Sorry, you need to enable JavaScript to visit this website.

മെസ്സിയുടെ സീസൺ

മെസ്സി എന്നത്തെയും പോലെ തന്റെ എല്ലാം ബാഴ്‌സലോണക്കായി സമർപ്പിക്കുമോ? ക്ലബ്ബിൽ നിന്നുണ്ടായ അനുഭവം മെസ്സിയുടെ ആവേശം നഷ്ടപ്പെടുത്തുമോ? ട്രാൻസ്ഫർ വിവാദങ്ങൾ മെസ്സിയുടെ പ്രകടനത്തെ ബാധിക്കുമോ? കാമ്പ്‌നൗവിൽ ഞായറാഴ്ച യ്യാറയലിനെതിരെ ബാഴ്‌സലോണ സീസൺ തുടങ്ങുമ്പോൾ ഇതായിരിക്കും ചർച്ചാ വിഷയം

ബാഴ്‌സലോണ പുതിയ സീസൺ ആരംഭിക്കുകയാണ്, ഞായറാഴ്ച. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെപ്പോലെ ലിയണൽ മെസ്സിയും പുതിയ സീസൺ തുടങ്ങും. എന്നാൽ മെസ്സിക്ക് ഇത് വേണ്ടാത്ത സീസണാണ്. ബാഴ്‌സലോണ മടുത്ത് പുതിയ ലാവണം തേടിയതായിരുന്നു അവരുടെ സൂപ്പർ താരം. പ്രിയപ്പെട്ട ക്ലബ്ബുമായി നിയമയുദ്ധം വേണ്ടെന്നതിനാൽ മാത്രമാണ് തുടരുന്നത്. പ്രിയ സുഹൃത്തുക്കളായ ലൂയിസ് സോറസും ആർതുറൊ വിദാലും ക്ലബ് വിട്ടുകഴിഞ്ഞു. നെയ്മാറിന്റെ വരവിന്റെ വഴിയടഞ്ഞു. മെസ്സി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. ഈ സീസണിൽ പക്ഷെ മെസ്സിയുടെ ഓരോ വീഴ്ചയും പർവതീകരിക്കപ്പെടും. 
മെസ്സി എന്നത്തെയും പോലെ തന്റെ എല്ലാം ബാഴ്‌സലോണക്കായി സമർപ്പിക്കുമോ? ക്ലബ്ബിൽ നിന്നുണ്ടായ അനുഭവം മെസ്സിയുടെ ആവേശം നഷ്ടപ്പെടുത്തുമോ? ട്രാൻസ്ഫർ വിവാദങ്ങൾ മെസ്സിയുടെ പ്രകടനത്തെ ബാധിക്കുമോ? കാമ്പ്‌നൗവിൽ ഞായറാഴ്ച വിയ്യാറയലിനെതിരെ ബാഴ്‌സലോണ തങ്ങളുടെ ലീഗ് സീസൺ തുടങ്ങുമ്പോൾ മെസ്സിയായിരിക്കും ചർച്ചാ വിഷയം. പുതിയ കോച്ച് റോണൾഡ് കൂമനു കീഴിൽ ബാഴ്‌സലോണയുടെ ഔദ്യോഗിക അരങ്ങേറ്റമായിരിക്കും ഇത്. സീസൺ നേരത്തെ ആരംഭിച്ചെങ്കിലും ബാഴ്‌സലോണക്ക് ആദ്യ രണ്ടാഴ്ച വിശ്രമമായിരുന്നു. 
ബാഴ്‌സലോണയുടെ അവസാന മത്സരം അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം കളികളിലൊന്നായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് 2-8 തോൽവി. മെസ്സിയുടെ കരിയറിലെയും ഏറ്റവും മോശം തോൽവിയായിരുന്നു അത്. അത് ക്ലബ്ബിനെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ക്ലബ്ബ് വിടണമെന്ന ആഗ്രഹം പരസ്യമാക്കാൻ മെസ്സിയെ പ്രേരിപ്പിച്ചത് അതാണ്. ക്ലബ് പ്രസിഡന്റ് തന്റെ വാക്കുകളിൽ നിന്ന് പിന്മാറുകയും വൻ തുക ആവശ്യപ്പെടുകയും ചെയ്തതോടെ മെസ്സിക്ക് ബാഴ്‌സലോണയിൽ തുടരേണ്ടി വന്നു. ഇഷ്ടത്തോടെയല്ല തുടരുന്നതെന്നും ബാഴ്‌സലോണയുമായി നിയമയുദ്ധം ആഗ്രഹിക്കാത്തതിനാലാണെന്നും മെസ്സി പരസ്യ പ്രസ്താവനയിൽ വ്യക്തമാക്കി. താൻ പൂർണമായ ആത്മാർഥതയോടെ കളിക്കുമെന്നും മെസ്സി വിശദീകരിച്ചു. പ്രിയപ്പെട്ട ക്ലബ്ബിലെ അവസാന സീസൺ മെസ്സി മോശമാക്കുമെന്ന് കരുതാൻ ന്യായമൊന്നുമില്ല. 
മെസ്സി ഈ സീസണിൽ ഒപ്പമുണ്ടാവില്ലെന്നു തന്നെയാണ് കരുതിയതെന്ന് സഹതാരം സെർജി റോബർടൊ പറയുന്നു. ഞങ്ങളുടെ ക്യാപ്റ്റനാണ് മെസ്സി. ഈ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരം. ഫുട്‌ബോൾ തട്ടിയ മികച്ച കളിക്കാരൻ. ലിയൊ ഇല്ലാത്ത ബാഴ്‌സലോണയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവുന്നില്ല. മറ്റൊരു അനുഭവം വേണമെന്ന് മെസ്സി ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഇക്കാലമത്രയും മെസ്സി ബാഴ്‌സലോണക്കായാണ് സർവസ്വം സമർപ്പിച്ചത്. ഫസ്റ്റ് ടീമിലെത്തിയതു മുതൽ ബാഴ്‌സലോണയുടെ ആവേശമാണ് -റോബർടൊ പറയുന്നു. മെസ്സി തുടരുന്നുവെങ്കിലും ബാഴ്‌സലോണ വ്യാപകമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ക്വികെ സെതിയേനു പകരം കോച്ചായി റോണൾഡ് കൂമൻ എത്തി. ടീമിനെ അദ്ദേഹം ഉടച്ചുവാർക്കുകയാണ്. സമീപകാലത്തെ നിരവധി മികച്ച കളിക്കാർ ഇല്ലാതെയാണ് ബാഴ്‌സലോണ തുടങ്ങുന്നത്. ഇവാൻ റാകിറ്റിച് സെവിയയിലേക്ക് പോയി. ലൂയിസ് സോറസ് അത്‌ലറ്റിക്കൊ മഡ്രീഡിൽ ചേർന്നു. ആർതുറൊ വിദാൽ ഇന്റർ മിലാനിലും നെൽസൺ സെമീദൊ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വുൾവർഹാംപ്റ്റനിലും കരാറൊപ്പിട്ടു. 
ഒരു ട്രോഫി പോലും കിട്ടാത്ത സീസണിനു ശേഷമാണ് ബാഴ്‌സലോണ പുതിയ കുതിപ്പിനൊരുങ്ങുന്നത്. ലോക്ഡൗണിന് മുമ്പ് പോയന്റ് പട്ടികയിൽ മുന്നിലായിരുന്ന ബാഴ്‌സലോണ ഒടുവിൽ റയൽ മഡ്രീഡിന് അഞ്ച് പോയന്റ് പിന്നിലായിരുന്നു. ബാഴ്‌സലോണ അവരുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സീസണിനാണ് തയാറെടുക്കുന്നത്. 


 

Latest News