Sorry, you need to enable JavaScript to visit this website.

കുറ്റപത്രത്തിലെ രാഷ്ട്രീയം

സ്വാതന്ത്ര്യാനന്തര ഇന്ത്യ അനേകം ഹിന്ദു-മുസ്‌ലിം കലാപങ്ങൾക്ക് സാക്ഷിയായി. വിഭജനാനന്തരമുണ്ടായ രാഷ്ട്രീയ, സാമൂഹിക സമവാക്യങ്ങൾ ഇത്തരം കലാപങ്ങൾക്ക് ഹേതുവായി. വർഗീയ കലാപങ്ങളുടെ ഏറ്റവും വലിയ പരീക്ഷണശാലയായി മാറിയ ഗുജറാത്തിൽനിന്നുള്ളവർ അമരത്തുള്ളപ്പോൾ, ദൽഹി കലാപക്കേസിലെ ഇരകൾ പ്രതികളായി മാറുന്നതിൽ അത്ഭുതമില്ല. 


അമ്പതിലധികം ജീവനെടുത്ത്, നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും കോടികളുടെ സ്വത്തുവക നശിപ്പിക്കപ്പെടുകയും രാജ്യതലസ്ഥാനത്തെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തുകയും ചെയ്ത ദൽഹി കലാപത്തിന് പിന്നിൽ നടന്ന വിപുലമായ ഗൂഢാലോചനയുടെ കഥക്കായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു.  ദൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ കോടതിയിലേക്ക് കൊണ്ടുവന്ന, 11 വോള്യങ്ങളിലായി 17,000 പേജുകളിൽ പരന്നുകിടക്കുന്ന കുറ്റപത്രം ആ കഥ പറയുന്നു. ആറു മാസത്തെ പോലീസിന്റെ അശ്രാന്ത പരിശ്രമം കൊണ്ട് കൂട്ടിയിണക്കപ്പെട്ട തുമ്പുകൾ, ഇന്ത്യയുടെ കേസന്വേഷണ ചരിത്രത്തിൽ തന്നെ പുതിയ അധ്യായമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തെ ഭരണത്തിനിടെ നരേന്ദ്ര മോഡി സർക്കാരിനെ ഏറെ അലോസരപ്പെടുത്തിയ പൗരത്വ വിരുദ്ധ പ്രക്ഷോഭവുമായി കലാപത്തെ കൂട്ടിയിണക്കാനുള്ള വിദഗ്ധമായ കൗശലം നിറഞ്ഞുനിൽക്കുന്നതാണ് ഈ കുറ്റപത്രം.
മൂന്ന് വാട്‌സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് കലാപത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന്, ജവാഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥിയായ ഷർജീൽ ഇമാമിന്റെ മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓഫ് ജെ.എൻ.യു (എം.എസ്.ജെ) ഗ്രൂപ്പ്. രണ്ട്, ജാമിഅ കോഡിനേഷൻ കമ്മിറ്റി, മൂന്ന്, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ട പ്രമുഖരായ പല ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്ന ദൽഹി പ്രൊട്ടസ്റ്റ് സപ്പോർട്ട് ഗ്രൂപ്പ്.  


