മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനേയും സാറാ അലി ഖാനേയും ചോദ്യം ചെയ്യും

മുംബൈ- നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ബോളിവൂഡിലെ മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ താരങ്ങളായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിങ് എന്നിവര്‍ക്ക് സമന്‍സ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ദീപികയോട് വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. രകുല്‍ പ്രീത് സിങിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാറയേയും ശ്രദ്ധയേയും ശനിയാഴ്ചയും ഫാഷന്‍ ഡിസൈനര്‍ സിമോനി ഖംബട്ടയെ നാളേയും ചോദ്യം ചെയ്യുമെന്ന് എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്ന ബോളിവുഡിലെ ഒന്നാം നിര താരങ്ങളാണിവര്‍. സുശാന്തിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് താരങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗത്തിലേക്ക് അന്വേഷണം നീണ്ടത്.
 

Latest News