'ബാങ്കി'ല്‍നിന്നൊരു കാള്‍, നഷ്ടമായത് 96,000 ദിര്‍ഹം

ഷാര്‍ജ- മൊബൈല്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് വന്‍ തുക തട്ടിയെടുത്ത കേസില്‍ ഒമ്പതംഗ സംഘം ഷാര്‍ജയില്‍ അറസ്റ്റില്‍. 96,000 ദിര്‍ഹം നഷ്ടപ്പെട്ടുവെന്ന് ഒരാള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 
ബാങ്ക് ജീവനക്കാരനെന്ന വ്യാജേനയാണ് പണം പിന്‍വലിക്കുന്നതിന് മുമ്പ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘം ഇരയെ വിളിച്ചതെന്ന് സെന്‍ട്രല്‍ റീജിയണല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഹമദ് അല്‍ റയാമി പറഞ്ഞു. തുടര്‍ച്ചയായി എസ്.എം.എസ് അയച്ചും ഫോണ്‍ വിളിച്ചും അക്കൗണ്ട് അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ തടയുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. 
നിരവധി മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും രസീറ്റുകളും പ്രതികളില്‍നിന്ന് കണ്ടെടുത്തതായി ഷാര്‍ജ പോലീസ് പറഞ്ഞു. വ്യാജ സന്ദേശങ്ങളിലും മറ്റും വഞ്ചിതരാകരുതെന്നും സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു. ഉപയോക്താക്കളുടെ ബാങ്കിംഗ് വിശദാശംങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ എസ്.എം.എസ്, ഇ-മെയില്‍, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ ബാങ്കുകള്‍ ആവശ്യപ്പെടാറില്ലെന്നും കേണല്‍ അല്‍റയാമി കൂട്ടിച്ചേര്‍ത്തു.

Latest News