കോഴിക്കോട്-സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്ന് സൂചന. എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുന്നതിലൂടെ ബി.ജെ.പി. ലക്ഷ്യം വെക്കുന്നത് കേരള മുസ്‌ലിംകളെയല്ല, ഉത്തരേന്ത്യയിലെ മുസ്‌ലിംകളെ.
ദേശീയ തലത്തിൽ സ്ഥാനം പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരനടക്കമുള്ളവരെ നിരാശയിലാഴ്ത്തിയെങ്കിലും കേരളത്തിന് പുതിയ സഹമന്ത്രി പദവി സുരേഷ് ഗോപിയിലൂടെ ലഭിക്കാൻ സാധ്യത തെളിഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ പാർലമെന്ററി ബോർഡ് എന്നിവയിലാണ് ഇനി പാർട്ടിയിൽ സ്ഥാനങ്ങൾ നൽകാൻ കഴിയുക. പാർലമെന്ററി ബോർഡിലേക്ക് കേരളത്തിൽനിന്ന് ആരെയെങ്കിലും പരിഗണിക്കാൻ സാധ്യത കുറവാണ്. എക്‌സിക്യൂട്ടീവിലേക്ക് എടുക്കാൻ അവസരമുണ്ട്.
ഭാവി മുന്നിൽ കണ്ട് സംഘടനാ രംഗം കൈകാര്യം ചെയ്യുന്ന രീതിയാണ് ബി.ജെ.പി ദേശീയ തലത്തിൽ സ്വീകരിക്കുന്നത്. അതു കൊണ്ടു തന്നെ യുവാക്കളെയും വിവിധ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ.
അബ്ദുല്ലക്കുട്ടിയെക്കൊണ്ട് കേരളത്തിലെ മുസ്‌ലിംകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് ദേശീയ നേതൃത്വം കരുതുന്നില്ല. എന്നാൽ ദേശീയ തലത്തിൽ അബ്ദുല്ലക്കുട്ടിയെ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുസ്‌ലിം രാഷ്ട്രീയത്തിന് പേരു കേട്ട കേരളത്തിൽനിന്നുള്ള മുൻ എം.പി.യെന്ന പ്രത്യേകത അബ്ദുല്ലക്കുട്ടിക്ക് ഉണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നുണ്ട്. അവരുടെ ചില ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാമെന്ന ധാരണയിലാണ് ഇത്. ഇവരുമായി സംസാരിക്കാൻ അബ്ദുല്ലക്കുട്ടിയെ ഉപയോഗിക്കാൻ കഴിയും.
ദേശീയ തലത്തിൽ പാർട്ടിക്ക് നേരെ വരുന്ന ആക്ഷേപങ്ങളെ ചെറുക്കാനും കഴിയുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു. രണ്ടു തവണ സി.പി.എം ലോക്‌സഭാംഗവും ഒരു തവണ കോൺഗ്രസ് എം.എൽ.എയുമായ അബ്ദുല്ലക്കുട്ടി നരേന്ദ്ര മോഡിയെ പ്രശംസിച്ചുകൊണ്ടാണ് സി.പി.എമ്മും കോൺഗ്രസും വിട്ടത്. ഇപ്പോൾ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ പദവിയിലെത്തിയതും ഇതേ കാരണത്താലാണ്. ഇതു കാരണം ഈ പാർട്ടികളിലെല്ലാം അബ്ദുല്ലക്കുട്ടിക്ക് ബന്ധങ്ങളുണ്ട്. ലോക്‌സഭാംഗമെന്ന നിലയിലെ ദൽഹിയിലെ അബ്ദുല്ലക്കുട്ടിയുടെ വാസമാണ് സി.പി.എം. വിട്ട മോഹങ്ങൾക്ക് അടിത്തറയായത്.
മോഡിയെ പുകഴ്ത്തിയെന്ന യോഗ്യത സുരേഷ് ഗോപിക്കുമുണ്ട്. ഗോപിക്ക് നേരത്തെ തന്നെ ചില അവസരങ്ങൾ വന്നതാണെങ്കിലും കേരളത്തിൽ നിന്നുള്ള നേതാക്കളുടെ തടസ്സവാദങ്ങളിൽ പെട്ട് മാറിപ്പോയതാണ്. പാർട്ടി അധികാരത്തിൽ വരുന്നതിന് മുമ്പെ കഠിനാധ്വാനം ചെയ്ത പാർട്ടിക്കാരെ അവഗണിച്ച് പുതുതായി വന്നവർക്ക് സ്ഥാനം നൽകരുതെന്ന് കേരളത്തിൽനിന്നുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ ദേശീയ നേതൃത്വം ഇത്തരം വാദങ്ങളെ അവഗണിക്കുന്നതിന്റെ തെളിവാണ് കുമ്മനത്തിന് സ്ഥാനം ലഭിക്കാതെ പോയതും അബ്ദുല്ലക്കുട്ടി, ടോം വടക്കൻ എന്നിവർക്ക് സ്ഥാനം ലഭിച്ചതും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വളരെ വൈകിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെങ്കിലും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. തിരുവനന്തപുരത്തായിരുന്നെങ്കിൽ ചിത്രം ആകെ മാറുമായിരുന്നുവെന്ന വിലയിരുത്തൽ കൂടിയാണ് സുരേഷ് ഗോപിക്ക് അവസരം നൽകാനുള്ള ആലോചനക്ക് പിന്നിൽ.
കുമ്മനം രാജശേഖരൻ കേരളത്തിലെ ആർ.എസ്.എസ് നേതൃത്വത്തിന് പ്രിയപ്പെട്ട ആളാണെങ്കിലും ദേശീയ നേതൃത്വത്തിന് മുമ്പിൽ പരാജയപ്പെട്ട നേതാവാണ്. പാർട്ടിയിൽ അംഗം പോലുമല്ലാതിരുന്ന കാലത്താണ് കുമ്മനത്തിന് സംസ്ഥാന അധ്യക്ഷ പദവി നൽകിയത്. പാർട്ടിയിലെ ഗ്രൂപ്പു വഴക്കുകൾക്ക് കടിഞ്ഞാണിടാൻ ഗ്രൂപ്പിനതീതനായ ആൾ എന്ന നിലക്ക് ആർ.എസ്.എസ് സംസ്ഥാന നേതൃത്വമാണ് കുമ്മനത്തെ നിയോഗിച്ചതെങ്കിലും പരാജയമാണെന്ന വിലയിരുത്തലിനെ തുടർന്ന് മാറ്റുകയും മിസോറമിലെ ഗവർണർ ആക്കുകയുമായിരുന്നു. എന്നാൽ സംസ്ഥാന ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് ഈ പദവി രാജിവെപ്പിച്ച് 2019 ൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കി. തോറ്റാൽ ദേശീയ തലത്തിൽ പദവി നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു. ആർ.എസ്.എസിന്റെ കണക്കു കൂട്ടൽ തെറ്റെന്ന് തെളിയിച്ച് കുമ്മനം വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് വട്ടിയൂർകാവിൽ സ്ഥാനാർഥിയാവാൻ തുനിഞ്ഞപ്പോൾ ദേശീയ നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.






