റിയാദ് - സൗദിയിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്ന കാലം വിദൂരമല്ലെന്നും കാത്തിരിപ്പ് നീളില്ലെന്നും മുൻ ഹറം ഇമാം ശൈഖ് ആദിൽ അൽകൽബാനി. അബൂഅജ്റം കൾച്ചറൽ സെന്ററിൽ നടത്തിയ പ്രഭാഷണത്തിനിടെ ശ്രോതാക്കളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് സാങ്കേതിക വിദ്യകൾ അനുവദനീയമാണോ അല്ലയോ എന്ന് വിധി കൽപിക്കേണ്ടത്. ഉപകാരപ്രദമായ ഏതു സാങ്കേതിക വിദ്യയും അനുവദനീയമാണ്. ശിൽപങ്ങളുണ്ടാക്കുന്നതാണ് പ്രവാചകൻ (സ) വിരോധിച്ചത്. ഫോട്ടോഗ്രഫി ശിൽപങ്ങളല്ല. അതുകൊണ്ടു തന്നെ ഫോട്ടോകൾ എടുക്കുന്നത് ഇസ്ലാം വിലക്കുന്നില്ല എന്നാണ് തന്റെ അഭിപ്രായം. സിനിമ നിർമിക്കുന്ന രാജ്യങ്ങളുടെ ആശയങ്ങളാണ് പഴയ കാലത്ത് പ്രചരിപ്പിച്ചിരുന്നത്. ആളുകളെ ബോധവൽക്കരിക്കുന്നതിന് സിനിമ ഉപയോഗിക്കണം. ഉമർ അൽമുഖ്താർ, അൽരിസാല (ദ മെസ്സേജ്) സിനിമകൾ താൻ പത്തിലധികം തവണ കണ്ടിട്ടുണ്ടെന്നും ശൈഖ് ആദിൽ അൽകൽബാനി പറഞ്ഞു.






