Sorry, you need to enable JavaScript to visit this website.
Thursday , October   29, 2020
Thursday , October   29, 2020

കല്യാണഭാരം പേറുന്ന ഗൾഫുകാർ

വിദേശത്ത് ഒരു കൗൺസലിംഗ് ക്ലാസ് കഴിഞ്ഞപ്പോൾ ഒരാൾ അടുത്തെത്തി. 'സാറ് പറഞ്ഞത് എന്നെപ്പറ്റിയാണല്ലേ?' ഞാനയാളെ നോക്കി. അയാളെനിക്ക് അപരിചിതനായിരുന്നു. അയാൾ പറഞ്ഞു: 'പേടിക്കണ്ട. സാറിന് പരിചയമില്ലാത്ത ആളാ. എന്റെ കഥയാ സാർ പറഞ്ഞത്. കല്യാണം കഴിപ്പിക്കൽ മാത്രം ജീവിത നിയോഗമായി മാറിയ ആളുകളെപ്പറ്റി പറഞ്ഞില്ലേ? അത്തരമൊരു ഗൾഫുകാരൻ. ഇരുപത്തൊന്നാം വയസ്സിൽ തുടങ്ങിയതാ. ഇപ്പോഴെനിക്ക് 43 വയസ്സായി. ഏഴ് കല്യാണങ്ങളാ ഞാൻ നടത്തിച്ചുകൊടുത്തിട്ടുള്ളത്. ഇനി എന്റെ പെൺമക്കളുടെയും കല്യാണം കഴിപ്പിക്കണം. 
കല്യാണം കഴിപ്പിക്കൽ മുഖ്യ ജീവിതലക്ഷ്യവും ഉത്തരവാദിത്വവുമായി മാറിയ ഗൾഫുകാരെക്കുറിച്ചായിരുന്നു പറഞ്ഞത്. ഒരു കല്യാണം നടത്തിപ്പുകഴിഞ്ഞാൽ മറ്റൊന്ന്. അത് കഴിഞ്ഞാൽ അടുത്തത്. ജീവിതം മുഴുക്കെ കല്യാണം നടത്തിപ്പായി മാറിയ ഹതഭാഗ്യന്മാരുടെ കഥയും, അതിനിടയിൽ അവർക്ക് നഷ്ടപ്പെടുന്ന ജീവിതവുമാണ് ഞാൻ വിവരിച്ചത്. ചിലരത് സന്തോഷത്തോടെ ചെയ്യുന്നു. ചിലർക്കത് ഭാരമാണ്, സ്വകാര്യദുഃഖമാണ് അയാൾ എന്റെ കൈവിരലുകളമർത്തി പറഞ്ഞു. 'എന്റെ കാര്യത്തിൽ ഈ കല്യാണ നടത്തിപ്പ് സന്തോഷവും വേദനയുമാണ് ട്ടോ'. അയാൾ വിശദീകരിച്ചു: ഇരുപതാം വയസ്സിൽ ഗൾഫിലേക്ക് വന്നു. അയാൾക്ക് മുമ്പെ പിറന്ന രണ്ട് ചേച്ചിമാരെ വിവാഹം കഴിപ്പിക്കലായിരുന്നു ആദ്യ പദ്ധതി. വന്നതുതൊട്ട്, അതിന് കാശുണ്ടാക്കലായിരുന്നു പ്രധാന ലക്ഷ്യം. അവരുടെ വിവാഹം കഴിഞ്ഞപ്പോൾ ഉപ്പയുടെ അനിയന്റെ മകളുടെ, അമ്മാവന്റെ മകളുടെ. പിന്നെ മൂന്ന് അനിയത്തിമാരുടെ. അതിനിടയ്ക്ക് അയാളുടെ കല്യാണം കഴിഞ്ഞു. ആദ്യം പിറന്ന രണ്ടുപേരും പെൺകുട്ടികൾ. ഇപ്പോൾ, അവരും വിവാഹപ്രായമെത്തി നിൽക്കുന്നു. അയാൾ ചിരിയോടെ പറഞ്ഞു: 'എന്റെ പെൺമക്കളെ കല്യാണം നടന്ന് കഴിയുമ്പോഴേക്ക് ആരുടെയെങ്കിലും കല്യാണം എന്നെത്തേടിയെത്താതിരിക്കില്ലല്ലോ സാർ?'
