Sorry, you need to enable JavaScript to visit this website.

ധാർമികതയും പരീക്ഷാ ഫലവും

ഭൂമി ഉരുണ്ടതാണെന്ന വസ്തുതയാണ് ഒരു പിൻബലം. ഏതു ദിശയിലൂടെ സഞ്ചരിച്ചാലും തുടങ്ങിയ സ്ഥലത്തു വന്നു കരകയറാം. ഇടതുപക്ഷത്തിന് ഇടത്തേക്കു തന്നെ രാഷ്ട്രീയവും കൊണ്ടു നടക്കേണ്ടതില്ല. 'റൈറ്റ്‌ടേൺ' അടിച്ചു മാർച്ച് ചെയ്താലും ഇടതു വശത്തെത്തി സമാപിക്കാം. അതുപോലെ തന്നെ വലതുപക്ഷത്തിനും രണ്ടുമല്ലാത്ത പക്ഷത്തിനും! 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാ'ണെന്നു ആചാര്യൻ പണ്ടു പറഞ്ഞു. (ഭവിഷ്യത്ത് ഓർത്തിരിക്കില്ല!) അദ്ദേഹം ഇരുപതാം നൂറ്റാണ്ടു വരെയേ ശാസ്ത്രം ഗണിച്ചിട്ടുണ്ടാവൂ! നൂറ്റാണ്ടു കഴിഞ്ഞപ്പോൾ മതം അടപ്രഥമനും കോഴി ബിരിയാണിയും പോത്തിറിച്ചിയും പോലെ പ്രിയങ്കരമായി മാറുമെന്ന് ആരും സ്വപ്‌നത്തിൽ പോലും നിരീക്ഷിച്ചിക്കുകയില്ല. ഇപ്പോൾ അതും സംഭവിച്ചു. ഇന്നിപ്പോൾ ചർച്ചാ വിഷയമാകാൻ മതവും സ്വർണവും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. ഇക്കുറി ഈ രണ്ടു വിഭവങ്ങൾക്കു പുറമെ 'ധാർമികത' എന്നൊരു പഴയ ചേരുവ കൂടി പാചക പരിപാടികളിൽ സ്ഥലം പിടിച്ചിട്ടുണ്ട്.
ഷൺമുഖം ചെട്ട്യാർ, ടി.ടി. കൃഷ്ണമാചാരി എന്നിവരും പിൽക്കാലത്ത് ലാൽബഹദൂർ ശാസ്ത്രിയും 'ധാർമിക ഉത്തരവാദിത്തം' ഏറ്റുപിടിച്ച് രാജിവെച്ചിട്ടുണ്ട്. കാലം മാറിയപ്പോൾ എ.കെ. ശശീന്ദ്രനും ഇ.പി. ജയരാജനും തോമസ് ചാണ്ടിക്കും വരെ ധാർമികത പിടിപെട്ടു രാജിവെക്കേണ്ടിവന്നു. അതോടെ പൂർവികരുടെ മഹത്വം നാട്ടുകാർ മറന്നു (ഓർമശക്തി കുറവാണല്ലോ!). ഈയിടെ തലപൊക്കിയ ധാർമികത നിമിത്തം ജലീൽ മന്ത്രി സെക്രട്ടറിയേറ്റിന്റെ നോർത്ത് ബ്ലോക്ക് വരെ ഓടി. ഓടിച്ചത് കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളിയും ചെന്നിത്തലയും തന്നെ. മാർക്‌സിസ്റ്റ് പാർട്ടി, ലെയ്‌സാൺ കമ്മിറ്റി എന്നിവക്കു പുറമെ സെക്യൂരിറ്റി സ്റ്റാഫും കൂടി ചേർന്നാണ് മന്ത്രിയെ ബലം പ്രയോഗിച്ചു പിന്തിരിപ്പിച്ചത്രേ! 'രാജിയില്ല' എന്നു മാത്രമേ ഉരിയാടാവൂ എന്നു മുഖ്യന്റെ ശാസനയും കിട്ടി. എന്നാൽ മിണ്ടാപ്പൂച്ചയെ പോലെ പതുങ്ങിനിൽക്കുന്ന സി.പി.ഐയെ ജലീൽ സഖാവ് വിരൽ ചൂണ്ടി കാട്ടിയതോടെ സി.പി.എം ഒന്നിളകി. കൊച്ചിയിൽ കഷായവും പിഴിച്ചിലുമായി കിടന്ന കാനം സഖാവ് അങ്ങനെയാണ് വ്രതം മുടക്കി വാതുറന്നത്. ധാർമികതയുടെ പ്രശ്‌നമില്ലെന്ന കാനത്തിന്റെ വാമൊഴിയോടെ സംഘർഷം പോയ്മറഞ്ഞു. കോവിഡ് കാലമായതിനാൽ ധാർമികതയുടെ ദഹനത്തിലും പ്രോട്ടോകോൾ അനുസരിച്ചുള്ള ചടങ്ങുകൾ ആയിരിക്കും ഉണ്ടാകുക.
