Sorry, you need to enable JavaScript to visit this website.

ശ്രീലങ്ക നല്‍കിയ സഹായത്തിന് തീ പിടിച്ച ടാങ്കര്‍ ഉടമ 23 ലക്ഷം ഡോളര്‍ നല്‍കും

കൊളംബോ- ശ്രീലങ്കന്‍ തീരത്ത് തീ പിടിച്ച കൂറ്റന്‍ എണ്ണ ടാങ്കറിന്റെ ഉടമ ശ്രീലങ്ക നല്‍കിയ സഹായത്തിനു പകരമായി 23 ലക്ഷം ഡോളര്‍ നല്‍കും.

20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുണ്ടായിരുന്ന എംടി ന്യൂ ഡയമണ്ട് ടാങ്കര്‍ ഈ മാസം ആദ്യം രണ്ട് തവണ തീപിടിച്ചതിനെ തുടര്‍ന്നാണ് കേടായത്.

ശ്രീലങ്കന്‍ നേവി, വ്യോമസേന, തുറമുഖ അതോറിറ്റി, മറീന്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക് ഷന്‍ അതോററ്റി എന്നിവ നല്‍കിയ സഹായത്തിന് ഗ്രീസ് ആസ്ഥാനമായ പോര്‍ട്ടോ എംപോറിയോസ് ഷമിപ്പംഗ് കമ്പനി 18 ലക്ഷം ഡോളര്‍ നല്‍കണമെന്നാണ് അറ്റോണി ജനറല്‍ ഡാപ്പുല ഡി ലിവേറെ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. കപ്പിലിന് നല്‍കിയ മറ്റു സേവനങ്ങള്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ കൂടി ലഭിക്കണമെന്ന് വ്യാഴാഴ്ച പുതിയൊരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചു.

ആവശ്യപ്പെട്ട തുക മുഴുവന്‍ നല്‍കാന്‍ കപ്പലുടമ തയാറായതായി അറ്റോര്‍ണി വകുപ്പിലെ കോഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ നിഷാര ജയരത്‌നെ പറഞ്ഞു.

പരിസ്ഥിതിക്കേല്‍പിച്ച ആഘാതത്തിനുള്ള നഷ്ടപരിഹാരം തേടി മറ്റൊരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പിന്നീട് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

അഗ്നിബാധക്കു പിന്നില്‍ സംശയിക്കുന്ന കപ്പലിന്റെ ഗ്രീക്ക് ക്യാപ്റ്റന്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ്. ശ്രീലങ്കന്‍ തീരത്ത് തുടരുന്ന കപ്പല്‍ നന്നാക്കാനുള്ള ശ്രമത്തിലാണ് എന്‍ജിനീയര്‍മാര്‍. കുവൈത്തിലെ മിനാ അല്‍ അഹ്്മദി തുറുമുഖത്തുനിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റിഫൈനറി സ്ഥിതിചെയ്യുന്ന പാരാദീപിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്നു ടാങ്കര്‍.

ആദ്യമുണ്ടായ തീ പിടിത്തത്തില്‍ ഒരു ഫിലിപ്പൈന്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും ബാക്കി 21 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

 

Latest News