കോഴിക്കോട്- പട്ടാപ്പകൽ കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ജംഷാദിനെയാണ് പിടികൂടിയത്. കൊയിലാണ്ടിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. നടക്കാവ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
യുവതിയെ കടന്നുപിടിക്കുന്നതിന്റെയും തുടർന്ന് യുവാവ് ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ ഫ്‌ളാറ്റിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.45 നായിരുന്നു സംഭവം. വൈ.എം.സി.എ റോഡിലെ ഇടവഴിയിലൂടെ നടന്നുവന്ന യുവതിക്ക് മുന്നിലായി യുവാവ് നീങ്ങുന്നതിന്റെയും വഴിയുടെ അവസാനമെത്തിയപ്പോൾ യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. പെൺകുട്ടിയുടെ പ്രതിരോധത്തിനിടെ യുവാവ് ഓടിമറയുന്നത് ദൃശ്യങ്ങളിൽ വ്യക്തം. ഇടവഴിയുടെ ആദ്യഭാഗത്തെത്തി യുവാവ് തിരിഞ്ഞ് നോക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കോഴിക്കോട് വൈ എം സി എ റോഡിൽ നിന്ന് മാവൂർ റോഡിലേയ്ക്കുള്ള ഇടവഴിയിലാണ് സംഭവം നടന്നത്.