Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് എൻ.ഡി.എഫ്  പ്രവർത്തകർക്ക് തടവും പിഴയും 

തലശ്ശേരി- മുസ്‌ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാൾ ഇരിക്കുകയായിരുന്ന കൂൾ ബാർ അടിച്ചു തകർക്കുകയും ചെയ്ത കേസിലെ പ്രതികളായ അഞ്ച് എൻ.ഡി.എഫ് പ്രവർത്തകരെ അഞ്ച് വർഷം തടവിനും 15,000 രൂപ വീതം പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. 


ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ആപ്പിൾ കൂൾ ബാറിൽ അതിക്രമിച്ച് കടന്ന് പത്ത് എൻ.ഡി.എഫ് പ്രവർത്തകർ കൂൾ ബാറിൽ ഇരിക്കുകയായിരുന്ന കീഴൂർ പയഞ്ചേരിയിലെ മുസ്‌ലിം ലീഗുകാരനായ എം.ആർ ഹൗസിൽ എം.റഷീദിനെയും കടയുടമയെയും അവിടെയുണ്ടായിരുന്നവരെയും ഇരുമ്പു വടി കൊണ്ടും മറ്റും ആക്രമിക്കുകയും കട അടിച്ചു തകർക്കുകയും ചെയ്‌തെന്ന കേസിലാണ് ശിക്ഷ വിധിച്ചത.് തീവ്രവാദ പ്രവർത്തനത്തിനെതിരായി മുസ്‌ലിം ലീഗുകാർ പ്രവർത്തിക്കുന്നെന്ന കാരണത്താലാണ് അക്രമം നടന്നതെന്ന് ഇരിട്ടി പോലീസ് ചാർജ് ചെയ്ത കേസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എൻ.ഡി.എഫ്  പ്രവർത്തകരും കേസിലെ ഒന്നാം പ്രതി ഇരിട്ടി ചാക്കാട്ടെ ഷഫീന മൻസിലിൽ വി.കെ ലത്തീഫ് (44) മൂന്ന് മുതൽ അഞ്ച് വരെ  പ്രതികളായ കല്ലുമുട്ടി പായത്തെ റോസ് ലാന്റിൽ കെ.പി റജീസ്(40), വിളക്കോട് പീടികക്കണ്ടി വീട്ടിൽ അബ്ദുൽ നാസർ(42), പുന്നാട്ടെ പാറേമ്മൽ പുതിയ പുരയിൽ നൗഫൽ (36), എട്ടാം പ്രതി കീഴൂർ വികാസ് നഗറിൽ എം.എ ഹൗസിൽ ആഷിഫ് എന്ന മുഹമ്മദ് ആഷിഫ് (40) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ അസി.സെഷൻസ് ജഡ്ജി ഹരിപ്രിയ പി.നായർ ശിക്ഷിച്ചത.്


2010 ഏപ്രിൽ 9 ന് രാത്രി ഒമ്പതേകാൽ മണിക്കാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒരു പ്രതി സംഭവത്തിന് ശേഷം മരണപ്പെട്ടിരുന്നു. മറ്റു പ്രതികൾ വിചാരണ നേരിട്ടിരുന്നില്ല. ഇവരുടെ കേസ് പിന്നീട് പ്രത്യേകമായി പരിഗണിക്കും. വധശ്രമത്തിന് അഞ്ച് പ്രതികളെയും അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ വീതം പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കടയിൽ അതിക്രമിച്ച് കടന്ന് നാശനഷ്ടം വരുത്തിയതിന് അഞ്ച് വർഷം തടവും 5000 രൂപ വീതം പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.കെ രാമചന്ദ്രനാണ് ഹാജരായത്.

 

Latest News