Sorry, you need to enable JavaScript to visit this website.

ക്വാറന്റൈന്‍ കാലാവധി കുറക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- വിദേശത്തു നിന്നു വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റൈന്‍ കാലാവധി കുറക്കണമെന്ന നിര്‍ദേശം തള്ളി കുവൈത്ത് ആരോഗ്യമന്ത്രാലയം. ക്വാറന്റൈന്‍ 14ല്‍ നിന്ന് ഏഴു ദിവസമാക്കണമെന്ന നിര്‍ദ്ദേശമാണ് സിവില്‍ വ്യോമയാന മന്ത്രായലം മുമ്പോട്ടുവെച്ചിരുന്നത്. രാജ്യത്തെ സഞ്ചാര വ്യവസായത്തിലും സമ്പദ് വ്യസ്ഥയിലും ഇതു ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല എന്ന നിലപാടിലാണ് ആരോഗ്യമന്ത്രാലയം. ഇതു കൂടാതെ കോവിഡ് രൂക്ഷമായ 34 രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധം പുനഃപരിശോധിക്കാനും ആരോഗ്യമന്ത്രാലയം വിസമ്മതിച്ചു. 
കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന ഘട്ടത്തില്‍ മാത്രമേ രാജ്യത്തെ യാത്രാ നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി നീക്കൂവെന്ന് ജനറല്‍ എയര്‍പോര്‍ട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഹ് അല്‍ ഫദാഗി പറഞ്ഞു. നിലവില്‍ 30 ശതമാനം ശേഷിയോടെ മാത്രമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. 

പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതിയായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹിന്റെ നേതൃത്വത്തിലുള്ള കോവിഡ് എമര്‍ജന്‍സി സമിതിയാണ് ഇതിന് അനുമതി നല്‍കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതിക്കായി ഏവിയേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെടണം. നിര്‍ബന്ധിത ക്വാറന്റൈനില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Latest News