Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്കിടയിലെ ഉദ്ഘാടന മാമാങ്കങ്ങൾ

പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ തെരഞ്ഞെടുപ്പു വരണമെന്നത് ജനങ്ങളുടെ ദുര്യോഗമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും നാട്ടിൻപുറങ്ങളിലെ അടിസ്ഥാന മേഖലകളിലുണ്ട്. പദ്ധതി പൂർത്തിയായ ശേഷവും രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ പ്രവർത്തനം തുടങ്ങാത്ത പദ്ധതികളുമുണ്ട്. ജനങ്ങൾക്ക് വികസനം അവരുടെ നിത്യജീവിതത്തിൽ പ്രയോജനപ്പെടാനുള്ളതാകണം. ഒരു തറക്കല്ലിടലിലോ പണി പൂർത്തിയാകാത്ത കെട്ടിടത്തിലോ അത് ഒതുങ്ങരുത്. സാങ്കേതികമായ തടസ്സവാദങ്ങൾ പലതുമുണ്ടാകഴം. അതിനെയെല്ലാം മറികടക്കാനുള്ള ഇഛാശക്തിയാണ് ഭരിക്കുന്നവർക്ക് വേണ്ടത്. 

തെരഞ്ഞെടുപ്പുകൾ എത്തുകയാണ്. അതിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. നാട്ടിൽ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കാണ്. തറക്കല്ലിടലിന്റെ ഉദ്ഘാടനം. കെട്ടിടങ്ങളുടെ ഉദ്ഘാടനം. കാലമെത്ര പോലായും ഭരിക്കുന്നവർ ആരായാലും ഈ രീതികളിൽ മാറ്റമില്ല. തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ ചൂണ്ടിക്കാട്ടാൻ കുറെ തറക്കല്ലുകളെങ്കിലും വേണം. 
വികസനത്തിൽ രാഷ്ട്രീയമില്ലെന്നത് പാടിപ്പതിഞ്ഞ പാട്ടാണ്. എന്നാൽ രാഷ്ട്രീയം നോക്കാതെ വികസനം നടത്തിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് പാർട്ടികളുടെ തിരിച്ചറിവ്. അതുകൊണ്ടു തന്നെ ഭരണപക്ഷ അംഗങ്ങളുടെ പ്രദേശത്ത് കൂടുതൽ തറക്കല്ലിടലുകൾ ഇടുകയെന്നതാണ് രീതി. പ്രതിപക്ഷമാണെങ്കിൽ തിരിഞ്ഞു നോക്കരുത്. 
പഞ്ചായത്താണെങ്കിൽ ഭരിക്കുന്ന മുന്നണിയുടെ അംഗത്തിന്റെ വാർഡ്, നിയമസഭയാണെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ മണ്ഡലം. അവിടെയാണ് വികസനം കൂടുതലുണ്ടാകുക. പ്രതിപക്ഷത്തിന് ഒന്നും കൊടുക്കരുത്. എന്നാലേ അവരെ കഴിവുകെട്ടവരെന്ന് വിളിക്കാനാകൂ. പദ്ധതി അനുവദിക്കുന്നതിലും ഫണ്ട് കൊടുക്കുന്നതിലും ഈ രാഷ്ട്രീയമുണ്ട്. ജനങ്ങൾക്ക് എന്ത് കിട്ടി എന്നതൊന്നും പ്രശ്‌നമല്ല. പൊതുഫണ്ട് ഉപയോഗിച്ചാണെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ മെച്ചം നമുക്ക് കിട്ടണം. പാർട്ടി ഏതായാലും.
തെരഞ്ഞെടുപ്പുകളിൽ എതിരാളികളെ വീഴ്ത്താനുള്ള തന്ത്രമാണ് വികസന മന്ത്രം. രാഷ്ട്രീയമായ ആരോപണങ്ങൾ എത്ര വന്നാലും അതിനെ ഒരു തറക്കല്ലുകൊണ്ട് പ്രതിരോധിക്കും. തെരഞ്ഞെടുപ്പിന് ശേഷം ആ തറക്കല്ലിന് എന്ത് സംഭവിക്കുന്നുവെന്നത് കാലപ്പഴക്കമുള്ള ചോദ്യമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായി കത്തിനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉദ്ഘാടനങ്ങൾ ഏറെ നടക്കുന്നത്. ആരോപണങ്ങളുടെ നടുവിൽ നിൽക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ മലബാർ മേഖലയിൽ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കാണ്. നിർമാണം നടക്കുന്നവ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനുള്ള തിരക്ക്. അതോടൊപ്പം അടുത്ത ഘട്ടത്തിന്റെ തറക്കല്ലിടൽ ഉദ്ഘാടനങ്ങളും. ആരോപണങ്ങളെ ഉദ്ഘാടനം കൊണ്ട് ചെറുക്കാനാണ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
