്‍ 6.6 ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നതായും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു. ഈ സര്‍വേയുടെ അടിസ്ഥാനത്തിലാണ് 15 പേരില്‍ ഒരാള്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലെത്തിയത്.
നഗര മേഖലകളിലും ചേരിപ്രദേശങ്ങളിലുമാണ് കോവിഡ് വ്യാപനം കൂടുതലെന്നും സര്‍വേയില്‍ വ്യക്തമായി. ഇതില്‍തന്നെ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണ് ചേരികളിലെ രോഗവ്യാപനം. ഇത് കണക്കിലെടുത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, വ്യക്തിശുചിത്വം, സാനിറ്റൈസറുകളുടെ ഉപയോഗം തുടങ്ങിയ കര്‍ശനമായും തുടരണം. പ്രായമുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ കൊച്ചു കുട്ടികള്‍ തുടങ്ങിയവരിലും രോഗവ്യാപനമുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം. ഉത്സവങ്ങളിലും മറ്റ് ചടങ്ങുകളില്‍ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം വേണമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി.

Latest News