പോയത് നാട്ടിലേക്ക്, റിസ്‌വാനെ ജയിലിൽ കണ്ടെത്തി

റിയാദ്- കഴിഞ്ഞ ബുധനാഴ്ച എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കണ്ണൂരിലേക്ക് പോകാനായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തലശ്ശേരി സ്വദേശി എയർപോർട്ട് ജയിലിൽ. അഞ്ചു വർഷം മുമ്പ് ദമാമിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ചാർജ് ചെയ്യപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി എ.കെ റിസ്‌വാൻ  എയർപോർട്ടിൽ പിടിയിലായത്. 
12.30ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബോർഡിംഗ് പാസെടുത്ത് രാത്രിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുമെന്ന് ഭാര്യയോട് വിളിച്ചുപറഞ്ഞതാണ്. പക്ഷേ പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. റിയാദിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണൂരിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കൾക്ക് ലഭ്യമായ വിവരം. കഴിഞ്ഞ നാലു ദിവസമായി ബന്ധുക്കൾ ഇദ്ദേഹത്തിനായി അന്വേഷണത്തിലായിരുന്നു. തുടർന്ന് സഹോദരൻ നാട്ടിൽ നിന്ന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയെ വിളിച്ചറിയിക്കുകയായിരുന്നു. റഫീഖ് ജവാസാത്തിൽ രേഖകൾ പരിശോധിച്ചപ്പോൾ റിസ്‌വാൻ സൗദിയിലുണ്ടെന്ന് വ്യക്തമായി. തുടരന്ന് എയർപോർട്ട് പോലീസിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ജയിലിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ബന്ധുക്കളുമായി സംസാരിച്ചു. കേസ് ദമാമിലായതിനാൽ ദമാം കോടതിയിൽ ഹാജറാക്കി കേസ് നടപടികൾ പൂർത്തിയായ ശേഷം തർഹീൽ വഴി ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാവും. അഞ്ചു വർഷം മുമ്പ് ദമാമിൽ ജോലി ചെയ്തപ്പോഴാണ് കേസിലകപ്പെട്ടത്. എന്നാൽ പിന്നീട് ഫൈനൽ എക്‌സിറ്റിൽ പോയി ഒമാനിൽ രണ്ടു വർഷം ജോലി ചെയ്ത് പുതിയ വിസയിൽ രണ്ടു വർഷം മുമ്പ് റിയാദിലെത്തിയതായിരുന്നു റിസ് വാൻ.
 

Latest News