ജാതി മാറി വിവാഹം: യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി

ഹൈദരാബാദ്- യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി ഹേമന്താണ് കൊല്ലപ്പെട്ടത്. ദുരഭിമാന കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പ്രണയിത്തിലായിരുന്ന  ഹേമന്തും അവന്തിയും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കഴിഞ്ഞ ജൂലൈയിലാണ്  വിവാഹിതരായത്. വ്യത്യസ്ത ജാതിക്കാരായ ഇവര്‍ തുടര്‍ന്ന് ഗാച്ചിബൗളിയിലെ ടി.എന്‍.ജി.ഒ കോളനിയില്‍ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ഹേമന്ത് സ്വന്തം വീട്ടുകാരോടും വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഹേമന്തിന്റെ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. ഗോപന്‍പള്ളിയില്‍വെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍ കണ്ടെത്തി. അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

 

Latest News