മസ്‌കത്ത്- ഓള്‍ഡ് മസ്‌കത്ത് വിമാനത്താവളത്തിലെ ഫീല്‍ഡ് ആശുപത്രിയില്‍ കോവിഡിനായി 6,000 ചതുരശ്ര മീറ്ററില്‍ 312 ബെഡുകള്‍ സജ്ജമായി. സുപ്രീം കമ്മിറ്റി അംഗവും ആഭ്യന്തര മന്ത്രിയുമായ സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘം ആശുപതിയില്‍ പരിശോധന നടത്തി. സെപ്റ്റംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി വ്യക്തമാക്കി. നൂറു ബെഡുകളോടെയാണ് ആശുപത്രി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. 30 ഡോക്ടര്‍മാരും 115 നഴ്‌സുമാരും ഏഴ് ടെക്‌നീഷ്യന്മാരും ആശുപത്രിയിലുണ്ടാകും.
ഒമാനില്‍ തിങ്കളാഴ്ച 576 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 94,051 ആയി. 363 പേര്‍ക്ക് കൂടി രോഗം ഭേദമായി. 85,781 പേരാണ് ഇതുവരെ രോഗമുക്തരായത്. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 853 ആയി. 69 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 551 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.