അപൂര്‍വ ഇനം പക്ഷിയെ അബുദാബിയില്‍ കണ്ടെത്തി

അബുദാബി- ലോകത്തിലെ തന്നെ അത്യപൂര്‍വ ഇനത്തില്‍പെട്ട ഒരിനം പക്ഷിയെ അബുദാബിയില്‍ കണ്ടെത്തി. എമിറേറ്റ്‌സ് ബര്‍ഡ് റെക്കോര്‍ഡ്‌സ് കമ്മിറ്റി (ഇ.ബി.ആര്‍.സി) അംഗങ്ങളായ രണ്ട് യു.എ.ഇ പക്ഷിനിരീക്ഷകരാണ് സ്റ്റെപ്പി വിംബ്രല്‍ (ഒരിനം തെറ്റിക്കൊക്ക്) എന്നറിയപ്പെടുന്ന പക്ഷിയെ കണ്ടെത്തിയത്. ഇവ ലോകത്തില്‍ ഏകദേശം 100 എണ്ണം മാത്രമേയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. ഓസ്‌കാര്‍ കാംപ്‌ബെല്‍, സൈമണ്‍ ലോയ്ഡ് എന്നിവരാണ് സഅദിയ്യാത്ത് ബീച്ച് ഗോള്‍ഫ് കോഴ്‌സില്‍ സ്റ്റെപ്പിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ശരത്കാല പലായനത്തിന്റെ ഭാഗമായാണ് ഈ പക്ഷി അബുദാബിയില്‍ എത്തിയതെന്നാണ് സൂചന.
സാധാരാണയായി കാണാറുള്ള തെറ്റിക്കൊക്കന്‍ എന്ന പക്ഷിയുടെ അപൂര്‍വ ഇനമാണ് സ്റ്റെപ്പി വിംബ്രല്‍. വസന്തം, ശരത്കാലങ്ങളിലാണ് ഇവ യു.എ.ഇയിലൂടെ സഞ്ചരിക്കാറ്. അബുദാബിയില്‍ കാണപ്പെട്ട പക്ഷി ഈ വര്‍ഷം വിരിഞ്ഞതാണെന്ന് വിശ്വസിക്കുന്നു.
സഅദിയ ബീച്ചിലെ 20 കൊക്കുകളെ കുറിച്ചുള്ള പഠനത്തിനിടെയാണ്  വെളുത്ത ചിറകുളുള്ള ഒരിനം പക്ഷിയെ കാണുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ഇതിന് മറ്റുള്ളവയില്‍നിന്നും തീര്‍ത്തും വ്യത്യസ്തയുണ്ടെന്ന് മനസ്സിലായി -കാംപ്‌ബെല്ലും ലോയ്ഡും യു.എ.ഇ ഔദ്യോഗിക ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. പക്ഷിയുടെ ഫോട്ടോ ലോകപ്രശസ്ത പക്ഷിനിരീക്ഷകനായ ഗാരി ആള്‍പോര്‍ട്ടിനെ കാണിച്ചപ്പോള്‍ അദ്ദേഹം ഇരുവരുടെയും കണ്ടെത്തല്‍ ശരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപൂര്‍വ നേട്ടത്തില്‍ സഅദിയ്യാത്ത് ബീച്ച് ഗോള്‍ഫ് കോഴ്‌സ് മാനേജ്‌മെന്റും സന്തോഷത്തിലാണ്.

 

Latest News