ദുബായ്- മിക്ക ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവാസികള്‍ മടങ്ങിയെത്താന്‍ തുടങ്ങിയതോടെ നാട്ടില്‍നിന്നുള്ള വിമാനക്കൂലിയില്‍ കുത്തനെ വര്‍ധന. വിമാനക്കമ്പനികള്‍ അമ്പത് ശതമാനം വരെ കൂടുതല്‍ നിരക്കാണ് വണ്‍വേക്ക് ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം സൗദി അതിര്‍ത്തികള്‍ തുറന്നതോടെ നാട്ടില്‍നിന്ന് വിവിധ സൗദി നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ട്രാവല്‍ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. നാല്‍പതിനായിരത്തിന് മുകളിലാണ് ശരാശരി ചാര്‍ജ്.
ഇന്ത്യയില്‍നിന്നുള്ള സാധാരണ വിമാനസര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകളാണ് ഇപ്പോള്‍ നടക്കുന്നത്. സൗദിയിലേക്കാകട്ടെ അതുമില്ല. തല്‍ക്കാലം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മാത്രമേ സാധ്യതയുള്ളു. ഈ അവസരം മുതലാക്കലാണ് ട്രാവല്‍ ഏജന്‍സികളുടെ ലക്ഷ്യം.
യു.എ.ഇ സെക്ടറിലേക്ക് കാര്യമായ വര്‍ധനയുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്.
ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് ഒരു വിമാനക്കമ്പനി 26,555 രൂപയും മറ്റൊരു വിമാനക്കമ്പനി 23,337 രൂപയുമാണു നിരക്കു കാണിക്കുന്നത്. മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങി കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള നിരക്കിലും വര്‍ധനയുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന്, ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു നേരത്തേയുള്ള ആശ്രയം. തുടര്‍ന്നു പല ഗള്‍ഫ് നാടുകളുമായി ‘എയര്‍ ബബ്ള്‍’ കരാര്‍ പ്രകാരം രാജ്യത്തു വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഈ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിലാണു വര്‍ധന. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഗള്‍ഫ് നാടുകള്‍ സജീവമായതോടെ നാട്ടില്‍നിന്നു മടങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.






