ഫേസ് ബുക്ക് തുണച്ചു; ആറു പതിറ്റാണ്ടിനുശേഷം പോറ്റു സഹോദരിയെ കണ്ടെത്തി

ദുബായ്- ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം തന്റെ പോറ്റു സഹോദരിയെ കണ്ടെത്തിയ സന്തോഷത്തിലാണ് അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ ഇന്ത്യക്കാരില്‍ 61-മനായ അസ്ഗര്‍ ശക്കൂര്‍ പട്ടേല്‍. ബ്രിട്ടനിലെ സ്‌കൂള്‍ പഠന കാലത്ത് തന്റെ പോറ്റു സഹോദരിയായിരുന്നു ഇഡയെ 16-ാം വയസ്സിലാണ് അവസാനമായി അസ്ഗര്‍ കണ്ടത്. നീണ്ട 62 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കണ്ടുമുട്ടാന്‍ ഫേസ്ബുക്കാണ് തുണച്ചത്. സ്‌കോട്ട്ലാന്‍ഡില്‍ വീണ്ടും നേരില്‍ കണ്ട  അപൂര്‍വ പുനസ്സമാഗമത്തിന്റെ വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന അസ്ഗറിനെ പിതാവ് ആറാം വയസ്സിലാണ് സ്വന്തം സഹോദരനും സഹോദരിക്കുമൊപ്പം സ്‌കൂള്‍ പഠനത്തിനായി ബ്രിട്ടനിലേക്കയച്ചത്. ഏറെ താമസിയാതെ സഹോദരി തിരിച്ചു ഇന്ത്യയിലേക്കു മടങ്ങി. ആറു വര്‍ഷം പരിചയക്കാരായ ഒരു സ്‌കോട്ടിഷ് കുടുംബത്തില്‍ പോറ്റു മക്കളായാണ് കഴിഞ്ഞത്. ഇക്കാലത്താണ് അസഗ്റിന് സഹോദരിയായി ഇഡയെ ലഭിച്ചത്. 12-ാം വയസ്സുവരെ ഈ കുടുംബത്തില്‍ കഴിഞ്ഞ അസ്ഗറിന്റെ എല്ലാം എല്ലാമായിരുന്നു  ഇഡ. ഇക്കാലത്ത് ഇഡയുടെ രക്ഷിതാക്കള്‍ തന്നെയായിരന്നു തന്റെയും മാതാപിതാക്കളെന്ന് അസ്ഗര്‍ പറയുന്നു.
13-ാം വയസ്സില്‍ ലണ്ടനിലെ ഒരു ബോര്‍ഡിങ് സ്‌കൂളിലേക്കു മാറ്റിയതോടെയാണ് അസ്ഗര്‍ ഇഡയെ പിരിഞ്ഞത്. കാംബ്രിജ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തും ആ സ്‌കോട്ടിഷ് കുടുംബവുമായുള്ള ബന്ധം തുടര്‍ന്നു. പിന്നീട് 16-ാം വയസ്സില്‍ ഇന്ത്യയിലേക്കു മടങ്ങുന്ന സമയത്താണ് ഇഡയെ അവസാനമായി കണ്ടത്. ഇന്ത്യയിലേക്കു യാത്ര തിരിക്കും മുമ്പ് ഗ്ലാസ്ഗോ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഗുഡ്ബൈ പറഞ്ഞ് കൈവീശുന്ന ഇഡയാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ അസ്ഗറിന്റെ ഓര്‍മ്മകളില്‍ ഉണ്ടായിരുന്ന പോറ്റു സഹോദരി.
ഇന്ത്യയിലെത്തിയ ശേഷം കുടുംബ ബിസിനസുമായി മുന്നോട്ടു പോകുകയും പിന്നീട് ബിസിനസ് സാമ്രാജ്യം യുഎഇയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. യുഎഇയിലെ സമ്പന്ന ഇന്ത്യക്കാരില്‍ ഒരാളായി മാറി. പിന്നീട് ബ്രിട്ടനില്‍ പോയപ്പോള്‍ ഇഡയേയും കുടുംബത്തേയും കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ വീടുമാറിപ്പോയിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ അവരുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞു പോയി. ഇതിനിടെയാണ് ഒരിക്കല്‍ ഫേസ്ബുക്ക് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്തു പോകുന്നതിനിടെ ഇഡയോട് രൂപസാദൃശ്യമുള്ള പ്രൊഫൈല്‍ ചിത്രം കണ്ടത്. ഇഡ വില്‍ഡെ എന്നായിരുന്നു തന്റെ പോറ്റു സഹോദരിയുടെ പേരെങ്കിലും ഫേസ്ബുക്കില്‍ കണ്ടെത്തിയ ഇഡ മൊര്‍ലാന്‍ഡ് എന്നായിരുന്നു. എങ്കിലും ഒരു ഇഡ വില്‍ഡെ ആണോ എന്നന്വേഷിച്ച് ഒരു മെസേജ് വിട്ടു. ഇതാണ് വഴിത്തരിവായത്. മറുപടി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടമായ സഹോദരിയെ അങ്ങനെ 78-കാരനായ അസ്ഗര്‍ കണ്ടെത്തി. ഇഡ ഇപ്പോള്‍ 83-കാരിയായ ഒരു മുത്തശ്ശിയാണ്. ഉടന്‍ തന്നെ അസ്ഗര്‍ ലണ്ടനിലേക്കു തിരിച്ചു. അവിടെ നിന്നും ഗ്ലാസ്ഗോയിലേക്ക്. അവിടെ കണ്ടു മുട്ടിയ ഒരു പഴയകാല സുഹൃത്ത് സ്‌കോട്ലാന്‍ഡിലെ അയ്ഷെയറിലെത്തിച്ചു. അവിടെ ഇഡയെ വീണ്ടും കണ്ടുമുട്ടി. നീണ്ട 62 വര്‍ഷങ്ങള്‍ക്കു ശേഷം. ഇരുവരും അല്‍പ്പം സമയം ഒന്നിട്ടു ചിലവിട്ട ശേഷം അസ്ഗര്‍ ദുബായിലേക്കു തന്നെ തിരിച്ചു. താമസിയാതെ ഇഡയെ ദുബയിലെത്തിക്കും. ഇത്രയും കാലം അസ്ഗര്‍ തന്നെ ഓര്‍ത്തിരിക്കുകയായിരുന്നുവല്ലോ എന്ന ആശ്ചര്യത്തിലാണ് ഇഡ.
ഗ്ലാസ്ഗോ റെയില്‍വെ സ്റ്റേഷനില്‍ അവസാനമായി യാത്രയാക്കുമ്പോള്‍ കൊച്ചു പയ്യനായിരുന്നു അസഗര്‍ ഇന്ന് കോടീശ്വരാനായി മാറി തെന്നെ കാണാനെത്തിയത് ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സ്വപ്നമെന്ന പോലെ അനുഭവപ്പെടുന്നുവെന്നായിരുന്നു ഇഡയുടെ പ്രതികരണം. ജനുവരിയില്‍ ദുബായില്‍ വീണ്ടും ഇരുവര്‍ക്കും ഒന്നിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഹോങ്കോങ്ങിലുള്ള അസ്ഗര്‍.
 

Latest News