കേരളാ കോൺഗ്രസ് ഏതാണെന്ന കാര്യത്തിൽ വീണ്ടും ഒരു 'ഉത്‌പ്രേക്ഷ'ക്കു വഴി തെളിയുന്നു. 'അതു താനല്ലയോ ഇത്' എന്ന വർണ്യത്തിൽ ആശങ്കയാണ് രോഗലക്ഷണം. പാലായോ, തൊടുപുഴയോ? ഫ്രാൻസിസ് ജോർജ് തുടങ്ങിയ ചില്ലറക്കാർ തൊടുപുഴക്കു വണ്ടി കയറി. പാലാക്കാരൻ ജോസ് മോന്! 'ആരുമില്ലാത്തവർക്കു മുകളിലുള്ളവൻ തുണ' എന്ന സമ്പ്രദായമനുസരിച്ച് കോടിയേരി ബാലകൃഷ്ണനുണ്ടു കൂടെ. സഖാവിന് തൊഴിലില്ലായ്മ ഭീഷണിയും പുത്രകോമാളിത്തങ്ങളും ഏറിയ കാലമാണ്. 'മാധ്യമ മൈക്ക് സേവ'യാണ് അഭയം. എത്ര മണിക്കൂറുകൾ വേണമെങ്കിലും ജോസ് മോനു പിന്തുണയാകാം. എന്നിട്ടും സമയം ബാക്കി. കോ-ലീ-ബി സഖ്യവുമായുള്ള അങ്കത്തിനും സമയവും ബാല്യവും ബാക്കി. അമ്പേ!.
ബൗദ്ധിക മണ്ഡലത്തൽ മാത്രം ചുറ്റിക്കറങ്ങുന്ന സി.പി.ഐയോ? ഭൂമി സ്വയം കറങ്ങുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്ന ഭൂഖണ്ഡാന്തര പരിപാടി കണ്ടാണ് ദൈനംദിന കർമങ്ങൾ. ഭൂമിയെപ്പോലെ ക്ഷമയുണ്ടെന്നതാണ് അധിക യോഗ്യത. സ്വയം കണക്കുകൾ കൂട്ടുന്നു, കുറയ്ക്കുന്നു. അതിനു പുറമെ, വല്യേട്ടനെ വലം വെയ്ക്കുകയും ചെയ്യുന്നു. എല്ലാ ബൗദ്ധിക ചർച്ചകളും മുടങ്ങാതെ തുടരുന്നു. ഇതിനിടയിലാണ് ജലീൽ മന്ത്രിയുടെയം പാലായിലെ ജോസ് മോന്റെയും പ്രശ്‌നം ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നത്. വളരെ ഗൗരവമുള്ള വിഷയമാകയാൽ വളരെ കഷ്ടപ്പെട്ടാണ് 'ഉരുത്തിരിയൽ' പ്രക്രിയ നടന്നത്. ധാർമികത അന്തരിച്ച്, മൃതദേഹം ജലീലിന്റെ കൈവശം എത്തിയതോടെ ഒന്നാം പ്രശ്‌നത്തിന്റെ കഥ കഴിഞ്ഞുവെന്ന് മുമ്പു പറഞ്ഞുവല്ലോ. പാലാ പ്രശ്‌നത്തിൽ നിലപാടു മാറ്റേണ്ടതില്ലെന്നാണ് പ്രഥമദൃഷട്യാ കണ്ടത്. കെ.എം. മാണിയുടെ കാലത്തേയുള്ളതാണ് സംഗതി. അത്തരം പാരമ്പര്യ നേട്ടങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റാൽ അതു കസേര മോഹിച്ചു ചെയ്യുന്ന കടുംകൈയാകുമെന്നായിരുന്നു പ്രശ്‌ന വിചാരം. എന്നാൽ അഗ്നികോണിൽ നിന്നു സി.പി.എമ്മിന്റെ തീപ്പാറുന്ന ദൃഷ്ടി കണ്ടപ്പോൾ ആസനം ചഞ്ചലമായി. യു.ഡി.എഫുകാരും തൊടുപുഴക്കാരും ആവർത്തിക്കുന്ന 'കെ.എം. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന പ്രയോഗമാണ് സി.പി.