Sorry, you need to enable JavaScript to visit this website.

കോവിഡ് ലക്ക്‌

മൽബു വലിയ ആഹ്ലാദത്തിലാണ്. രണ്ടു കാരണങ്ങളുണ്ട്. 
മൽബിയുടെ പ്രാർഥനകളുടേയും അവളുടെ ബാപ്പയുടെ നേർച്ചകളുടേയും ഫലം.
പനി ഗുളികയും കരിഞ്ചീരകവും ചുക്കുവെള്ളവും കൊണ്ട് കോവിഡിനെതിരെ നടത്തിയ പോരാട്ടത്തിൽ മൽബു വിജയിച്ചിരിക്കുന്നു. മരുന്നല്ല, ധൈര്യവും ആത്മവിശ്വാസവുമാണ് ഇതിന് വേണ്ടതെന്നാണ് ഫോണിൽ വിവരങ്ങൾ അന്വേഷിക്കുന്നവരോടൊക്കെ മൽബു പറയുന്നത്. 


രോഗങ്ങൾ ചിലപ്പോൾ ഭാഗ്യം കൂടി കൊണ്ടുവരുമെന്ന വിശ്വാസക്കാരനാണ് മൽബു. ജീവിതത്തിൽ അങ്ങനെ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. 
നേരിട്ട ചില പ്രയാസങ്ങൾക്കു ശേഷം അവിശ്വസനീയമായ അനുഗ്രഹങ്ങൾ പിറകെ വന്നു.
ഇതിനൊക്കെ പിന്നിൽ തന്റെ പ്രാർഥനകളാണെന്ന് മൽബിയും അതല്ല തന്റെ നേർച്ചകളാണെന്ന് അമ്മോശൻ അഥവാ അവളുടെ ബാപ്പയും പറഞ്ഞു പരത്തുന്നുണ്ട്. അതിലൊന്നും വിഷമിക്കാനില്ല. നല്ല കാര്യങ്ങളാണല്ലോ പറയുന്നത്. പ്രാർഥനയുടെ മഹത്വം.


ഇപ്പോൾ തന്നെ മൽബുവിന്റെ കോവിഡ് ഭേദമാകാൻ യതീംഖാനയിലെ കുട്ടികൾക്ക് തേങ്ങാച്ചോറാണ് നേർന്നിരിക്കുന്നത്. അനാഥക്കുട്ടികൾക്ക് ചോറ് നൽകാൻ പോകുമ്പോൾ ഐസ്‌ക്രീമും ചോക്കളേറ്റുകളും കൂടി കൊണ്ടുപോകണമെന്ന് ശട്ടം കെട്ടിയിരിക്കയാണ് മൽബു. അത് മൽബുവിന് ലഭിച്ചിരിക്കുന്ന രണ്ടാമത്തെ സന്തോഷത്തിന്റെ വകയാണ്.
ഈ രണ്ടാമത്തെ ഭാഗ്യത്തെ കുറിച്ച് മൽബിയോടും ബാപ്പയോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ പിന്നെ അതിന്റെ വിശദാംശങ്ങളെല്ലാം പറയേണ്ടിവരും. കൃത്യമായി അറിഞ്ഞ ശേഷം പറയാം.
മൽബുവിന് തന്നെയും സൂചന കിട്ടിയതേയുള്ളൂ. എന്താണ്, എത്രയാണ് എന്നൊന്നും മാനേജർ പറഞ്ഞിട്ടില്ല. സാമ്പത്തികമായി ഇത്തിരി മെച്ചമുണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്. 
പ്രൊമോഷനാണോ ക്ലാസ് മാറ്റമാണോ എന്നൊന്നും പറഞ്ഞില്ല. 
മാനേജർ നേരിട്ട് വിളിച്ചു പറഞ്ഞതാണ്.
കോവിഡ് വിവരങ്ങൾ അറിയാൻ വിളിച്ചതായിരുന്നു. അപ്പോഴാണ് എന്താ മൽബൂ, സമ്പത്തികമായി എന്തേലും ഉയർച്ചയൊക്കെ വേണ്ടേ എന്നു ചോദിച്ചത്. കോവിഡ് മാറി ഓഫീസിലെത്തിയാൽ തന്നെ വന്ന് കാണണമെന്നും പറഞ്ഞു.


എന്താ കാര്യമെന്ന് ഫോണിൽ ചോദിക്കാൻ മൽബുവിന്റെ നാവോളം വന്നതായിരുന്നു. നാട്ടുകാരനും സ്‌നേഹസമ്പന്നനുമൊക്കെ ആണെങ്കിലും വലയി കണിശക്കാരനാണ്. പത്ത് നാൽപതിനായിരം റിയാൽ മാസ ശമ്പളം വാങ്ങുന്ന ഒരു മാനേജർക്ക് അങ്ങനെ ചില കണിശതകളൊക്കെ വേണം.
എന്തേലുമുണ്ടെങ്കിൽ ഇങ്ങോട്ട് പറയും. അങ്ങോട്ട് പോയി അന്വേഷിക്കാൻ പാടില്ല. കുറച്ചു ദിവസം അങ്ങേരും ഓഫീസിൽ വന്നിരുന്നില്ല. കോവിഡായിരുന്നുവെന്ന് കേട്ടിരുന്നു. നമ്മുടെ ഹമീദ് കഞ്ഞിയും ചുക്കുവെള്ളവും ഉണ്ടാക്കി ഫഌറ്റിന്റെ ഡോറിൽ കൊണ്ടുവെച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.
കോവിഡ് മാറി ഓഫീസിലെത്തിയ ആദ്യ ദിവസം തന്നെ മൽബു മാനേജറെ കാണാൻ പോയി.
കോവിഡ് വന്ന ശേഷം തടി ഒന്നൂടി ഉഷാറായോ?