ഗൾഫിൽ ജോലിക്കായി കുടിയേറിയവരുടെ മീതെയുള്ള രണ്ട് പ്രധാന പ്രതീക്ഷകളാണ് പെൺമക്കളുടെ വിവാഹവും വീടുവെപ്പും. ഗൾഫിലേക്കിവരെ പറഞ്ഞ് തള്ളിയതുതന്നെ പ്രധാനമായും ഇക്കാര്യങ്ങൾക്കാവും. വീടുണ്ടാക്കലോ പുതുക്കിപ്പണിയലോ പലരുടേയും മുൻഗണന നൽകേണ്ട കാര്യങ്ങളിൽ രണ്ടാമത്തേതാവും. പെൺകുട്ടികളുടെ വിവാഹം തന്നെയാണ് അവർക്ക് നീട്ടിവെക്കാനാവാത്ത ഉത്തരവാദിത്വമായി മാറുന്നത്. ഒഴിവു കഴിവുകളോ സ്വന്തം സാമ്പത്തികാവസ്ഥയോ മറ്റുള്ളവരുടെ മുന്നിൽ നിരത്താൻ കഴിയുന്നില്ല. ഗൾഫുകാരൻ ഇതൊക്കെ ഒരു മായാജാലക്കാരനെപ്പോലെ ചെയ്യാനാവുന്നയാളാണ് പലർക്കും. ഗൾഫുകാരന്റെ ജോലിയെന്തെന്നോ, എന്ത് മാസം കിട്ടുന്നുവെന്നോ ആരും പരിഗണിക്കാറില്ല. ഗൾഫുകാരനെ മനസ്സിൽ കണ്ടാണ് പലരും ഒരു പെൺകുട്ടിയുടെ കല്യാണം എങ്ങനെ കഴിക്കണമെന്ന് തീരുമാനിക്കുന്നത്. അവരറിയിക്കുന്നു: 'അമ്പത് പവൻ പണ്ടമെങ്കിലും കൊടുക്കണ്ടേ? നാലഞ്ച് പവൻ ഇവിടെനിന്ന് ഒത്തേക്കും. ബാക്കി നീ അവിടുന്ന് വരുമ്പോൾ കൊണ്ടുവരുമല്ലോ?' ഗൾഫുകാരന്റെ കണ്ണ് തുറിച്ചുപോകുന്നു. പലപ്പോഴും അഭിമാനം കാത്തുസൂക്ഷിക്കാനാണ് ഭർത്താവിന്റെ വീട്ടുകാർപോലും ആവശ്യപ്പെടാത്ത തൂക്കം പൊന്ന് കണക്കാക്കുന്നത്. നാട്ടിൽനിന്ന് ഗൾഫുകാരൻ പലകുറി കേട്ടിരിക്കും: 'ഇക്കാലത്ത് പത്തറുപത് പവൻ പൊന്നില്ലാതെ ഒരു പെൺകുട്ടിയെ എങ്ങനെയാ പറഞ്ഞുവിടുക? നീയവിടെയുള്ളത് മാത്രമാണ് ഏക ആശ്വാസം'. ഗൾഫുകാരന്റെ മനസ്സിൽ തീക്കാറ്റും വിതറുന്നു. വസ്ത്രമെടുക്കുമ്പോഴും മണിയറയൊരുക്കുമ്പോഴും അറിയിപ്പ് വന്നിരിക്കും: 'അവൾക്ക് നല്ല നാലഞ്ച് സാരികളും നാലഞ്ച് ചുരിദാറും വേണ്ടേ? ഞങ്ങൾ കോയമ്പത്തൂരിൽ പോയി ഇതൊക്കെ വാങ്ങാമെന്ന് കരുതി! 'അവിടെയവസാനിച്ചാൽ മതിയായിരുന്നു. ഗൾഫുകാരൻ വീണ്ടും കേൾക്കുന്നു: 'നീ ഉടനെ കാശയച്ചാൽ ഡ്രസ്സൊക്കെ നേരത്തെയെടുത്തുവെക്കാമായിരുന്നു. ഓരോന്നോരോന്ന് കഴിഞ്ഞുകിട്ടിയാൽ അത്രയ്ക്ക് ആശ്വാസമായല്ലോ...' നാട്ടുകാരുടെ ആശ്വാസത്തിന് ഗൾഫുകാരനൊഴുക്കുന്ന വിയർപ്പും ഉറങ്ങാത്ത രാവുകളും എത്രയേറെയെന്ന് മറ്റാരുമറിയുന്നില്ലെന്ന് മാത്രം.