ഐയെ ബൗദ്ധിക വെട്ടിലാക്കിയത്. ആത്മാവ് എന്നൊന്നുണ്ടോ, അഥവാ ഉണ്ടെങ്കിൽ തന്നെ, പാലായിലെ കുഞ്ഞുമാണി സാറിന് അതുണ്ടോ എന്ന ബൗദ്ധിക ശങ്കയിൽ കാനവും കൂട്ടരും വല്ലാതെ വശംകെട്ടു. ശങ്ക തീർക്കാനാണെങ്കിൽ യുക്തിവാദികളെയോ ജനയുഗം വാരികയെയോ ഇന്നു കാണാനുമില്ല. പിന്നെ കരണീയമായത്, രണ്ടും കൽപിച്ച് വല്യേട്ടന്റെ ഇടതു കൈ വിരലിൽ തൂങ്ങി നിൽക്കുക മാത്രം! തദ്ദേശ സ്വയംഭരണവും നിയമസഭയും എന്നീ രണ്ടു ഭീകര വെല്ലുവിളികളാണ് വരുന്നത്. ഭരണമുള്ളതുകൊണ്ട് എല്ലാ കൊച്ചനിയൻ പാർട്ടികളും ഒന്നിച്ച് വല്യേട്ടനോടു ചേർന്നു കളയുമെന്നു കരുതിയില്ല.
ജോസ്‌മോൻ മധ്യതിരുവിതാംകൂറിലെ എല്ലാ മണ്ഡലങ്ങളും ഒരു കടലാസിൽ കുറിച്ചുവെച്ചിരിക്കുകയാണെന്നാണ് കേൾവി. 'നെയ്‌ത്തോലി ഒരു ചെറിയ മീനല്ല' എന്നു വീണ്ടും തെളിയിക്കേണ്ടത് സി.പി.ഐയുടെ ജീവൽപ്രശ്‌നമായി മാറുകയാണ്. ആദ്യം പാലാക്കാരൻ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കട്ടെ എന്നൊരു അടവു നയം എടുത്തു വീശിനോക്കാം. ഒന്നു വിരട്ടാൻ അതു തികഞ്ഞില്ലെങ്കിൽ, ചർച്ചയ്ക്കു ഇനിയും സമയമുണ്ട്. കോവിഡ് കാലമായതിനാൽ, തൊഴിലില്ലാതെ കഴിയുന്നതിലും ഭേദം, ദിവസവും ചർച്ച നടത്തുന്നതാണ്.

****                                 ****                    ****
ദില്ലിയിൽ ആരൊക്കെയോ ചേർന്ന് മോഡിക്ക് 'മണ്ടൻ നൊബേൽ സമ്മാനം' പ്രഖ്യാപിച്ചതായി ഒരു വാർത്ത ഉരുണ്ടു കളിക്കുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് ദ്രോഹങ്ങൾ കൊണ്ടു മതിയാകാത്തവരാണ് കടുംകൈ ചെയ്തത്. 'കർഷക ബന്ധ ബിൽ, നോട്ടു നിരോധനമോ, ജി.എസ്.ടി എന്ന ചോർച്ചപ്പെട്ടിയോ പോലെ അല്ല' എന്ന് ഇനി ആരുടെ തലയിൽ കൈവെച്ചു സത്യം ചെയ്യണം? അന്ധവിശ്വാസികളുടെ കൂടാരം ആകയാൽ സ്വന്തം പാർട്ടിക്കാർ ആരും തന്നെ തല നീട്ടിവെച്ചു തരുകില്ല. ഘടക കക്ഷികളാകട്ടെ, പിന്തുണ നൽകുന്നതു തന്നെ തലയിൽ മുണ്ടുമിട്ടോണ്ടാണ്. കർഷകരുടെ എല്ലാം ഉറപ്പു വരുത്തുന്ന 'ഹിന്ദി ബെൽറ്റി'ൽ അവർ 'ബെൽറ്റിലെ തുള' പോലെ 'സീറോ' ആണ്. കോർപറേറ്റുകൾ ബില്ലിന്റെ 'വിള' കൊയ്യുമെന്നാണ് ആരോപണം. 'നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്ന പ്രമാണമനുസരിച്ച്, നാളെ കോർപറേറ്റുകൾ കൃഷി ചെയ്യാനിറങ്ങിയാൽ തടുക്കാൻ കഴിയുമോ? കൃഷി ചെയ്യുന്നവനല്ലേ വിളയും വിലയും കിട്ടേണ്ടത്?
