Sorry, you need to enable JavaScript to visit this website.

പ്രക്ഷോഭങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂദല്‍ഹി- പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. രാഷ്ട്രപതി ഒപ്പുവച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും ഇറക്കി. രാജ്യത്ത് പലയിടത്തും, പ്രത്യേകിച്ച് ഹരിയാനയിലും പഞ്ചാബിലും ശക്തമായ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണിത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് ബില്‍, ഫാര്‍മേഴ്‌സ് അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍, എസന്‍ഷ്യല്‍ കമോഡിറ്റീസ് ബില്‍ എന്നിവയിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതു കരിദിനമാണെന്ന് കഴിഞ്ഞ ദിവസം ബിജെപി മുന്നണി വിട്ട ശിരോമണി അകാലി ദള്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷിക്കൊത്തു പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതിക്കു കഴിഞ്ഞില്ലെന്ന് അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. പുനപ്പരിശോധനയ്ക്കായി ഈ ബില്ലുകള്‍ രാഷ്ട്രപടി പാര്‍ലമെന്റിലേക്ക് തിരിച്ചയക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബില്‍ കര്‍ഷര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. 31 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ട്രെയ്ന്‍ തടയല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റോഡ് ഉപരോധങ്ങള്‍ ഞായറാഴ്ചയും പലയിടത്തും തുടര്‍ന്നു. ട്രാക്ടറുകളുമായി കര്‍ഷകര്‍ പലയിടത്തും തെരുവിലിറങ്ങി.

ഭരണഘടനാ വിരുദ്ധമായി ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ലമെന്റില്‍ പാസാക്കിയ ഈ ബില്ലുകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞയാഴ്ച രാഷ്ട്രപതിയെ കണ്ടിരുന്നു. ബില്ലുകള്‍ പാര്‍ലമെന്റിനു തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന അകാലിദളും രാഷ്ട്രപതിയെ കണ്ടിരുന്നു.
 

Latest News