Sorry, you need to enable JavaScript to visit this website.

തുടർച്ചയായ രണ്ടാം ദിവസവും  യു.എ.ഇയിൽ ആയിരത്തിലേറെ  കോവിഡ് കേസുകൾ

ദുബായ് - യു.എ.ഇയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 1002 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 942 പേർ രോഗമുക്തരായി. ഒരാൾ മരിച്ചു. മുൻദിവസത്തിൽ 1083 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. 970 ആയിരുന്നു രോഗമുക്തി നിരക്ക്. 93,618 പേർക്കാണ് പരിശോധന നടത്തിയതെന്ന് രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഇത് ലക്ഷത്തിൽ അധികമായിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,532 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 77,937 ഉം ആയി. ആകെ മരണസംഖ്യ 407. ചികിത്സയിലുള്ളവർ 10,188. മൂന്നാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. 


സെപ്റ്റംബർ 17നാണ് ആദ്യമായി കേസുകൾ ആയിരം കവിഞ്ഞത്. അന്ന് റിപ്പോർട്ട് ചെയ്തത് 1007 കേസുകൾ. ആഴ്ചകൾ പിന്നിടുമ്പോഴാണ് തുടർച്ചയായ ദിവസങ്ങളിൽ കേസുകൾ ആയിരം കടക്കുന്നത്. 
സുരക്ഷാ മാനദണ്ഡങ്ങൾ ഗൗനിക്കാത്തതാണ് രോഗികളുടെ എണ്ണം വർധിക്കാനുണ്ടായ സാഹചര്യമെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 


എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു. രോഗികൾ വർധിക്കാൻ കാരണം പാർട്ടികൾ, അനുശോചന പരിപാടികൾ തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ക്വാറന്റൈൻ പ്രോട്ടോകോൾ ലംഘിച്ചതു മൂലവുമാണെന്ന് വ്യക്തമായിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ മൊബൈൽ നമ്പർ വഴിയോ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഓഗസ്റ്റ് രണ്ടാം വാരം മുതൽ ഇതുവരെ രാജ്യത്തെ കേസുകളിൽ അഞ്ചു മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. കേസുകളിൽ വർധനയുണ്ടെങ്കിലും 0.5 ശതമാനം മാത്രമാണ് രാജ്യത്ത് കോവിഡ് ബാധ മൂലമുള്ള മരണനിരക്ക്. രോഗമുക്തി 90 ശതമാനമാണെന്നും ആരോഗ്യ,രോഗപ്രതിരോധ മന്ത്രാലയം വിശദമാക്കി. 

 

Latest News