മാനേജറുടെ ചോദ്യത്തിനു മുന്നിൽ മൽബു പുഞ്ചിരിച്ചു.
ഇരിക്കാനൊക്കെ പറഞ്ഞ് വലിയ സ്വീകരണമാണ് ലഭിച്ചത്. മൽബുവിനാണെങ്കിൽ കാര്യമറിയാനുള്ള ധൃതിയും. പ്രൊമോഷനായാൽ രക്ഷപ്പെട്ടു. ഇൻക്രിമെന്റ് കൊണ്ട് വലിയ കാര്യമില്ല. സ്ഥാനക്കയറ്റമാകുമ്പോൾ ക്ലാസ് മാറി ബേസിക് സാലറിയിൽ തന്നെ നല്ല മാറ്റമുണ്ടാകും.
ഞാൻ വരാൻ പറഞ്ഞത് മൽബുവിന് സാമ്പത്തികമായി മാറ്റമുണ്ടാക്കുന്ന കാര്യം സംസാരിക്കാനാണ്.
യെസ് സാർ.


പലതരം സ്‌കീമുകളുണ്ട്. ഇപ്പോൾ ചേർന്നാൽ നല്ല ഓഫറുമുണ്ട്. മൽബു ഒന്നും അറിയണ്ട. എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു തരാം. 
വെറും 5000 രൂപ നിക്ഷേപിച്ചാൽ ദിവസം 112 രൂപ മുതൽ 200 രൂപ വരെ അക്കൗണ്ടിൽ ക്രെഡിറ്റാകും. ആഴ്ചയിൽ 562.50 മുതൽ ആയിരം രൂപ വരെ കിട്ടും.
ഒരു ചാർട്ട് മുന്നിൽ വെച്ചുകൊണ്ട് മാനേജർ പറഞ്ഞു.
പ്ലാൻ എച്ച് നോക്കൂ. പത്ത് ലക്ഷമാണ് നിക്ഷേപിക്കേണ്ടത്. ദിവസം 22,500 രൂപ മുതൽ 40,000 രൂപ വരെ ലഭിക്കും. ആഴ്ചയിൽ രണ്ട് ലക്ഷം രൂപ വരെ. മുടക്കിയ പത്ത് ലക്ഷം കിട്ടാൻ വെറും അഞ്ചാഴ്ച മതി. എൻട്രി എടുക്കാൻ ഇതിലും നല്ലൊരു ഓഫർ ഇനി കിട്ടാനില്ല.
ശമ്പള വർധന പ്രതീക്ഷിച്ചു വന്ന മൽബുവിന് മാനേജർ ഇക്കാര്യം പറഞ്ഞപ്പോൾ വലിയ പുതുമ തോന്നിയില്ല. 
കാരണം ഇതിപ്പോൾ പ്രവാസികൾക്കിടയിൽ ഒരു കെണിയായി മാറിയിട്ടുണ്ട്. 


നാൽപതിനായിരം റിയാൽ മാസം ശമ്പളം കിട്ടുന്ന ഇയാളും ഇതിൽ പെട്ടല്ലോ എന്നോർത്താണ് മൽബു അത്ഭുതപ്പെട്ടത്. 
ആദ്യം കുറച്ചു പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൃത്യമായി പണം വന്നാലും ഇത് പൊളിയുമെന്നും ക്രമേണ, ഇവരൊക്കെ മുങ്ങുമെന്നുമുള്ള കാര്യം ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാകുന്ന ഉഡായിപ്പ്. അരലക്ഷം പോകുന്നെങ്കിൽ പോട്ടെ എന്നു കരുതി ചേർന്ന പ്രവാസികൾ അക്കൗണ്ടിലേക്ക് പണം വന്നു തുടങ്ങിയതോടെ ബാക്കിയുള്ളത് കൂടി അയച്ചു കൊടുക്കുകയാണ്. ഇ-കൊമേഴ്‌സ്, ക്രിപ്‌റ്റോ കോയിൻ എന്നൊക്കെയാണ് വിശ്വസിപ്പിക്കുന്നത്.


മാനജേറിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്നായി മൽബുവിന്റെ ചിന്ത. 
അയാളുടെ മട്ടും ഭാവവും കണ്ടപ്പോൾ തൽക്കാലം ചേരാനുള്ള പണം കടമായി നൽകാം എന്നുവരെ പറഞ്ഞു കളയും. മൽബുവിന്റെ കാഞ്ഞ ബുദ്ധി പ്രവർത്തിച്ചു. 
സാറേ ഞാനിതിൽ ചേർന്നിട്ട് രണ്ടാഴ്ചയായി. ഇതിനു ശേഷമാ എനിക്ക് കൊറോണ വന്നത്.
ഓഹോ.. ആരുടെ കീഴിലാ ചേർന്നത്?
അത് നാട്ടിലെ ഒരാളാ.. ഞാനും ഇപ്പോ ആളുകളെ ചേർക്കാൻ നോക്കാണ്. 
എത്ര പേരെ ചേർത്തു ?
നാലു പേരായി.. ഒട്ടും പരുങ്ങാതെ മറുപടി.
മൽബു ചേർന്നിട്ടൊന്നുമില്ലാട്ടോ.. ചേർക്കാൻ ഓൺലൈനായും അല്ലാതെയും പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

Latest News