ആദ്യത്തെ രണ്ട് ഗ്രൂപ്പുകളുടേയും പ്രവർത്തനത്തെ അമേച്വർ എന്നും മൂന്നാമത്തെ ഗ്രൂപ്പിന്റെ പ്രവർത്തനം പ്രൊഫഷണൽ എന്നുമാണ് കുറ്റപത്രം വിശദീകരിക്കുന്നത്. സി.എ.എ പ്രക്ഷോഭത്തിന് പ്രത്യയശാസ്ത്ര അടിത്തറ പണിതത് ഈ  ഗ്രൂപ്പിൽ പെട്ടവരാണത്രേ. കൊലപാതകം, കൊലപാതക ശ്രമം, കലാപം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ ഇരുപത്തഞ്ചോളം വകുപ്പുകൾ ഉപയോഗിച്ചാണ് കേസിലെ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 15 പേർക്കെതിരെ യു.എ.പി.എയും ചുമത്തിയിരിക്കുന്നു. ഇതിൽ ഒരാൾ പോലും സി.എ.എ അനുകൂല പ്രക്ഷോഭകരല്ല എന്നത് ശ്രദ്ധേയമാണ്. 
കുറ്റപത്രത്തിൽ പരാമർശിക്കുന്ന പേരുകളിലൂടെ കടന്നുപോകുമ്പോൾ തന്നെ, അതിന്റെ രാഷ്ട്രീയ സ്വഭാവം വ്യക്തമാകും. സി.പി.ഐ നേതാവ് ആനിരാജയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും അതിലുൾപ്പെടുന്നു. പ്രകോപനപരമായി പ്രസംഗിച്ചെന്നും ഇവർ അംഗമായ വാട്‌സാപ് ഗ്രൂപ്പിൽ ദൽഹി കലാപത്തെക്കുറിച്ച് ചർച്ച നടത്തിയെന്നുമാണ് പോലീസ് പറയുന്നത്.


നദീം ഖാൻ, ഉദിത് രാജ് എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. ദൽഹിയിൽ അരങ്ങേറിയ സി.എ.എ വിരുദ്ധ കുത്തിയിരിപ്പ് സമരങ്ങളിൽ ഈ നേതാക്കൾ സജീവ പങ്കാളികളായിരുന്നുവെന്നും പ്രകോപനപരമായി പ്രസംഗിച്ചുവെന്ന സാക്ഷിമൊഴികൾ ഉണ്ടെന്നും ദൽഹി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ നടന്ന മഹിളാ ഏകതാ മാർച്ച് കലാപത്തിന്റെ തുടക്കമായെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രശാന്ത് ഭൂഷൺ, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് എന്നിവർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്.


പ്രകോപനപരമായ പ്രസംഗങ്ങളുടെ കൃത്യമായ സ്വഭാവം പക്ഷേ പോലീസ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ല. ഇവർക്കെതിരെ സാക്ഷിമൊഴി നൽകിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് വെളിപ്പെടുത്തുന്നില്ല. സി.ആർ.പി.സി വകുപ്പ് 164 പ്രകാരം മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിയായാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. സംരക്ഷണ സാക്ഷി എന്ന നിലയിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഇതുവരെ പേരു ചേർക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരനാണ് മുൻ കേന്ദ്ര മന്ത്രികൂടിയായ സൽമാൻ ഖുർഷിദ്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയും സി.എ.എ വിരുദ്ധ പ്രസ്ഥാനത്തിലെ പ്രമുഖരെയും ലക്ഷ്യമിടാൻ ദൽഹി പോലീസ് കലാപക്കേസ് ഉപയോഗിക്കുന്നു എന്നതിന് ഇതിൽപരം മറ്റൊരു തെളിവിന്റെ ആവശ്യമില്ല. തന്നെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ ഇടയാക്കിയ പ്രകോപനപരമായ പ്രസ്താവന എന്താണെന്ന് അറിയാൻ താൽപപ്പര്യമുണ്ടെന്നായിരുന്നു സൽമാൻ ഖുർഷിദിന്റെ പ്രതികരണം.


സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ വാർത്താവിനിമയത്തിന്റെയും പുതിയ കാലത്ത് ദേശീയ തലത്തിൽ മാത്രമല്ല, അന്തർദശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഒരു മഹാപ്രക്ഷോഭം ഏകോപിപ്പിക്കുന്നതിന് വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു എന്നത് മഹാ അപരാധമായാണ് ദൽഹി പോലീസ് വിശേഷിപ്പിക്കുന്നത്. തീർച്ചയായും ഈ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ സമരത്തെക്കുറിച്ചും പ്രക്ഷോഭത്തെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അക്രമമോ കലാപമോ അഴിച്ചുവിടുന്നതിനെക്കുറിച്ച് ഒരു വാക്കുപോലും ആരും പറഞ്ഞിട്ടില്ലെന്ന് 'ദ ക്വിന്റ്' പോലെയുള്ള മാധ്യമങ്ങളുടെ അന്വേഷണത്തിൽ വെളിപ്പെട്ടതാണ്. ഇത്തരം റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ തങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ മറച്ചുവെക്കാൻ കുറ്റപത്രത്തിൽ ചില തിരുത്തലുകൾ വരുത്താൻ പോലും ദൽഹി പോലീസ് തയാറായി. ഉദാഹരണമായി, നേരത്തെ സമർപ്പിച്ചിരുന്ന കുറ്റപത്രങ്ങളിൽ പോലീസ് അവകാശപ്പെട്ടിരുന്നത് ഖാലിദ് സൈഫി, താഹിർ ഹുസൈൻ, ഉമർ ഖാലിദ് എന്നിവർ ഷഹീൻ ബാഗിൽ ജനുവരി എട്ടാം തീയതി ഗൂഢാലോചന നടത്തി എന്നാണ്. ഈ തീയതികൾ പിന്നീട് ഫെബ്രുവരി 16-17 എന്ന് പോലീസ് തിരുത്തി. ഈ മാറ്റത്തിന് പ്രത്യേക വിശദീകരണമൊന്നും പോലീസ് നൽകുന്നുമില്ല. ഡോണൾഡ് ട്രംപിന്റെ ദൽഹി സന്ദർശനവുമായി കലാപ ഗൂഢാലോചനയെ ബന്ധിപ്പിക്കാനായിരുന്നു ഈ നീക്കമെന്ന് കരുതപ്പെടുന്നു.


സമരവുമായി ബന്ധപ്പെട്ടുണ്ടായ റോഡ് തടസ്സത്തെ കലാപവുമായി കൂട്ടിയിണക്കാനാണ് റിപ്പോർട്ടിലുടനീളം പോലീസ് ശ്രമിക്കുന്നത്. ദൽഹി കലാപം ആരംഭിച്ചത് സി.എ.എ പ്രക്ഷോഭത്തിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരായ നഗ്നമായ ആക്രമണത്തോടെയായിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. ദൽഹിയിലെ അറിയപ്പെട്ട ബി.ജെ.പി നേതാക്കളാണ് അതിന് നേതൃത്വം നൽകിയതെന്നും ഉത്തർപ്രദേശിൽനിന്ന് കലാപം നടത്താനായി ഗുണ്ടകളെ ഇറക്കുമതി ചെയ്‌തെന്നും മാധ്യമങ്ങൾ അന്നു തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. കലാപകാലത്ത് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെപ്പോലുള്ളവർ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഗോലി മാരോ താക്കൂർ എന്നാണ് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പോലും അനുരാഗിനെ പ്രതിപക്ഷം വിളിച്ചത്. 


പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡ് തടസ്സമുണ്ടാക്കുന്നതിനെക്കുറിച്ച ചില ചർച്ചകൾ ഈ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ നടന്നുവെന്നതാണ് ഇവരെയെല്ലാം കലാപവുമായി ബന്ധിപ്പിക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ റോഡ് തടസ്സമുണ്ടാക്കുന്നതിനെ എതിർത്തും പലരും ഈ ഗ്രൂപ്പുകളിൽ സന്ദേശങ്ങളിട്ടിരുന്നു. ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കൂടിയാലോചനകളെയാണ് ഗൂഢാലോചനയായി ഇവിടെ ചിത്രീകരിക്കുന്നത്. വടക്കുകിഴക്കൻ ദൽഹിയിൽ പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡ് തടയണമോ എന്ന കാര്യത്തെക്കുറിച്ചുള്ള ഒരു സംവാദത്തിൽനിന്ന് ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് ചിലരെയൊക്കെ ഗൂഢാലോചനക്കാരായി ചിത്രീകരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി റോഡ് തടയുന്നത് ഇന്ത്യയിൽ എത്രമാത്രം പുതുമയുള്ള കാര്യമാണെന്ന് അറിയാത്തവരൊന്നുമല്ല ദൽഹി പോലീസിലെ അന്വേഷണ വിദഗ്ധർ. ഇതെഴുതുമ്പോഴും പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർ ദേശീയ പാതകളിൽ കൂട്ടമായി കുത്തിയിരിക്കുകയാണ്, തങ്ങളുടെ അന്നം മുട്ടിക്കുന്ന കാർഷിക ബില്ലുകൾക്കെതിരെ. 