സ്വർണക്കടത്ത് കേസിന് പിന്നാലെ മന്ത്രി കെ.ടി ജീലിലിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വികസനത്തിന്റെ പ്രഘോഷണം തുടങ്ങിയിട്ടുണ്ട്. രണ്ടു കൊല്ലമായി ദേശീയതയിൽ ഗതാഗത പ്രശ്്‌നമായി നിൽക്കുന്ന എടപ്പാൾ ടൗണിലെ മേൽപാല നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സർക്കാർ നടത്തിക്കഴിഞ്ഞു. ഡിസംബറിൽ അതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ആ പ്രഖ്യാപനം യാഥാർഥ്യമാകുകയാണെങ്കിൽ മന്ത്രി ജലീലിനെ ചൊല്ലിയുണ്ടായ വിവാദം ദേശീയ പാത യാത്രക്കാർക്കെങ്കിലും ഗുണകരമാകും. വിവാദമുണ്ടായിരുന്നില്ലെങ്കിൽ മേൽപാലത്തോടുള്ള നിലപാടെന്താണെന്നത് അചിന്ത്യം.
കോവിഡ് വ്യാപനം നടക്കുന്നതിനാൽ ഉദ്ഘാടനങ്ങൾക്ക് അവധി നൽകാൻ ഈ ഘട്ടത്തിൽ ഭരിക്കുന്നവർക്ക് കഴിയില്ല. തെരഞ്ഞെടുപ്പിൽ കോവിഡിന്റെ കാര്യം മാത്രം പറഞ്ഞ് പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ട് എല്ലാ ഉദ്ഘാടനങ്ങളും വീഡിയോ കോൺഫറൻസിലാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ തിരുവനന്തപുരത്ത് ഇരുന്ന് വീഡിയോയിലൂടെ ഉദ്ഘാടന പ്രഖ്യാപനം നടത്തും. പദ്ധതി പ്രദേശത്ത് എം.എൽ.എയോ പഞ്ചായത്ത് പ്രസിഡന്റോ ശിലാഫലകം സ്ഥാപിക്കും. കോവിഡ് പ്രോട്ടോകോൾ കാരണം കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനാവില്ല. അതിനാൽ പന്തൽ വേണ്ട. കസേരകൾ വേണ്ട. ചെലവു കുറവാണ്. വീഡിയോ കോൺഫറൻസ് വഴി എത്ര നേതാക്കളെ വേണമെങ്കിലും പങ്കെടുപ്പിക്കാം.
പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ തെരഞ്ഞെടുപ്പു വരണമെന്നത് ജനങ്ങളുടെ ദുര്യോഗമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും നാട്ടിൻപുറങ്ങളിലെ അടിസ്ഥാന മേഖലകളിലുണ്ട്. പദ്ധതി പൂർത്തിയായ ശേഷവും രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ പ്രവർത്തനം തുടങ്ങാത്ത പദ്ധതികളുമുണ്ട്. ജനങ്ങൾക്ക് വികസനം അവരുടെ നിത്യജീവിതത്തിൽ പ്രയോജനപ്പെടാനുള്ളതാകണം. 
ഒരു തറക്കല്ലിടലിലോ പണി പൂർത്തിയാകാത്ത കെട്ടിടത്തിലോ അത് ഒതുങ്ങരുത്. സാങ്കേതികമായ തടസ്സവാദങ്ങൾ പലതുമുണ്ടാകം. അതിനെയെല്ലാം മറികടക്കാനുള്ള ഇഛാശക്തിയാണ് ഭരിക്കുന്നവർക്ക് വേണ്ടത്. അഞ്ചു വർഷത്തിൽ ഒരിക്കലെത്തുന്ന വികസന മാമാങ്കമെന്നത് പഴയ കാലത്തെ ശൈലിയാണ്. അതിവേഗത്തിന്റെ കാലത്ത് വികസനത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പിന്റെ ദൂരം കൂട്ടരുത്. 

Latest News