ഇന്ത്യക്കാരനെ തേടിപ്പോയി പിടിയിലായ മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ ഇന്ത്യക്കാരന്‍ അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെ ഭീകരരുടെ പിടിയിലായ 24-കാരിയായ പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക സീനത്ത് ശഹ്സാദിയെ രണ്ടു വര്‍ഷത്തിനുശേഷം മോചിപ്പിച്ചു.
സുരക്ഷാ ഏജന്‍സികളാണ് 2015-ല്‍ ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശത്രു ഏജന്‍സികളും രാജ്യേതര ശക്തികളും തട്ടിക്കൊണ്ടു പോയി അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ പാര്‍പ്പിച്ചതായിരുന്നുവെന്ന് മിസിംഗ് പേഴ്സണ്‍സ് കമ്മീഷന്‍ ചീഫ് ജസ്റ്റിസ് ജാവേദ് ഇഖ്ബാലിനെ ഉദ്ധരിച്ച് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലൂചിസ്ഥാനിലേയും ഖൈബര്‍ പഖ്തുണ്‍ ക്വയിലേയും ഗോത്ര നേതാക്കളുടെ സഹായത്തോടെ ബുധനാഴ്ചയാണ് സീനത്തിനെ ഭീകകരുടെ പിടിയില്‍നിന്ന് മോചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നു കാണാതായ ഇന്ത്യന്‍ പൗരന്‍ ഹാമിദ് നിഹാല്‍ അന്‍സാരിക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സീനത്ത്. അന്‍സാരിയുടെ മാതാവ് ഫൗസിയക്കു വേണ്ടി പാക് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിനു തൊട്ടുപിറകെയാണ് സീനത്തിനെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ അപ്രത്യക്ഷമാകലിനു മൂന്ന് മാസങ്ങള്‍ക്കു ശേഷം അന്‍സാരിയെ ചാരവൃത്തി ആരോപിച്ച് മൂന്ന് വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു.
 സുരക്ഷാ ഏജന്‍സികള്‍ ബലംപ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയതായി സീനത്ത് തന്റെ കുടുംബത്തെ അറിയിച്ചിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തക ഹിന ജിലാനി 2016-ല്‍ പറഞ്ഞിരുന്നു. അന്‍സാരിയെ കുറിച്ചറിയാന്‍ സീനത്തിനെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്തതായും ഇവര്‍ വെളിപ്പെടുത്തിരുന്നു. സീനത്തിന്റെ അപ്രത്യക്ഷമാകലിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ സഹോദരന്‍ സദ്ദാം ഹുസൈന്‍ 2016-ല്‍ ആത്മഹത്യ ചെയ്തിരുന്നു.
സീനത്ത് മോചിപ്പിക്കപ്പെട്ടതില്‍ അതീവ സന്തുഷ്ടയാണ് താനെന്ന് മുംബൈയിലുള്ള അന്‍സാരിയുടെ മാതാവ് ഫൗസി പ്രതികരിച്ചു. തന്റെ മകനേക്കാള്‍ ആദ്യം സീനത്ത് മോചിപ്പിക്കപ്പെടണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അതു നടന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
 
 

Latest News