Sorry, you need to enable JavaScript to visit this website.

ഭജ്ജി, റയ്‌ന, മലിംഗ... ആബ്‌സന്റ് ഇലവൻ

അസാന്നിധ്യം കൊണ്ട് ഈ സീസണിലെ ഐ.പി.എല്ലിൽ ശ്രദ്ധേയരാവുന്ന ചിലരുണ്ട്. അവരിൽ പ്രമുഖരാണ് ഹർഭജൻ സിംഗും സുരേഷ് റയ്‌നയും ലസിത് മലിംഗയും. ചെന്നൈയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലന ക്യാമ്പ് മുതൽ ഹർഭജൻ വിട്ടുനിൽക്കുകയാണ്. എ്ന്നാൽ ചെന്നൈയിലെ ക്യാമ്പിൽ പങ്കെടുത്ത റയ്‌ന യു.എ.ഇയിലെത്തിയ ശേഷമാണ് പിന്മാറിയത്. ഹർഭജന്റേതിനേക്കാൾ റയ്‌നയുടെ അഭാവമാണ് ചെന്നൈയെ കാര്യമായി ബാധിക്കുക. ലസിത് മലിംഗ വിട്ടുനിൽക്കുന്നത് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും ക്ഷീണമാണ്. പിതാവിന് അസുഖമായതിനാലാണ് മലിംഗ ശ്രീലങ്കയിൽ തന്നെ തങ്ങുന്നത്. ലസിത് മലിംഗയുടെ പരിചയ സമ്പത്ത് പ്രധാനമാണെങ്കിലും നിരവധി മുൻനിര ബൗളർമാർ മുംബൈ ടീമിലുണ്ട് 
സുരേഷ് റയ്‌നക്കു പിന്നാലെ ഹർഭജൻ സിംഗും പിന്മാറിയതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഐ.പി.എൽ ഒരുക്കം അവതാളത്തിലായിരുന്നു. ചെന്നൈയിലെ ആറു ദിവസത്തെ പരിശീലന ക്യാമ്പിൽ ഹർഭജൻ പങ്കെടുത്തിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനൊപ്പം യു.എ.ഇയിലേക്ക് യാത്ര തിരിച്ചിരുന്നുമില്ല. ഓഗസ്റ്റ് 21 നാണ് മറ്റു കളിക്കാർ യു.എ.ഇയിലെത്തിയത്. ഹർഭജൻ ഈ മാസം ഒന്നിന് യു.എ.ഇയിലെത്തുമെന്നായിരുന്നു അന്ന് ക്ലബ് അറിയിച്ചത്. പിന്നീട് ഹർഭജനിൽ നിന്ന് ഒരു വിവരവും ഉണ്ടായില്ല. അവസാന നിമിഷമാണ് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്ന് ചെന്നൈ ടീമധികൃതരെ അറിയിച്ചത്.  


ടൂർണമെന്റിൽ നിന്ന് പിന്മാറുന്ന കളിക്കാരനെ കൊറോണയുടെ സാഹചര്യത്തിൽ വീണ്ടും ടീമിനൊപ്പം ചേരാൻ ഐ.പി.എൽ അധികൃതർ അനുവദിക്കില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടവേളയെടുക്കാനാണ് തന്റെ തീരുമാനമെന്നും സ്വകാര്യത എല്ലാവരും മാനിക്കണമെന്നും ഹർഭജൻ അഭ്യർഥിച്ചു. ഹർഭജന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹത്തിനും കുടുംബത്തിനും നന്മ നേരുന്നതായും ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥൻ അറിയിച്ചു. 
വിട്ടുനിൽക്കൽ തീരുമാനത്തോട് അനുകൂലമായാണ് ചെന്നൈ ടീം പ്രതികരിച്ചതെന്ന് നാൽപതുകാരൻ പറഞ്ഞു. ഇപ്പോൾ എന്റെ ശ്രദ്ധ കുടുംബത്തിലാണ്, എങ്കിലും മനസ്സ് യു.എ.ഇയിലുണ്ടാവും. ടീം മറ്റൊരു മികച്ച സീസൺ പൂർത്തിയാക്കുമെന്ന് ഉറപ്പുണ്ടെന്നും ഹർഭജൻ പറഞ്ഞു. 