തന്നിൽ മാത്രം വെച്ചുപുലർത്തുന്ന പ്രതീക്ഷ കടൽനാഗമായി അയാൾക്കടുത്തേക്ക് അറബിക്കടൽ കടന്നു വരുന്നു. ചിലപ്പോൾ കല്യാണക്കത്ത് അച്ചടിക്കാനുള്ള കാർഡുപോലും ഗൾഫിൽനിന്നയച്ച് കൊടുക്കണം: 'നല്ല കാർഡ് ഇവിടെ കിട്ടാനില്ല. ഏതായാലും ആരെങ്കിലും വരുമ്പോൾ നീയൊരു ആയിരം കാർഡുകൾ അയക്കുമല്ലോ. അച്ചടിക്കാനവിടെനിന്ന് വിഷമമാണെങ്കിൽ അത് സാരമില്ല. ഇവിടുന്ന് ചെയ്യിപ്പിച്ചോളാം'. അപ്പോൾ ഗൾഫുകാരൻ പറഞ്ഞുപോകുന്നു. 'വേണ്ട, ഞാനതും അച്ചടിപ്പിച്ച് കവറിലിട്ട് പേരെഴുതി അങ്ങോട്ടെത്തിക്കാം എന്താ?' കല്യാണം നടത്താനൊരു വകയും വീട്ടിലില്ല. മറ്റാരും നൽകാനുമില്ല. പക്ഷേ, ആയിരമാളുകളെ ക്ഷണിക്കുന്നത് തിരിച്ചറിഞ്ഞ് ഗൾഫുകാരൻ വിറങ്ങലിച്ചുപോകുന്നു. 'കല്യാണമടുക്കുമ്പോൾ പൊന്നാര പെങ്ങൾ ഫോണിൽ പറയും: 'ഇക്കാക്കക്ക് വരാനാവില്ലെങ്കിലും, ഇക്കാക്ക കല്യാണ നടത്തിപ്പിനുള്ള ചെലവ് എത്രയും നേരത്തെ അയച്ചുതരുമല്ലോ. സാധനങ്ങളൊക്കെ വാങ്ങിവെക്കാലോ?'
ഗൾഫുകാരനെ ഓരോ ആവശ്യങ്ങൾ തേടിയെത്തുമ്പോൾ വാങ്ങുന്നത് കടമായിരിക്കും. കടം വാങ്ങി വാങ്ങി ഊർദ്ധശ്വാസം വലിച്ചുപോകുന്നു. കടം വീട്ടാൻ കുറിയിൽ ചേർന്നിരിക്കും. കമ്പനിയിൽനിന്നോ മുതലാളിയിൽനിന്നോ അഡ്വാൻസ് വാങ്ങിയിരിക്കും. ഒരു ജന്മംകൊണ്ട്, വീട്ടിത്തീർക്കാനാവാത്ത കടങ്ങളുമായാണ് ഗൾഫുകാരൻ കല്യാണക്കെണിയിൽ മുങ്ങിത്താഴുന്നത്. വസ്ത്രത്തിലും ആഭരണത്തിലും ഭക്ഷണത്തിലുമൊക്കെ പലരും ധൂർത്ത് കാണിക്കുന്നത് സ്വന്തം കയ്യിലെ കാശുകൊണ്ടല്ല, ഗൾഫുകാരുടെ കണ്ണീരുകൊണ്ടാണ്.
