മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ താല്‍പര്യമില്ല; ബിഗ് ബോസ് ഷോ  ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി ലക്ഷ്മി മേനോന്‍

ചെന്നൈ-ബിഗ് ബോസ് തമിഴ്, നാലാം സീസണിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി നടി ലക്ഷ്മി മേനോന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്‌ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്‍ വന്ന സാഹചര്യത്തിലാണ് ലക്ഷ്മി മേനോന്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ഫൈനലിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം പുറത്ത് വന്നിരിയ്ക്കുന്നത്.
ഇത്തരത്തില്‍ വെറും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു. എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി പറഞ്ഞു.
ഈ ഷോ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാല്‍ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാന്‍ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാന്‍ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നില്‍ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് നിങ്ങള്‍ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല.' ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.
 

Latest News