Sorry, you need to enable JavaScript to visit this website.

ദുരിതം സമ്മാനിക്കുന്ന കാർഷിക ബില്ല്

കർഷകരുടെ മനസ്സറിയാത്ത പുതിയ കാർഷിക ബില്ലിന് ലോക്‌സഭയും രാജ്യസഭയും അംഗീകാരം നൽകിയതോടെ രാജ്യത്തെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളും ഭരണ മുന്നണിയിലെ അകാലിദളുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയും മന്ത്രിയെ പിൻവലിച്ചുകൊണ്ടും എതിർപ്പ് പ്രകടിപ്പിച്ചിട്ടു പോലും കേന്ദ്ര സർക്കാർ ബില്ലുമായി മുമ്പോട്ടു പോയി എന്നത് ഖേദകരം തന്നെ. പഞ്ചാബ,് ഹരിയാന സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്.
കാർഷിക വില വിപണന വാണിജ്യ ബില്ല് എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ല് കർഷകരെ സഹായുക്കുന്നതിലും അപ്പുറം ദ്രോഹമാണ് വരുത്തിവെക്കുക. കാർഷിക വിളകളുടെ സംഭരണ വ്യവസ്ഥ ഇല്ലാതാവുകയും താങ്ങുവില സമ്പ്രദായത്തിന് കോട്ടം തട്ടുകയും ചെയ്യുന്നതിലേക്കാണ് പുതിയ ബില്ല് കർഷകരെ പതിയെ ചെന്നെത്തിക്കുക. കോർപറേറ്റ് ഭീമന്മാരുടെ ഇംഗിതങ്ങൾക്ക് മുമ്പിൽ കാർഷിക വിളകളുടെ ലാഭനഷ്ടങ്ങൾ ഞെരിഞ്ഞമരും. 


കൃഷി തുടങ്ങുന്നതിന് മുമ്പേ വിളകൾക്ക് വില പറഞ്ഞുറപ്പിച്ച് കൈക്കലാക്കാനും വിളവെടുപ്പിന് ശേഷം കരാർ അനുസരിച്ചുള്ള തുകയെക്കാളേറെ വിളവ് ലഭിക്കുകയും ചെയ്താൽ തിരിച്ചു കർഷകന് അധികമായി ഒന്നും നൽകാൻ ബില്ല് ശുപാർശ ചെയ്യുന്നില്ല. മാത്രമല്ല, അത് മൂലം കർഷകർ ആത്മഹത്യയിലേക്ക് ചെന്നെത്തുകയും  ചെയ്യും. 
ഒരു വർഷം മുതൽ അഞ്ചു വർഷം വരെ കാലാവധിയിൽ ഇത്തരത്തിൽ കരാറുകളുണ്ടാക്കാനുള്ള സൗകര്യം കോർപറേറ്റുകൾക്ക് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രാദേശിക ചന്തകളും സംഭരണ കേന്ദ്രങ്ങളും ഇല്ലാതാവും. സാധാരണക്കാരായ ചെറുകിട കച്ചവടക്കാർ കർഷകരിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങി കച്ചവടം ചെയ്തുപോന്നിരുന്ന രീതി പാടെ ഇല്ലാതാവും. 
ഗ്രാമ ചന്തകൾ ധാരാളമായി ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വലിയ തോതിലുള്ള ചൂഷണങ്ങൾക്ക് വഴിയൊരുക്കും.


നിലവിൽ കാർഷിക വിളകളുടെ വിൽപനയും വിതരണവും നടത്തുന്നത് സംസ്ഥാനങ്ങൾക്ക് കീഴിലുള്ള അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയാണ്. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇടനിലക്കാർ മൊത്തക്കച്ചവടക്കാർ എന്നിവരിൽ നിന്നും കർഷകർ കബളിപ്പിക്കപ്പെടുന്നില്ലെന്ന് കൃത്യമായി വീക്ഷിക്കൽ. സാധനങ്ങൾക്കുള്ള ന്യായവില ഉറപ്പു വരുത്തൽ തുടങ്ങിയവ എല്ലാം ഈ കമ്മിറ്റിയുടെ അധികാര പരിധിയിൽ പെട്ടതാണ്. എന്നാൽ പുതിയ ബില്ല് പ്രകാരം എല്ലാവർക്കും നേരിട്ട് വിളകൾ വാങ്ങിക്കാൻ കഴിയുന്നു. അത് വഴി കുത്തക ഭീമന്മാർക്ക് ഉൽപന്നങ്ങൾ മൊത്തമായി സംഭരിക്കാനുള്ള വഴി തുറക്കുന്നു. 


വിൽക്കൽ വാങ്ങലുകൾ കുത്തകകൾക്ക് നിയന്ത്രിക്കാൻ കഴിയുന്നു. വിപണിയിൽ വിലക്കയറ്റം ഉണ്ടാകുകയും അവർ നിശ്ചയിക്കുന്ന വിലക്ക് നമ്മൾ ഉൽപന്നങ്ങൾ വാങ്ങാൻ നിർബന്ധിതരാവുകയും ചെയ്യും. ആർക്കും എവിടെനിന്നും വിളകൾ വാങ്ങാനാവും. സംസ്ഥാനങ്ങൾക്കും എവിടെനിന്ന് വേണമെങ്കിലും ഉൽപന്നങ്ങൾ വാങ്ങിക്കാനാവും. ഏതെങ്കിലും നിലക്ക് ഒരു വിധത്തിലുള്ള തീരുവകളും ഈടാക്കുവാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകുന്നില്ല. ഇതുമൂലം കോർപറേറ്റുകൾക്ക് വിപണിയിൽ അധികമായി ഇടപെടാൻ സാധിക്കുന്നു. 


അവശ്യ വസ്തുക്കളുടെ പട്ടികയിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ പലതും ഒഴിവാക്കി. ഇത് തന്നെ ഈ ബില്ല് കർഷകർക്ക് മാത്രമല്ല, എല്ലാവർക്കും അസ്വസ്ഥകൾ വരുത്തിവെക്കും. ഭക്ഷ്യധാന്യങ്ങൾ പയർ വർഗങ്ങൾ ഭക്ഷ്യ എണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ പട്ടികക്ക് പുറത്താണ്. യുദ്ധം, ക്ഷാമം, അസാധാരണമായ വിലക്കയറ്റം, പ്രകൃതി ദുരന്തം എന്നീ സാഹചര്യങ്ങളിൽ അല്ലാതെ ഈ ഉൽപന്നങ്ങളുടെ വിതരണം ഒരു നിലക്കും നിയന്ത്രിക്കാൻ പാടില്ലെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തിവെപ്പിലേക്കും വിലക്കയറ്റത്തിലേക്കുമാണ് ചെന്നെത്തിക്കുക. 


സാധാരണ നിലയിൽ വിളവെടുപ്പ് കാലത്ത് വില തുലോം തുഛമാവുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ സമയത്ത് യഥേഷ്ടം ഉൽപന്നങ്ങൾ ശേഖരിച്ചു വെച്ച് സീസണല്ലാത്ത കാലത്ത് വില വർധിക്കുമ്പോൾ വിൽക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് നമ്മുടെ കമ്പോളം അറിയാതെ ചെന്നെത്തുകയും രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ തന്മൂലം അങ്ങേയറ്റത്തെ വിലക്കയറ്റം കൊണ്ട് അസഹ്യമായി പൊറുതിമുട്ടുകയും ചെയ്യും.

Latest News