വ്യോമ നിയന്ത്രണം നീക്കുന്നത് വാക്‌സിന്‍ എത്തിയ ശേഷം മാത്രം- കുവൈത്ത്

കുവൈത്ത് സിറ്റി- കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് വാക്‌സിന്‍ സജ്ജമായ ശേഷമേ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയുള്ളൂവെന്ന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി. എയര്‍പോര്‍ട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗിയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റ ഭാഗമായി പ്രവര്‍ത്തിക്കുന്ന നിര്‍വാഹക സമിതിയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിച്ചു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിക്കുന്നതിനു പുതിയ മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നത്. അതോടൊപ്പം വാണിജ്യ വിമാനങ്ങളിലെ സാങ്കേതിക ജീവനക്കാരെ14 ദിവസത്തെ ഹോം ക്വാറന്റൈനില്‍നിന്നു ഒഴിവാക്കുന്നതിനും വിമാനത്തിലെ മറ്റു അംഗങ്ങള്‍ക്ക് പ്രത്യേക കോവിഡ് പരിശോധന നടത്തുന്നതിനും സമിതി നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. 

Latest News