ദുബായ് - ഈയിടെ ഒപ്പുവച്ച എയര്‍ബബ്ള്‍ കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ. ഒക്ടോബര്‍ നാലു മുതലാണ് സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ നാല്, 11 തിയതികളില്‍ ദുബായില്‍ നിന്ന് കണ്ണൂരിലേക്കും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒക്ടോബര്‍ അഞ്ച്, 12, 19 തിയതികളിലും സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ ആറ്, 13, 20, ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബര്‍ ഏഴ്, 14, 21 എന്നിങ്ങനെയാണ് സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ്, എട്ടുകിലോഗ്രാം ഹാന്‍ഡ് ബാഗേജും കൂടാതെ ലാപ്‌ടോപ്പും കൈയില്‍ കരുതാം. 330 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
നിലവില്‍ ദുബായില്‍ നിന്ന് മാത്രമാണ് കരാര്‍ പ്രകാരം സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകാതെ മറ്റു എമിറേറ്റുകളില്‍ നിന്നും സര്‍വീസ് ഉണ്ടാകുമെന്നാണ് സൂചന. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ് വിമാനം പുറപ്പെടുക. യാത്രക്കാര്‍ നാല് മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ടു ചെയ്യണം.
നേരത്തെ, കോവിഡ് രോഗികളെ രാജ്യത്തേക്ക് കൊണ്ടുവന്ന കാരണത്താല്‍ എയര്‍ ഇന്ത്യക്ക് ദുബായ് വ്യോമയാന അതോറിറ്റി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിമാനക്കമ്പനി മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് വിലക്ക് മണിക്കൂറുകള്‍ക്കകം നീക്കുകയായിരുന്നു.