Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ ബന്ധം: സാഹചര്യമൊരുക്കിയത് ഇറാന്റെ ശത്രുത -ഗർഗാശ്

അൻവർ ഗർഗാശ്  
  •  ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തിന് പിന്തുണ തുടരും -യു.എ.ഇ

 

റിയാദ്- മൂന്നു ദശകമായി മേഖലയിൽ ഇറാൻ ഭരണകൂടം തുടരുന്ന നയങ്ങൾ ഇസ്രായിലുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ സഹായകമായതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ഇറാന്റെ നിരന്തരമായ ശത്രുതയും ആക്രമണവും മാത്രമാണ് ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം പുതിയ കണ്ണുകളോടെ കാണാൻ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. 


യു.എ.ഇ, ഇസ്രായിൽ സമാധാന കരാറുമായി ബന്ധപ്പെട്ട ഇറാൻ പ്രതികരണം അങ്ങേയറ്റം പ്രകോപനപരമായിരുന്നു. ഇറാൻ നേതാക്കൾ നടത്തിയ രൂക്ഷമായ പ്രസ്താവനകളിൽ ഇക്കാര്യം പ്രകടമായിരുന്നു. ഇറാനെ നേരിടാനല്ല യു.എ.ഇ ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെച്ചത്. മറിച്ച്, ഇത് യു.എ.ഇക്ക് പ്രയോജനപ്രദമാണ്. മധ്യപൗരസ്ത്യദേശത്ത് സ്ഥിതിഗതികളിൽ മാറ്റം വരുത്താനും കരാർ ഇടയാക്കും. 


തുർക്കിയുടെ നിലപാട് തീർത്തും കാപട്യമാണ്. തുർക്കിക്ക് ദീർഘകാലമായി ഇസ്രായിലുമായി ബന്ധങ്ങളുണ്ട്. കഴിഞ്ഞ വർഷം മാത്രം അഞ്ചര ലക്ഷത്തിലേറെ ഇസ്രായിലി ടൂറിസ്റ്റുകളെ തുർക്കി സ്വീകരിച്ചു. ഇസ്താംബൂളിനും ടെൽഅവീവിനുമിടയിൽ ദിവസേന വിമാന സർവീസുകളുണ്ട്. ദശകങ്ങളായി ഇസ്രായിലിൽ തുർക്കി എംബസി പ്രവർത്തിക്കുന്നുണ്ട്. 300 കോടി ഡോളറിന്റെ സ്വതന്ത്ര വ്യാപാര കരാറും തുർക്കിയും ഇസ്രായിലും ഒപ്പുവെച്ചിട്ടുണ്ട്. 


ഇസ്രായിലുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കില്ല എന്ന് പറയുന്ന പല രാജ്യങ്ങളിലും ഫലസ്തീനികൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ ഈ സ്വാധീനം നിലനിർത്താൻ അവർക്ക് സാധിച്ചില്ല. 20 വർഷത്തോളം ഈ സ്വാധീനം യു.എ.ഇ ഫലസ്തീനികൾക്ക് വകവെച്ചു നൽകിയിരുന്നു. ഫലസ്തീനികൾ 1993 മുതൽ ഇസ്രായിലിനെ അംഗീകരിക്കുകയും ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 


ഫലസ്തീനികളെ സഹായിക്കാൻ യു.എ.ഇക്ക് സാധിക്കും. ഇസ്രായിൽ സമ്പദ്‌വ്യവസ്ഥയെക്കാൾ ഉപരി ഗൾഫ് സമ്പദ്‌വ്യവസ്ഥയുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതാണ് ഇസ്രായിലിന് ഗുണകരം. ഇത്തരമൊരു സാഹചര്യത്തിൽ ഫലസ്തീനികളെ സഹായിക്കാൻ സാധിക്കുന്ന മികച്ച നിലയിലായിരിക്കും യു.എ.ഇ എന്നാണ് താൻ കരുതുന്നത്.
ഇസ്രായിലുമായി സമാധാന കരാർ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അധിനിവിഷ്ട അറബ് പ്രദേശങ്ങളിലെ ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കുന്നതിനെയും ദ്വിരാഷ്ട്ര പോംവഴിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും യു.എ.ഇ ഇപ്പോഴും പിന്തുണക്കുന്നു. ഈ ദിശയിൽ ഫലസ്തീനികളെ സഹായിക്കാൻ സാധിക്കും വിധം യു.എ.ഇ ഇപ്പോൾ കൂടുതൽ മികച്ച നിലയിലാണ്. തന്ത്രപരമായ തീരുമാനമെന്ന് കരുതുന്ന കാര്യത്തിൽ മനഃശാസ്ത്രപരമായ പ്രതിബന്ധം മറികടക്കൽ അടക്കമുള്ള കാരണങ്ങളാൽ, ഇസ്രായിലുമായി ഒപ്പുവെച്ച അബ്രഹാം സമാധാന കരാർ യു.എ.ഇയെ സംബന്ധിച്ചേടത്തോളം വെല്ലുവിളിയായിരുന്നു. 


