42 സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കോവിഡ്,  സീരിയലുകളുടെ ചിത്രീകരണം പ്രതിസന്ധിയില്‍

കോട്ടയം-കോവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചിരിക്കുന്ന മേഖലയാണ് സിനിമ സീരിയല്‍ മേഖല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം സീരിയല്‍ ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളോടെ സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയാണ്. സീരിയല്‍ ലൊക്കേഷനുകളിലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. പ്രധാന താരങ്ങള്‍ക്കടക്കമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
 

Latest News