ഒരു വിവാഹ കേന്ദ്രീകൃത സമൂഹമായി പരിണമിച്ചിരിക്കുന്നു കേരളം. മക്കളെ ജനിപ്പിക്കുന്നതുതന്നെ അവരെ പഠിപ്പിച്ച് വലുതാക്കി 'ഒരു വഴിക്ക് പറഞ്ഞയക്കാനാണ്' എന്ന് പലരും കരുതുന്നുവെന്നാണ് തോന്നുക. പഠിപ്പിക്കുന്നത് നല്ല വരനേയോ വധുവിനേയോ കിട്ടാൻ. വീടെടുക്കുന്നത് മക്കളുടെ കല്യാണം കേമമായി നടത്താൻ. വീട് നന്നായാൽ മകന് നല്ല പെണ്ണിനെ കിട്ടും. അല്ലെങ്കിൽ മകൾക്ക് നല്ല ചെക്കനെ കിട്ടും. വീട്ടിൽ മുറികളെടുക്കുന്നത് മക്കളുടെ കെട്ട് കഴിഞ്ഞാൽ ജീവിതപങ്കാളിക്കൊപ്പം കഴിയാൻ. കാർഷെഡ് വലുപ്പും കൂട്ടി കാത്തിരിക്കുന്നത് മകളുടെ കല്യാണം കഴിഞ്ഞാൽ കെട്ടിയോൻ വരുമ്പോൾ കാർ വെയിലത്തിടാതിരിക്കാൻ. പിതാവ് രാപകൽ തൊഴിലെടുക്കുന്നത്, നാല് കാശ് സമ്പാദിക്കുന്നത്, കുറിയിൽ ചേരുന്നത്, ജോലി കൂടാതെ ഏതെങ്കിലും ബിസിനസ്സിൽ കാശ് നിക്ഷേപിക്കുന്നത് എന്നുതുടങ്ങി ജീവശ്വാസം നീട്ടിയകത്തേക്ക് വലിച്ചെടുക്കുന്നതും വിടുന്നതും മക്കളുടെ കല്യാണത്തിന്! വിവാഹക്കെണി ഏറ്റവുമേറെ ബാധിക്കുന്നത്, ചിലപ്പോൾ തളർത്തുകയോ തകർക്കുകയോ ചെയ്യുന്നത് ഗൾഫുകാരനെയാണ്. ഗൾഫുകാരന് കാലം കനിഞ്ഞുകൊടുക്കുന്ന തലവിധിയാണ് സഹോദരങ്ങളുടേയും മരുമക്കളുടേയും മക്കളുടേയുമൊക്കെ കല്യാണം നടത്തൽ. കുടുംബത്തിനകത്തും പുറത്തുമുള്ളവരുടെ കല്യാണങ്ങൾ ഒരു തുടരൻ മെഗാസീരിയലായി മാറുമ്പോൾ ചിലർ അവരുടെ ജീവിതം ബോധപൂർവ്വം മറക്കുന്നു. സ്വന്തം ആഗ്രഹങ്ങളോ സ്വപ്‌നമോ മരുപ്പറമ്പിലെ ചുടുകാറ്റിൽ നീരാവിയായിപ്പോകുന്നു. 
കുവൈത്തിൽനിന്നൊരിക്കൽ താഹിർ, ഇപ്പോൾ അമേരിക്കയിൽ, വിളിച്ചപ്പോൾ പറഞ്ഞത്: 'പെങ്ങന്മാരുടെ കല്യാണത്തിന്റെ ഭാരം ഒരാളിൽ കണ്ട് പലരും സഹായിച്ചു. കല്യാണം നടന്നു. അവരുടെ കല്യാണത്തിന്റെ വീഡിയോ കാസറ്റ് ഒരിക്കൽ കാണാനിടയായി. പണം പിരിച്ചുകൊടുത്ത കല്യാണമായിരുന്നു, പക്ഷേ പന്തലുണ്ടാക്കുന്നതിലോ വീഡിയോ എടുക്കുന്നതിലോ നാട്ടുകാരെ മുഴുവൻ വിളിച്ച് ബിരിയാണി കൊടുക്കുന്നതിലോ ഒരു കുറവും വരുത്തിയിട്ടില്ല. എന്നെ ഞെട്ടിച്ച കാര്യം, കല്യാണത്തലേന്ന് ആ വീട്ടുകാർ ഗംഭീരമായ പാട്ടുകച്ചേരിയും നടത്തിയിരുന്നു എന്നതാണ്'. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മറ്റുള്ളവരുടെ സഹായത്തോടെ കല്യാണം നടത്തുമ്പോഴും ആഘോഷത്തിനൊരു കുറവുമില്ല. മറ്റുള്ളവരുടെ കാശുകൊണ്ട് എന്റർടെയിൻമെന്റുണ്ടാക്കി കല്യാണത്തെ മാറ്റുന്നു. ഇവിടേയും പലപ്പോഴും ബലിയാടായിത്തീരുന്നത് പാവം ഗൾഫുകാർ! കൂട്ടുകാരുടേയോ റൂം മേറ്റിന്റേയോ സമ്മർദ്ദത്താൽ പല ഗൾഫുകാർക്കും അവരറിയാത്ത പെൺകുട്ടികളുടെ വിവാഹത്തിന് സംഭാവന നൽകാനിടവരുന്നു. അയാളും മനസ്സിൽ കരുതുന്നു: 'ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കാര്യല്ലേ?' പല ഗൾഫുകാരും സഹായം നൽകുന്നത് സമ്പന്നരായതുകൊണ്ടല്ല, സഹജാവബോധം കൊണ്ടാണ്. എന്നാൽ പല കല്യാണവും ഗൾഫുകാരുടെ സംഭാവനയാൽ ആഘോഷമാക്കി മാറ്റുന്നു. 
