Sorry, you need to enable JavaScript to visit this website.

4.20 ലക്ഷം രൂപ തരാം, ഒന്നു കല്യാണം കഴിക്കുമോ?

ടോക്കിയോ-വിവാഹവും നടക്കുന്നില്ല ജനനനിരക്കും കുറവ്. സര്‍ക്കാര്‍ ധനസഹായം നല്‍കിയാലെങ്കിലും യുവാക്കള്‍ വിവാഹിതരാകണമെന്ന ആവശ്യവുമായി ഒരു രാജ്യം. ജപ്പാനാണ് 4.20 ലക്ഷം രൂപ തന്നാലെങ്കിലും യുവാക്കള്‍ വിവാഹിതരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം കഴിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായി കുറവ് വന്നതാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിവാഹം കുറഞ്ഞതോടെ ശിശുജനന നിരക്കും ജപ്പാനില്‍ ആശങ്കാജനകമായ വിധം കുറഞ്ഞു. വിവാഹം കഴിക്കാനായി സര്‍ക്കാര്‍ 600,000 യെന്‍ നല്‍കും. ഏകദേശം 4.20 ലക്ഷം രൂപ വരും. പുതുതായി പ്രഖ്യാപിച്ച ഫണ്ട് ശേഖരിക്കുന്നതിനെങ്കിലും ജപ്പാന്‍കാര്‍ വിവാഹം കഴിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഈ സഹായ പദ്ധതി ആരംഭിക്കുമെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ചില നിയമങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനം ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം എന്നതാണ്. മൊത്തം വരുമാനം വര്‍ഷത്തില്‍ 38 ലക്ഷത്തില്‍ താഴെയുമായിരിക്കണം. അത്തരക്കാര്‍ക്ക് ഈ പദ്ധതിയ്ക്കായി അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 35 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിയമങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷം രൂപയാണെങ്കില്‍ 2.1 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുക. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സൊസൈറ്റി സെക്യൂരിറ്റി റിസര്‍ച്ച് നടത്തിയ സര്‍വേ ആണ് സര്‍ക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 2015 മുതല്‍ 25 നും 34 നും ഇടയില്‍ പ്രായമുള്ള 29.1 ശതമാനം പുരുഷന്മാര്‍ക്കും 17.8 ശതമാനം സ്ത്രീകള്‍ക്കും പണത്തിന്റെ അഭാവം മൂലം വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ അടുത്ത വര്‍ഷം ജപ്പാനിലെ ജനനനിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
 

Latest News