യു.എ.ഇയും ഇസ്രായിലും തമ്മിൽ ബന്ധം മെച്ചപ്പെടുന്നതിനു പിന്നിൽ നിരവധി പരിഗണനകളുണ്ട്. ഇസ്രായിൽ അംഗമായ ഇന്റർനാഷനൽ റിന്യൂവേബിൾ എനർജി ഏജൻസിക്ക് അബുദാബി ആസ്ഥാനമാകൽ അടക്കമുള്ള കാര്യങ്ങൾ യു.എ.ഇയുടെ ചിന്തകൾക്ക് യാഥാർഥ്യബോധം നൽകി. രാഷ്ട്രീയത്തെയും പ്രായോഗികതയെയും വേർതിരിക്കൽ അനിവാര്യമാണ്. രാഷ്ട്രീയ തലത്തിൽ ബെൻജമിൻ നെതന്യാഹു പ്രധാനമന്ത്രിയായ ഇസ്രായിൽ ഗവൺമെന്റുമായും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്ന കാര്യത്തിലുള്ള ഇസ്രായിൽ ഗവൺമെന്റ് നിലപാടുകളിലും യു.എ.ഇക്ക് വിയോജിപ്പുകളുണ്ട്.  


ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് നിർത്തിവെച്ചത് യു.എ.ഇ, ഇസ്രായിൽ സമാധാന കരാർ വേഗത്തിൽ നൽകിയ ഫലമാണ്. ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് നിർത്തുന്നതിനു പകരം യു.എ.ഇയും ഇസ്രായിലും തമ്മിൽ സാധാരണ ബന്ധം സ്ഥാപിക്കുന്ന കരാർ യാഥാർഥ്യമാക്കുന്നതിൽ അമേരിക്ക പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കൻ, യൂറോപ്യൻ, ലോക നേതാക്കൾ യു.എ.ഇ, ഇസ്രായിൽ സമാധാന കരാർ വിഷയത്തിൽ അനുകൂല നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. 


കരാറുമായി ബന്ധപ്പെട്ട് ഫലസ്തീനികൾ എതിർപ്പ് പ്രകടിപ്പിക്കുമെന്ന കാര്യം യു.എ.ഇ നേതാക്കൾ നേരത്തെ പ്രതീക്ഷിച്ചതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഫലസ്തീനികളെ കൂടുതലായി സഹായിക്കാൻ ഇസ്രായിലുമായുള്ള കരാറിലൂടെ യു.എ.ഇക്ക് സാധിക്കും. യു.എ.ഇ, ഇസ്രായിൽ കരാർ ഇസ്രായിലിനു മേൽ സ്വാധീനമുണ്ടാക്കും. ഊഷ്മളമായ സമാധാനത്തിലൂടെ മറ്റേതൊരു രാജ്യവുമായി ഉള്ളതുപോലെ തന്നെ സാധാരണ നിലയിലുള്ള ഉഭയകക്ഷി ബന്ധം ഇസ്രായിലുമായി വികസിപ്പിക്കാനാണ് യു.എ.ഇ നേതാക്കൾ ആഗ്രഹിക്കുന്നത്. 


എന്നാൽ ഇതേ സമയം തന്നെ രാഷ്ട്രീയ തലത്തിൽ ഇസ്രായിലുമായി യു.എ.ഇക്ക് വിയോജിപ്പുണ്ട്. യു.എ.ഇ ഇപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നു. ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന്റെയും അനിവാര്യതയെ യു.എ.ഇ ഇപ്പോഴും പിന്തുണക്കുന്നു. അധിനിവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന കാര്യത്തിൽ ഫലസ്തീനികളും ഇസ്രായിലുകളുമാണ് ചർച്ച നടത്തേണ്ടതെന്നും ഡോ. അൻവർ ഗർഗാശ് കൂട്ടിച്ചേർത്തു.

 

Latest News