2019 ഡിസംബറിൽ  സി.എ.എ പ്രക്ഷോഭം നടക്കുമ്പോൾ സമരക്കാരും പോലീസും തമ്മിൽ പലതവണ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ അതായത് 2020 ഫെബ്രുവരിയോടെ പോലീസ് ചിത്രത്തിൽനിന്ന് മാറുകയും അവിടേക്ക് സി.എ.എ അനുകൂല പ്രവർത്തകരും ഹിന്ദുത്വവാദികളും കടന്നുവരികയും കലാപം ആരംഭിക്കുകയും ചെയ്യുന്നു. ഈ സവിശേഷത കുറ്റപത്രത്തിൽ എവിടെയും പരാമർശിക്കുന്നില്ലെന്നത് കൗതുകകരമാണ്. ഈ ഘട്ടത്തിലാണ് അനുരാഗ് താക്കൂർ, കപിൽ മിശ്ര, പ്രവേശ് വർമ തുടങ്ങിയവരുടെ പ്രകോപനപരമായ പ്രസ്താവനകൾ. സി.എ.എ പ്രക്ഷോഭകരുടെ നേർക്ക് രണ്ട് തവണ വെടിവെപ്പുണ്ടാകുന്നതും ഈ സമയത്താണ്. ഫെബ്രുവരി 23 ന് കപിൽ മിശ്രയും രാഗിണി തിവാരിയും വടക്കുകിഴക്കൻ ദൽഹിയിൽ പ്രത്യക്ഷപ്പെടുന്നതോടെയാണ് കലാപം പൊട്ടിപ്പുറപ്പെടുന്നതും. കലാപത്തിന് ഇരയായത് ഏത് സമുദായമാണെന്ന കാര്യം പോലും പോലീസ് പരിഗണിക്കുന്നില്ല.


സ്വാതന്ത്ര്യാനന്തര ഇന്ത്യ അനേകം ഹിന്ദു-മുസ്‌ലിം കലാപങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. വിഭജനാനന്തരമുണ്ടായ രാഷ്ട്രീയ, സാമൂഹിക സമവാക്യങ്ങൾ പലപ്പോഴും ഇത്തരം കലാപങ്ങൾക്ക് ഹേതുവായി. അത്തരം സാമൂഹിക സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ കാര്യപരിപാടിയിലെ പ്രധാന ഇനമായിരുന്നു വർഗീയ കലാപങ്ങൾ. കലാപങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നും അതിലൂടെ അധികാരം എങ്ങനെ നിലനിർത്താമെന്നുമുള്ളതിന്റെ ഏറ്റവും വലിയ പാഠമാണ് ഗുജറാത്ത്. ആ പരീക്ഷണശാലയിലെ ശാസ്ത്രജ്ഞരാണ് ഇന്ന് കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്നതെന്ന് മനസ്സിലാക്കുമ്പോൾ, ദൽഹി കലാപക്കേസിലെ കുറ്റപത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരണം ആവശ്യമില്ല. ദൽഹി പൗരത്വ പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന ബിൾക്കീസ് ബീവി, ടൈംസ് മാഗസിൻ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതും ഇക്കാലത്ത് തന്നെയെന്നത് പ്രത്യാശയോടെ കൂട്ടിവായിക്കാമെന്ന് മാത്രം.

Latest News