ഇതിന്റെ പേരിൽ, കൃഷി ചെയ്യാത്ത കേരളത്തിലെ എം.പിമാർ ഗാന്ധി പ്രതിമക്കു ചുറ്റും ഉറക്കമിളച്ചു സമരം ചെയ്തതു ശരിയായില്ല. കെ.കെ. രാഗേഷിനെ പുൽത്തകിടിയിൽ വിളിച്ചുണർത്താൻ യെച്ചൂരി സഖാവിന്റെ ഫോൺ വിളി വേണ്ടിവന്നു. പിന്നെ, ബില്ലിൽ എന്തെങ്കിലും 'ഹിഡൺ അജൻഡ'യുണ്ടോ എന്ന കാര്യം.....
നാളെയെക്കുറിച്ച് ആർക്ക് എന്തറിയാം? എല്ലാം മായമല്ലേ? മോഡിയാണെങ്കിൽ മഹേന്ദ്ര ജാലക്കാരനും! അടുത്ത മാസം തന്നെ മുപ്പതു കോടി കർഷകർക്ക് പുതിയ ബില്ലിന്റെ 'വിള' കിട്ടി എന്നൊരു പ്രഖ്യാപനം കേട്ടാലും അത്ഭുതപ്പെടാനില്ല. ഒറ്റ 'മിസ് കോളിൽ' കോടിക്കണക്കിന് അംഗങ്ങളെ സമ്പാദിച്ച പാർട്ടിയാണ് ഭരിക്കുന്നത്. കോടികളിലായാലും പൂജ്യത്തിനു വില കൽപിക്കാതിരുന്നാൽ സുഖമായി ഉറങ്ങാം. മായ തന്നെയാണ് എല്ലാമെന്നു കരുതുക.

****                                ****                           ****
അവസാനം കെ.പി.സി.സി നടത്തിയ യോഗ്യതാ പരീക്ഷകളുടെ ഫലം പുറത്തു വന്നു. ഒമ്പതു ജില്ലകളിൽ ഡി.സി.സികൾ മികവു കാട്ടിയതിനാൽ പ്രസിഡന്റ് പച്ചക്കൊടി അത്രയും തവണ വീശിക്കാട്ടി. അവർക്കു ഓൺലൈൻ വഴി ലീഗിന്റെ പ്രത്യേക അഭിനന്ദനങ്ങളും ലഭിച്ചു. അഞ്ചു ജില്ലകളിൽ 'മഞ്ഞ'യുടെ പ്രകടനമായിരുന്നു. ശരാശരി! അഭിനന്ദിക്കുമെന്നു പ്രതീക്ഷിച്ച വെള്ളാപ്പള്ളിയോ മകൻ തുഷാർപള്ളിയോ, പീതാംബരമേന്തുന്ന പെരുന്നയിലെ സുകുമാരൻ നായരോ തിരിഞ്ഞു നോക്കിയില്ല. വോട്ടു ചോർച്ച ആയിരിക്കുമോ വർഷഫലമെന്ന് മുല്ലപ്പള്ളിയുടെ ഉള്ളിൽ ശങ്ക പടർന്നു. കെ.പി.സി.സി സംസ്ഥാന ഭാരോദ്വഹന വീരന്മാരിൽ ഒമ്പതു പേർ പച്ചയും 20 പേർ മഞ്ഞയും 16 പേർ ചുകപ്പുമാണ് നേടിയത്. ലീഗിന്റെ ശക്തമായ പിന്തുണ തുടരുമെന്നും 20 പേരെ ജാതി സംഘടനകളുടെ പിന്തുണ അന്വേഷിച്ചു പോകാൻ അയക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ചെമപ്പു കാട്ടിയ ആ 16 പേരെ നിരീക്ഷണത്തിലാക്കും. കുഴിമടിയന്മാർ! കോവിഡ് പ്രോട്ടോകോൾ പോലെ കർശനമായിരിക്കും നിരീക്ഷണം. അവർക്ക് എ.കെ.ജി സെന്റർ, എം.എൻ സ്മാരകം, വിവിധ മാവോ ഗ്രൂപ്പുകൾ എന്നീ കേന്ദ്രങ്ങളുമായി മൊബൈൽ-ആപ് ബന്ധങ്ങളുണ്ടോ എന്നും പരിശോധിക്കും. എന്നാൽ ബി.ജെ.പിയെ നേരിടുവാൻ ഇവരുടെ സമ്പർക്ക പട്ടിക പ്രയോജനപ്പെടുത്തുവാനും ആലോചനയുണ്ട്.

Latest News