Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സ: കൂടുതല്‍ ഫലപ്രദമായ ആന്റിബോഡികള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

ബെര്‍ലിന്‍- കൊറോണ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ ആന്റിബോഡികള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. കോവിഡ്19 നെതിരായ പാസ്സീവ് വാക്‌സിനേഷന്‍ വികസിപ്പിക്കുന്നതില്‍ ഇത് നിര്‍ണായകമാണ്. ആക്ടീവ് വാക്‌സിനേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ആന്റിബോഡികള്‍ വഴി ഉടന്‍ ഫലം ലഭ്യമാക്കുന്നതാണ് പാസ്സീവ് വാക്‌സിനേഷന്‍. റെഡിമെയ്ഡ് ആന്റിബോഡികളാണ് പാസ്സീവ് വാക്‌സിനേഷനിലൂടെ ലഭിക്കുന്നത്. ആക്ടീവ് വാക്‌സിനേഷനാണെങ്കില്‍ ആദ്യം പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും ഈ ആന്റിബോഡികള്‍ വഴി സാധിക്കുമെന്നും ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ന്യൂറോഡിജനറേറ്റീവ് ഡീസിസുകള്‍ക്കായുള്ള ജര്‍മന്‍ സെന്ററായ ഡി.സെഡ്.എന്‍.ഇയിലെയും ബെര്‍ലിന്‍ ചാരിറ്റെയിലെയും ശാസ്ത്രജ്ഞര്‍ കോവിഡ് അതിജീവിച്ചവരുടെ രക്തത്തില്‍നിന്ന് 600 വ്യത്യസ്ത ആന്റിബോഡികളാണ് വേര്‍തിരിച്ചത്. ഇവയില്‍നിന്ന് വൈറസിനെ ഫലപ്രദമായി തടയാനാകുന്ന ഏതാനും ആന്റിബോഡികള്‍ ലബോറട്ടറി പരിശോധനകളിലൂടെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. സെല്‍ കള്‍ച്ചേഴ്‌സ് ഉപയോഗിച്ച് ഈ ആന്റിബോഡികള്‍ കൃത്രിമമായി നിര്‍മിക്കുകയാണ് ഗവേഷകര്‍ അടുത്ത ഘട്ടത്തില്‍ ചെയ്തത്.
ആന്റിബോഡികളില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ വികസനത്തിന് ഉപയോഗിക്കാമെന്ന് ഡി.സെഡ്.എന്‍.ഇ ഗവേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന ഹറാള്‍ഡ് പ്രസ് പറഞ്ഞു. ബെര്‍ലിന്‍ യൂനിവേഴ്‌സിറ്റാറ്റ്‌സ്‌മെഡിസിന്‍-ചാരിറ്റെയിലെ സീനിയര്‍ ഡോക്ടര്‍ കൂടിയാണ് അദ്ദേഹം. ആന്റിബോഡികള്‍ ഉപയോഗിച്ച് കോവിഡിനെതിരെ പാസ്സീവ് വാക്‌സിനേഷന്‍ വികസിപ്പിക്കാന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിനു പുറമെ, കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ആരോഗ്യ സുരക്ഷക്കും ആന്റിബോഡികള്‍ സഹായകമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. ആന്റിബോഡികളുടെ സംരക്ഷണം എത്ര കാലമുണ്ടാകുമെന്ന കാര്യം ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. ആക്ടീവ് വാക്‌സിനേഷനില്‍നിന്ന് വ്യത്യസ്തമായി കുത്തിവെക്കുന്ന റെഡി മെയ്ഡ് ആന്റിബോഡികള്‍ ക്രമേണ നശിക്കുമെന്നും പ്രതിരോധ ശേഷി നഷ്ടപ്പെടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

Latest News