Sorry, you need to enable JavaScript to visit this website.

എസ്.പി.ബി അന്തരിച്ചു

ചെന്നൈ- പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എം.ജി.എം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ 1946 ജൂൺ 4നാണ് എസ്.പി.ബി. ജനിച്ചത്. പിതാവ് എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ഗായിക എസ്. പി. ഷൈലജ സഹോദരിയാണ്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്.പി.ബി. ഒരു എൻജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്‌സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്‌കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം. എസ്. പി. കോദണ്ഡപാണി, ഗണ്ടശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം 'നിലവെ എന്നിടം നെരുങ്കാതെ' ആയിരുന്നു. മുതിർന്ന പിന്നണി ഗായകനായിരുന്ന പി.ബി. ശ്രീനിവാസ് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ അദ്ദേഹത്തിന് ഗാനങ്ങൾ എഴുതി നൽകാറുണ്ടായിരുന്നു. 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത്. പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. നാൽപതിനായിരത്തോളം പാട്ടുകളാണ് അദ്ദേഹം പാടിയത്. നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റി. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് എസ്.പി.ബിക്കാണ്. 
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. എസ്.പി.ബി. ചരൺ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി.
 

Latest News