അബുദാബി- സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. അധ്യാപകര്‍, ജീവനക്കാര്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നതില്‍ മുന്‍ഗണന ലഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുത്തിവയ്പ്പ് എടുക്കുന്നവര്‍ സെപ്റ്റംബര്‍ 24നകം രജിസ്റ്റര്‍ ചെയ്യണം.
കഴിഞ്ഞയാഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കിയത്. ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് ആണ് ആദ്യത്തെ ഡോസ് സ്വീകരിച്ചത്. ചൈനീസ് മരുന്നുനിര്‍മാണ കമ്പനി സിനോഫാം, അബുദാബി ആരോഗ്യവകുപ്പ്, അബുദാബി ജി 42 ഹെല്‍ത്ത്‌കെയര്‍ എന്നിവരുടെ സംയുക്ത സംരംഭത്തിലാണ് വാക്‌സിന്‍ പരീക്ഷണം മുമ്പോട്ടു പോകുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ 125 രാഷ്ട്രങ്ങളില്‍നിന്നുള്ള 31000 പേര്‍ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. ആറാഴ്ചയിലാണ് ഇത്രയും പേര്‍ കുത്തിവയ്‌പ്പെടുത്തത്. മറ്റേതു വാക്‌സിനെയും പോലെ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഇതിനുള്ളൂവെന്നും പരീക്ഷണം വിജയകരമാണെന്നും അധികൃതര്‍ പറയുന്നു.
ജൂലൈ 16നാണ് അബുദാബിയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചത്. ബഹ്‌റൈന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍കൂടി ഇതേ വാക്‌സിന്റെ പരീക്ഷണം നടക്കുന്നുണ്ട്.






