യുപിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനോട് മല്ലിട്ട് ആശുപത്രിയില്‍; പോലീസ് നടപടി വൈകിയെന്ന് ആക്ഷേപം

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഹഥ്‌റസില്‍ സെപ്തംബര്‍ 14ന് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ജീവനോട് മല്ലിട്ട് കഴിയുകയാണെന്ന് ഡോക്ടര്‍മാര്‍. ഉയര്‍ന്ന ജാതിക്കാരായ നാലു പേര്‍ ചേര്‍ന്നാണ് പുല്ലരിയാന്‍ പാടത്തേക്കു പോയ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ലൈംഗിക പീഡനത്തിനു പുറമെ മര്‍ദനമേറ്റ 20കാരിക്ക് ശരീരമാസകലം ഒടിവും ചതവും പറ്റിയിട്ടുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ ആദ്യം പോലീസിന്റെ സഹായം ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തെ ചൊല്ലി കോലാഹലമുണ്ടായതോടെയാണ് പോലീസ് നടപടി എടുത്തതെന്നും അവര്‍ പറയുന്നു. അതേസമയം പോലീസ് ഇതു നിഷേധിച്ചു. പ്രതികളായ നാലുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവം  നടന്ന് നാലഞ്ചു ദിവസം കഴിഞ്ഞ ശേഷമാണ് പോലീസ് ഇടപെട്ടതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

അമ്മയ്ക്കും സഹോദരനുമൊപ്പം പാടത്ത് പുല്ലരിയാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വലിയ കെട്ട് പുല്ലുമായി സഹോദരന്‍ ആദ്യം വീട്ടിലേക്കു മടങ്ങി. അമ്മയും സഹോദരിയും പുല്ലരിയുന്നതു തുടരുന്നതിനിടെ ഇരുവരും അകലത്തിലായി. ഇതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തി ദുപ്പട്ട കഴുത്തില്‍ കുരുക്കി വലിച്ചിഴച്ച് സമീപത്തെ ചോളം തിങ്ങിനിറഞ്ഞ കൃഷിയിടത്തിലേക്കു കൊണ്ടു പോയത്. നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മകളെ കാണാതായത് പിന്നീടാണ് അമ്മ അറിയുന്നത്. പരിസരത്തു നടത്തിയ തിരച്ചിലില്‍ ചോളത്തൈകള്‍ക്കിടയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നെന്നും സഹോദരന്‍ വിശദീകരിച്ചു. 

സംഭവത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കാന്‍ ജില്ലാ പോലീസ് മേധാവി ജില്ലാ ജഡ്ജിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പോലീസ് പറഞ്ഞു.
 

Latest News