പ്രദർശന പരതയും അനുകരണവും തന്നെയാണ് കല്യാണാഘോഷങ്ങളുടെ പൊതു പ്രശ്‌നം. സമ്പന്നരല്ലാത്തവർക്ക് വ്യാജമായ ഒരു സാമൂഹികപദവി മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എളുപ്പമാർഗ്ഗം വീട്ടിലൊരു കല്യാണം കെങ്കേമമായി നടത്തുക എന്നതാണ്. പലരും മക്കളുടെ കല്യാണത്തിലൂടെ സാമൂഹിക പദവിമാറ്റം കാംക്ഷിക്കുന്നു. ചിലരെങ്കിലും നേടിയെടുക്കുന്നു. വിദ്യാഭ്യാസത്തിലോ തൊഴിലിലോ നൽകാത്ത പ്രാധാന്യം നൽകുന്നവരാണ് മുതിർന്നവർ. ഈയൊരു കാഴ്ചപ്പാടാണ് തകർക്കപ്പെടേണ്ടത്. ഗൾഫുകാർ തന്നെ ഇതിന് ശ്രമിക്കേണ്ടതുമാണ്. പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിന് പരമാവധി സഹായിക്കാം. പക്ഷേ ഇത്തരം കല്യാണങ്ങൾ ലളിതമായ വിധം നടത്താൻ ശക്തമായ ഇടപെടൽ ഗൾഫുകാർ നടത്തേണ്ടതുണ്ട്. കണിശമായും കല്യാണത്തിലെ പ്രദർശനപരതയും അമിതാഘോഷവും നിയന്ത്രണവിധേയമാക്കാൻ ഗൾഫുകാരൻ നിർബന്ധിക്കേണ്ടതുണ്ട്. ലളിതമായ ചടങ്ങുകളോടെ, അത്യാവശ്യത്തിനുള്ള ആളുകളെമാത്രം ക്ഷണിച്ച് കല്യാണം നടത്താൻ ഗൾഫുകാർ കല്പന നൽകേണ്ടതുണ്ട്. അന്നദാതാവാകയാൽ ആ കല്പന പൊതുവേ പാഴായിപ്പോകാനുമിടയില്ല. ഇതിന് പ്രധാനമായി ഇത്തരം ചടങ്ങുകൾ കഴിയാവുന്നത്ര ലളിതമാക്കാനാണ് ശ്രമിക്കേണ്ടത്. 
പെൺകുട്ടികളുടെ കല്യാണം നടത്താൻ ഒരു കണ്ണിയായ് ചേരുകയെന്നതോ, ഉത്തരവാദിത്വം പൂർണ്ണമായും തലയിലേറ്റണമെന്നതോ ചിലരുടെ നിയോഗമാണ്. അത് അവകാശമായി കണക്കാക്കുന്നു സാമ്പത്തികമായി ഭദ്രത നേടിയിട്ടുള്ള ചിലർ. വിവാഹം കേന്ദ്രീകരിച്ച് സാമൂഹിക ജീവിതത്തിന്റെ ഈണവും താളവും തീരുമാനിക്കുന്ന സമൂഹത്തിൽ പലർക്കും അതൊരു സാമൂഹിക ധർമ്മമാണ്. അതിൽനിന്ന് വിട്ടുനിൽക്കാൻ, ആകാവുന്ന സഹായം ചെയ്യാതിരിക്കൽ, ബന്ധങ്ങളിൽ മുറിപ്പാടുകളുണ്ടാവാനും കാരണമാക്കിയേക്കും. അതുകൊണ്ടുകൂടി ആകാവുന്ന സഹായം ഒഴിവാക്കേണ്ടതില്ല. ചിലർക്ക് ഭൗതികമായ മറ്റാവശ്യങ്ങൾ നിറവേറ്റുന്നതിലും പ്രധാനം കല്യാണം നടത്തിക്കൊടുക്കലാവും. എന്നാൽ ഈ കല്യാണങ്ങൾ ആഡംബരരഹിതമായിരിക്കാനും ലളിതമാക്കാനും നിർബന്ധബുദ്ധി വെച്ചുപുലർത്തുന്നതാണ് വിവേകം.

Latest News