Sorry, you need to enable JavaScript to visit this website.

ആദിവാസികളുടെ ആവശ്യം: വിദ്യാഭ്യാസം ജന്മാവകാശം

വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ ആദിവാസികൾക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കാനാവശ്യപ്പെട്ട് വയനാട് ജില്ലയിലെ ആദിവാസി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. എസ്.എസ്.എൽ.സി ജയിച്ച കുട്ടികൾക്ക് പ്ലസ് 1 പഠന സൗകര്യം ഒരുക്കുക, ഡിഗ്രി - ഉന്നതപഠന സൗകര്യങ്ങൾ ഉറപ്പു വരുത്തുക., ഡിഗ്രി - ഉന്നത പഠനത്തിന് എയ്ഡഡ് - സ്വയംഭരണ കോളേജുകൾ ഉയർന്ന ഫീസ് വാങ്ങുന്ന നടപടി അവസാനിപ്പിക്കുക., ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകുക., പ്ലസ് 1 സ്‌പോട്ട് അലോട്ട്‌മെന്റ് എന്ന തട്ടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭമാരംഭിക്കുന്നത്. ആദിവാസികൾ ഏറെയുള്ള, പ്രത്യേകിച്ചും ആദിവാസി വിഭാഗക്കാർ പിന്നോക്കം നിൽക്കുന്ന  വയനാട് ജില്ലയിലെ ആദിവാസി വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായാൽ പഠനം അവസാനിപ്പിക്കട്ടെ എന്ന സമീപനമാണ് എന്നും ഭരണാധികാരികൾ പുലർത്തുന്നത്. ഈ വർഷം വയനാട് ജില്ലയിൽ 2009 കുട്ടികൾ എസ്.എസ്.എൽ.സി ജയിച്ചിട്ടുണ്ടെങ്കിലും 529 പ്ലസ് 1 സീറ്റുകൾ മാത്രമാണ് അവർക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളൂ എന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.  1400 ലധികം വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കേണ്ടിവരും. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠിക്കാനുള്ള ആഗ്രഹം ഇങ്ങനെ തല്ലിക്കെടുത്തിയിട്ടുണ്ട്. അതിനുള്ള അടിസ്ഥാന കാരണം വംശീയ വിവേചനം തന്നെ. 

* വയനാട്ടിൽ നിന്നും അട്ടപ്പാടി പോലുള്ള മേഖലകളിൽ നിന്നും ഉന്നത പഠനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനോ ഫീസ് അടയ്ക്കാനോ ഉള്ള സൗകര്യങ്ങൾ ഇല്ല എന്നത് കോളേജുകളും യൂനിവേഴ്‌സിറ്റികളും പരിഗണിക്കുന്നില്ല. സ്വയംഭരണ കോളേജുകളും യൂനിവേഴ്‌സിറ്റികളുടെ ഏകജാലക പ്രവേശനം പിൻതുടരുന്ന കോളേജുകളും അഡ്മിഷൻ സംവിധാനത്തിൽ എസ്.സി/എസ്.ടി സീറ്റുകളുടെ വിവരങ്ങൾ ലഭ്യമാക്കാറില്ല. കൃത്യമായതും ഏകീകൃതവുമായ ഒരു ഷെഡ്യൂൾ എസ്.സി / എസ്.ടി കാറ്റഗറി അഡ്മിഷന് പാലിക്കാൻ സർക്കാർ ഒരു ഗൈഡ്‌ലൈൻ നൽകിയിട്ടുമില്ല.

* പല സ്വയംഭരണ കോളേജുകളും ഒഴിവുള്ള സീറ്റുകൾ അവരുടെ വെബ്‌സൈറ്റിലോ പത്രങ്ങളിലോ പ്രസിദ്ധീകരിക്കാറില്ല. സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തലേദിവസം മാത്രം ഒരു പത്രക്കുറിപ്പ് കൊടുക്കുകയും ഒഴിവുള്ള വിഷയങ്ങൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. നിരവധി കേസുകളിൽ എസ്.സി/എസ്.ടി സീറ്റുകൾ പൊതുവിഭാഗത്തിന് കൈമാറുന്നു.

* ഇ - ഗ്രാന്റ്‌സ് ഉള്ള കോഴ്‌സുകൾക്കു പോലും സർക്കാർ അംഗീകൃത ഫീസ് കൂടാതെ പല കോളേജുകളും 5000 രൂപ മുതൽ 10,000 രൂപ വരെ കുട്ടികളോട് അടയ്ക്കാൻ നിർബന്ധിക്കുന്നു. സർക്കാർ ഇടപെടുന്നില്ല.

* ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ എല്ലാ ജില്ലകളിലും എസ്.സി/എസ്.ടി വിദ്യാർത്ഥികൾ പ്രയാസം നേരിടുന്നു. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളിൽ ഹോസ്റ്റലുകൾക്ക് പകരം അനാവശ്യ നിർമിതികളാണ് കോടികൾ മുടക്കി ട്രൈബൽ വകുപ്പ് പണിതിരിക്കുന്നത്. ഉള്ള ഹോസ്റ്റലുകൾ തുറക്കുന്നുമില്ല.

* ഉന്നത പഠനത്തിന് വയനാട് ജില്ല വിട്ട് പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപ ധനസഹായം ആവശ്യപ്പെട്ടപ്പോൾ (കോർപസ് ഫണ്ടിൽ നിന്നും) വയനാട് ജില്ലാ പ്ലാനിംഗ് സമിതി ഉടനടി വിളിച്ചുചേർത്ത് കൊടുക്കേണ്ട എന്ന തീരുമാനമാണ് കഴിഞ്ഞ വിദ്യാഭ്യാസ വർഷം ജില്ലാ അധികൃതർ ചെയ്തത്. വിദ്യാർത്ഥികൾ രാജ്ഭവൻ മാർച്ച് ഉൾപ്പെടെ ചെയ്തതിന് ശേഷമാണ് 2000 രൂപ പിന്നീട് നൽകിയത്.

* ഓൺലൈൻ പഠന സൗകര്യം എല്ലാവർക്കും നൽകിയതായി ഹൈക്കോടതിയെ പട്ടികജാതി / പട്ടികവർഗ വകുപ്പ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ പഠനത്തിന് പുറത്താണ്.

* കൊറോണ സാഹചര്യത്തിൽ പ്രതിസന്ധിയിലായ ആദിവാസി വിദ്യാർത്ഥികൾക്കായി എന്തെങ്കിലും പിന്തുണ ബന്ധപ്പെട്ട വകുപ്പ് നൽകുന്നില്ല. കൊറോണ കാലം കൊച്ചിയിൽ അകപ്പെട്ട ഏതാനും വിദ്യാർത്ഥികൾക്ക് വയനാട്ടിൽ തിരിച്ചെത്താൻ യാത്രാസൗകര്യം ചോദിച്ചപ്പോൾ, 'പോയതുപോലെ തിരിച്ചുവരാനാണ്' ഉദ്യോഗസ്ഥർ പറഞ്ഞത്. കൊറോണ കാലത്തും ഡിഗ്രി / പി.ജി അഡ്മിഷന് വേണ്ടി ഇന്റർവ്യൂകളും ടെസ്റ്റും കോളേജുകൾ നടത്താറുണ്ട്. വളരെ പെട്ടെന്നാണ് അറിയിപ്പ് വരാറുള്ളത്. എം.എസ്.ഡബ്ല്യൂവിന് കോഴിക്കോട് ദേവഗിരി കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകാൻ വാഹന സൗകര്യം ഏർപ്പാടാക്കാനുള്ള അഭ്യർത്ഥന നടത്തിയപ്പോൾ കുട്ടികളുടെ വാസസ്ഥലമായ കോളനിയിലേക്ക് ആംബുലൻസ് അയച്ച  ട്രൈബൽ ഉദ്യോഗസ്ഥരും വയനാട്ടിലുണ്ട്.

* വൈകി നടത്തുന്ന സേ പരീക്ഷയും ഉയർന്ന ഫീസും ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കുന്നതിന് കാരണമാകുന്നു.

ദേശീയ വിദ്യാഭ്യാസ നയം വരുന്നതിന് മുൻപ് തന്നെ ആദിവാസി - ദളിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് ഭരണാധികാരികൾ തുടരുന്ന വംശീയവും ജാതീയവുമായ വിവേചനം വലിയ പങ്കുവഹിക്കുന്നു. മത്സരാധിഷ്ഠിതമായ പുതിയ സംവിധാനം വരുന്നതോടെ അവഗണന ശക്തിപ്പെടും  എന്ന കാര്യത്തിൽ തർക്കമില്ല. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാൻ ഗകഠഋ വഴി 700  കോടിയാണ് 2016 ന് ശേഷം സംസ്ഥാന സർക്കാർ ഉപയോഗിച്ചത്. ലോക ബാങ്കിൽ നിന്നും വാങ്ങുന്ന 1300 കോടി താമസിയാതെ ഉപയോഗിക്കും. 'റൂസ' മോഡലിന് കേന്ദ്ര സർക്കാർ നൽകുന്ന കോടികൾ വേറെയും. ഇതിൽ ചെറിയ തുക പോലും ആദിവാസി - ദളിത് മേഖലക്കോ മറ്റു പാർശ്വവൽക്കൃത വിഭാഗങ്ങൾക്ക് വേണ്ടിയോ ഉപയോഗിച്ചിട്ടില്ല.
 

Latest News