രണ്ട് കളിക്കാരുൾപ്പെടെ ചെന്നൈ സംഘത്തിലെ 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചതാണ് ആശങ്ക പടർത്തിയത്. 
ഐ.പി.എല്ലിലെ പരിചയ സമ്പന്നനായ കളിക്കാരനാണ് ഹർഭജൻ. വിക്ക്റ്റ്‌കൊയ്ത്തിൽ മൂന്നാം സ്ഥാനത്താണ്. 2017 ലെ സീസണിനൊടുവിൽ മുംബൈ ഇന്ത്യൻസ് ഹർഭജനെ ഒഴിവാക്കുകയായിരുന്നു. ചെന്നൈ നാൽപതുകാരനെ ഏറ്റെടുത്തു. 2018 ൽ ചാമ്പ്യന്മാരായ ചെന്നൈ ടീമിൽ അംഗമായിരുന്നു. 2019 ൽ ചെന്നൈ ഫൈനലിലെത്തിയപ്പോഴും ഹർഭജന്റെ പ്രകടനം നിർണായകമായി. വിക്കറ്റെടുക്കുന്നതിനേക്കാൾ റൺസ് പിശുക്കുന്നതാണ് ഹർഭജന്റെ കഴിവ്. ഹർഭജനു പുറമെ കേദാർ ജാദവിന്റെ പാർട് ടൈം ബൗളിംഗ് മാത്രമാണ് ചെന്നൈ ടീമിൽ അവശേഷിച്ച ഏക ഓഫ്‌സ്പിൻ സാധ്യത. എന്നാൽ മറ്റു സ്പിന്നർമാരായി രവീന്ദ്ര ജദേജ, പിയൂഷ് ചൗള, കരൺ ശർമ, ഇംറാൻ താഹിർ, മിച്ചൽ സാന്റ്‌നർ എന്നിവരുണ്ട്. 2018 ലെ ക്വാളിഫയറിൽ ഹർഭജൻ ടീമിലുണ്ടായിട്ടും ഒരോവർ എറിയാൻ പോലും ധോണി സ്പിന്നറെ വിളിച്ചിരുന്നില്ല. 


തുടക്കം മുതൽ ചെന്നൈയുടെ മൂന്നാം നമ്പറിൽ സ്ഥിരപ്രതിഷ്ഠയാണ് റയ്‌ന. പത്തു വർഷമായി ചെന്നൈ ടീമിനൊപ്പമുള്ള റയ്‌നക്ക് ആകെ നഷ്ടപ്പെട്ടത് ഒരു മത്സരമാണ്. ആദ്യ കാലത്ത് സ്പിന്നർമാരെയും പെയ്‌സർമാരെയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന റയ്‌ന ഇപ്പോൾ പഴയ ഫോമിലല്ല. മഹാരാഷ്ട്രയുടെയും ഇന്ത്യ എ-യുടെയും ബാറ്റ്‌സ്മാൻ റിതുരാജ് ഗെയ്ക്‌വാദിനെയാണ് റയ്‌നക്കു പകരക്കാരനായി ചെന്നൈ കണ്ടുവെച്ചത്. മാർച്ചിൽ ലോക്ഡൗണിന് മുമ്പ് ചെന്നൈയിൽ നടത്തിയ ക്യാമ്പിൽ ക്യാപ്റ്റൻ എം.എസ് ധോണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ കളിക്കാരനാണ് റിതുരാജ്. എന്നാൽ കോവിഡ് ബാധിച്ച യുവ താരം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അമ്പാട്ടി രായുഡുവിന് അവസരം ലഭിച്ചേക്കും. ഷെയ്ൻ വാട്‌സനും ഫാഫ് ഡുപ്ലെസിയും തന്നെയാവും ടീമിന്റെ ഓപണർമാർ. രവീന്ദ്ര ജദേജ, സാം കറൺ തുടങ്ങിയവരെ വൺഡൗണായി ഇറക്കി പരീക്ഷിക്കാനും ചെന്നൈ ശ്രമിച്ചേക്കും. നാലു തവണ വൺഡൗണായി ജദേജ കളിച്ചിട്ടുണ്ട്. എട്ട് ഇന്നിംഗ്‌സിൽ വൺ ഡൗണായി കളിച്ച പരിചയം സാം കറണിനുമുണ്ട്. കറൺ ഒരിക്കൽ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഇന്നിംഗ്‌സ് ഓപൺ ചെയ്തിട്ടുണ്ട്. 


മലിംഗക്കു പകരം വെക്കാൻ മുംബൈക്ക് നിരവധി പെയ്‌സർമാരുണ്ട്. മിച്ചൽ മക്‌ലനാഗൻ, ട്രെന്റ് ബൗൾട്, നാഥൻ കൂൾടർ നൈൽ, ധവാൽ കുൽക്കർണി തുടങ്ങി നിരവധി പേർ. എന്നാൽ പ്രധാന മത്സരങ്ങളിൽ മലിംഗക്കു സാധിക്കുന്നത് ഇവർക്കൊന്നും സാധിക്കണമെന്നില്ല. ഏറ്റവും പ്രയാസകരമായ ഓവറുകളാണ് മലിംഗ എറിയാറ്. തുടക്കത്തിലും ഒടുക്കത്തിലും. 
മലിംഗക്കു പകരം ജെയിംസ് പാറ്റിൻസനെ മുംബൈ ടീമിലെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരന് ഇത് ആദ്യ ഐ.പി.എല്ലായിരിക്കും. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. മുംബൈ ടീമിൽ ക്വിന്റൻ ഡികോക്കിനും കെരോൺ പോളാഡിനും സ്ഥാനമുറപ്പാണ്. അതിനാൽ മക്‌ലനാഗൻ, ബൗൾട്, കൂൾടർ നൈൽ, പാറ്റിൻസൻ എന്നിവരിൽ രണ്ടു പേർക്കു കൂടിയേ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കാനാവൂ. 


ഹർഭജനും റയ്‌നക്കും മലിംഗക്കും പുറമെ ഏതാനും പ്രമുഖർ കൂടി ഇത്തവണ വിട്ടുനിൽക്കുന്നുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഡെത്ത് ഓവർ ബൗളറായിരുന്ന ക്രിസ് വോക്‌സ് ഇത്തവണ എത്തിയിട്ടില്ല. ഇംഗ്ലണ്ട് ഓപണർ ജെയ്‌സൻ റോയ് ആണ് മറ്റൊരു പ്രമുഖൻ. ദൽഹി കാപിറ്റൽസിന്റെ പ്ലേയിംഗ് ഇലവനിലെത്താൻ റോയ് പ്രയാസപ്പെട്ടേനേ. 
ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ പെയ്‌സ്ബൗളർ കെയ്ൻ റിച്ചാഡ്‌സനും ഇത്തവണ വിട്ടുനിൽക്കുകയാണ്. പകരം ലെഗ്‌സ്പിന്നർ ആഡം സാംപയെയാണ് അവർ ടീമിലെടുത്തത്. മത്സരങ്ങൾ യു.എ.ഇയിലെ സ്പിൻ പിച്ചുകളിലാണെന്നത് പരിഗണിച്ചാണ് ഇത്. 
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹാരി ഗുർണി ചുമൽ വേദന കാരണമാണ് പിന്മാറിയത്. എന്നാൽ പാറ്റ് കമിൻസും ലോക്കീ ഫെർഗൂസനും കൊൽക്കത്ത ടീമിലുണ്ട്. 

 

Latest News